രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യ വിശ്വാസികളിൽ കടുത്ത ആശങ്കകളാണ് നിറച്ചിരിക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയ ഭൂമികയിൽ അടുത്തകാലങ്ങളിൽ ശക്തമായിരുന്ന ജാതിസ്വത്വ രാഷ്ട്രീയത്തിനെ കവച്ചുവച്ച് രക്ഷാകർതൃത്വ രാഷ്ട്രീയം ശക്തിപ്രാപിക്കുകയും നായകബിംബങ്ങൾ രാജവാഴ്ചകാലത്തെന്നപോലെ ഉയർന്നുവരികയും ചെയ്യുന്നതാണ് ജനാധിപത്യ വിശ്വാസികളിൽ ആശങ്കകൾ നിറയ്ക്കുന്നത്. ക്ഷേമപദ്ധതികൾ, ഭക്ഷണക്കിറ്റുകൾ, നേരിട്ടുള്ള പണം കെെമാറ്റം എന്നിവയിലൂടെ നായകബിംബങ്ങൾ ഉദാരമതി പരിവേഷം ആർജ്ജിച്ച് വോട്ട് നേടുമ്പോൾ രാഷ്ട്രത്തിന്റെ കാതലായ പ്രശ്നങ്ങൾ മുന്നോട്ടുവയ്ക്കുന്ന മതേതരകക്ഷികൾ വിസ്മരിക്കപ്പെടുന്നതായാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത്.
ഇതുകൂടി വായിക്കൂ: കോണ്‍ഗ്രസ് പുനസംഘടന;പൂര്‍ണ്ണ പ്രശ്നപരിഹാരം ആകുന്നില്ല
അപ്രസക്തമാകുന്ന മതേതര കക്ഷികളിൽ ഏറ്റവും പരിതാപകരമായ അവസ്ഥയിലെത്തി നിൽക്കുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസാണ്. സ്വാതന്ത്ര്യസമരകാലഘട്ടം മുതലുള്ള ദേശീയ പ്രസ്ഥാനത്തിന്റെയും ഗാന്ധിജി, നെഹ്രു, സർദാർ വല്ലഭായ് പട്ടേൽ തുടങ്ങിയ ഉന്നത നേതാക്കളുടെയും പാരമ്പര്യമുള്ള കോൺഗ്രസ് പാർട്ടി ആത്യന്തികമായി നിലനില്പിന്റെയും ഭാവിയുടെയും പ്രതിസന്ധിയെ നേരിടുകയാണ്. ഇന്ത്യയെപ്പോലെ വെെരുധ്യങ്ങളും സങ്കീർണമായ ഉൾപ്പിരിവുകളും ആന്തരികസംഘർഷവും ആഴവും പരപ്പുമുള്ള ഒരു രാഷ്ട്രത്തിന് അനുപൂരകമായ രാഷ്ട്രീയ പ്രസ്ഥാനമാണ് കോൺഗ്രസ് എന്ന രാഷ്ട്രീയ നിരീക്ഷകരുടെ അനുമാനങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ട്. കാരണം ഇത്രത്തോളം ശിഥിലമായിട്ടും രാജ്യത്തിന്റെ ഏത് കുഗ്രാമത്തിലും കോൺഗ്രസ് സാന്നിധ്യമുണ്ട്. ഇപ്പോഴും ഏകദേശം പതിനാലോളം സംസ്ഥാനങ്ങളിൽ ഇരുപത് ശതമാനത്തിലധികം വോട്ട് ഷെയറുള്ള ഒരേയൊരു പാർട്ടിയും കോൺഗ്രസാണ്. ആവിർഭവിച്ച കാലം മുതൽ ജനകീയ പോരാട്ടങ്ങൾക്ക് നേതൃത്വം നല്കുകയും ചമ്പാരൻ സത്യഗ്രഹം, ഉപ്പുസത്യാഗ്രഹം, ക്വിറ്റ്ഇന്ത്യാസമരം തുടങ്ങിയ ഐതിഹാസിക പ്രക്ഷോഭങ്ങളിലൂടെ സ്വാതന്ത്ര്യസമരത്തിന് നെടുനായകത്വം വഹിക്കുകയും ചെയ്ത കോൺഗ്രസ് ഇന്നീ നിലയിൽ എത്തിയതിന് പിന്നിൽ ഒട്ടേറെ കാരണങ്ങളുണ്ട്. പലതും നേതൃത്വത്തിന്റെ സ്വയം കൃതാനർത്ഥങ്ങളാണ്. സ്വാതന്ത്ര്യാനന്തരം കുറച്ചുകാലം കോൺഗ്രസ് ഗാന്ധിയൻ‑അംബേദ്കർ‑നെഹ്രുവിയൻ കാഴ്ചപ്പാടിലാണ് മുന്നോട്ടുപോയത്. ആ സമയം കോൺഗ്രസ് ഇന്ത്യൻ ബഹുസ്വരതയുടെ മുഖമായിരുന്നു. മത ഈശ്വര വിശ്വാസികൾക്കും നാസ്തികർക്കും വടക്ക് തെക്ക് ഭാഷാ ഭേദങ്ങളില്ലാതെ ഏത് ഇന്ത്യക്കാരനും കോൺഗ്രസ് കൊടിക്കീഴിൽ അണിനിരക്കാമായിരുന്നു. 1967 മുതൽ കുടുംബവാഴ്ചയിലേക്ക് നീങ്ങിത്തുടങ്ങുമ്പോഴാണ് കോൺഗ്രസിന് ദേശീയതലത്തിൽ സങ്കോചം സംഭവിച്ചുതുടങ്ങുന്നത്. ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടർന്നുള്ള സഹതാപതരംഗത്തിൽ രാജീവ്ഗാന്ധി അധികാരത്തിലെത്തുകയും ബൊഫോഴ്സ് കുംഭകോണത്തിൽ അദ്ദേഹത്തിന് അധികാരമില്ലാതാകുകയും ഭീകരാക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തതോടെയാണ് കോൺഗ്രസ് കുടുംബവാഴ്ചയുടെ കെടുതികൾ ആഴത്തിൽ അറിഞ്ഞുതുടങ്ങുന്നത്. പ്രണബ് കുമാർ മുഖർജി, ശരത് പവാർ തുടങ്ങിയ സാധ്യതകളെയെല്ലാം ഒഴിവാക്കി സോണിയാഗാന്ധി കടിഞ്ഞാൺ കെെക്കലാക്കുന്നതു മുതലാണ് കോൺഗ്രസിന്റെ അസ്തിവാരം ഇളകിത്തുടങ്ങുന്നത്. അവർ കാര്യപ്രാപ്തിയോ, ബുദ്ധിപരതയോ പ്രകടിപ്പിക്കാനാവാത്ത മക്കൾ രാഹുലിനെയും പ്രിയങ്കയെയും അവരോധിക്കാൻ നടത്തുന്ന വൃഥാശ്രമങ്ങളാണ് പാർട്ടിയെ ഇന്നീ നിലയിൽ എത്തിച്ചിരിക്കുന്നത്. അമേഠിയിൽ സ്മൃതി ഇറാനിയോട് പരാജയപ്പെട്ട രാഹുൽഗാന്ധിയുടെ രാഷ്ട്രീയഭാവി അന്നുതന്നെ നിർണയിക്കപ്പെട്ടിട്ടുള്ളതാണ്. കുടുംബവാഴ്ച എന്ന ഹെെക്കമാൻഡും കേരളത്തിന്റെ ദയാവായ്പുമാണ് രാഹുലിനെ രാഷ്ട്രീയത്തിൽ ഇപ്പോൾ നിലനിർത്തുന്നതെന്ന് പറയാം. പഞ്ചാബിൽ തീപാറുന്ന തെരഞ്ഞെടുപ്പ് പ്രചരണ പോരാട്ടം നടക്കുന്ന വേളയിൽ കോൺഗ്രസ് നിശ്ചയിച്ചിരുന്ന റാലിപോലും രാഹുൽഗാന്ധിയുടെ നിരുത്തരവാദപരമായ നിഷ്‌ക്രമിക്കൽമൂലം മാറ്റിവയ്ക്കേണ്ടിവന്നു. അതിന്റെയൊക്കെ വില പഞ്ചാബിൽ കോൺഗ്രസിന് നല്കേണ്ടിയും വന്നു.
ഇതുകൂടി വായിക്കൂ: തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്
രാഹുലിന്റെ നേതൃത്വം അംഗീകരിക്കേണ്ടെന്നാണ് ജി 23 നേതാക്കൾ തീരുമാനിച്ചിരിക്കുന്നത്. ജി 23ലെ പ്രബല നേതാവ് കപിൽ സിബൽ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ഗാന്ധി കുടുംബം മാറിനിൽക്കണമെന്നും പുറത്തുനിന്നുള്ളവർക്ക് അവസരം നല്കണമെന്നും ആവശ്യപ്പെടുന്നു. അപ്പോഴും പ്രവർത്തകസമിതി യോഗം ചേർന്ന് ഗാന്ധി കുടുംബത്തിലുള്ള വിശ്വാസം ആവർത്തിച്ചുറപ്പിക്കുകയാണ് ചെയ്യുന്നത്. പഴയ രാജകുടുംബങ്ങളിലെ ആശ്രിതന്മാർ രാജഭരണം പോയാലും തങ്ങളുടെ യജമാനന്മാരോട് കാട്ടുന്ന അടിമത്ത മനോഭാവം മാത്രമുള്ളവരെ പ്രവർത്തക സമിതികളിൽ ഉൾക്കൊള്ളിച്ചാൽ ഇതാകും ഫലം. രാജാവ് നഗ്നനാണെന്ന് അവർ ഒരിക്കലും തുറന്നുപറയില്ല. കോൺഗ്രസ് മുക്തഭാരതം എന്ന ജനാധിപത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കുന്ന ബിജെപിയെ പ്രതിരോധിക്കാനോ അവർക്ക് ബദലാകാനോ ഈ അവസ്ഥയിൽ കോൺഗ്രസിന് കഴിയില്ല. അഴിമതിയിലും കെടുകാര്യസ്ഥതയിലും രണ്ടാം യുപിഎ സർക്കാർ മുങ്ങിക്കുളിച്ചപ്പോൾ അതിനെതിരെ ഉയർന്നുവന്ന ജനവികാരത്തെ തന്ത്രപരമായും സംഘടനാശക്തികൊണ്ടും മറ്റ് പാർട്ടികൾ വോട്ടാക്കി മാറ്റിയപ്പോൾ കോൺഗ്രസ് നോക്കുകുത്തിയായി നിൽക്കുകയായിരുന്നു.
കോൺഗ്രസ് എന്തുകൊണ്ട് ഇങ്ങനെയായി എന്ന ചോദ്യത്തിന് നല്കാവുന്ന പ്രധാന ഉത്തരം ആ പ്രസ്ഥാനത്തിന് രാഷ്ട്രീയദർശനവും ഭാവനയും നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ്. കഴിവില്ലാത്ത മക്കളെ അധികാരത്തിന്റെ ഉന്നത ശ്രേണിയിൽ അവരോധിക്കാൻ ഗതകാലസ്മരണകളുടെ തള്ളിച്ചയിൽ ഒരു അമ്മ നടത്തുന്ന പാഴ്ശ്രമങ്ങൾ മാത്രമാണ് ആ പാർട്ടിയുടെ ഒരേയൊരു അജണ്ട. അതിനുപറ്റിയ കുറേ ഏറാൻമൂളികളെയും അവർ തനിക്ക് ചുറ്റും നിയോഗിച്ചിരിക്കുന്നു. കോൺഗ്രസിൽ നിന്ന് വ്യക്തികളുടെ ശബ്ദമാണ് ഇപ്പോൾ അധികവും കേൾക്കുന്നത്. ഗ്രൂപ്പുകളുടെ അതിപ്രസരം കാരണം ശ്രേണിബദ്ധമായ ആധികാരിക സ്വരം ഏതെന്ന് തിരിച്ചറിയാനുമാകുന്നില്ല. പല അഭിപ്രായങ്ങളും പല കോണുകളിൽ നിന്നുമുയരുമ്പോൾ പാർട്ടി നയമാണോ പ്രതികരണമാണോ എന്നുപോലും നിശ്ചയിക്കാനാവില്ല.
ഇതുകൂടി വായിക്കൂ: നന്നാവില്ലെന്നുറച്ച് കോണ്‍ഗ്രസ്
ഇന്ത്യയുടെ ഭൂമിശാസ്ത്രത്തെയും ജനവിഭാഗത്തെയും സംസ്കൃതിയെയും പ്രതിഫലിപ്പിക്കാൻ ഇപ്പോഴും കഴിയുന്ന കോൺഗ്രസ് ഒരു കുടുംബത്തിലേക്ക് ചുരുങ്ങേണ്ട പ്രസ്ഥാനമാണെന്ന് മതേതതര പുരോഗമന ചിന്താഗതിവച്ചുപുലർത്തുന്ന ഇതര രാഷ്ട്രീയ പ്രവർത്തകർ കരുതുന്നില്ല. കാരണം ഇന്ത്യ ഭരിക്കുന്ന ബിജെപി ഒരിക്കലും രാജ്യത്തിന്റെ സഞ്ചിത സംസ്കൃതിയുടെ മുഖമല്ല. അവരുടെ പ്രാതിനിധ്യം ഒരു വിഭാഗത്തിന്റെ വിശ്വാസ സംഹിതയിൽ മാത്രം ഒതുങ്ങുന്നതാണ്. ഇത്തരം ഫാസിസ്റ്റ് ചായ്‌വുകൾ നവീനഭാരതത്തിന് അനുഗുണമേയല്ല. ഇവിടെയാണ് കോൺഗ്രസ് പോലുള്ള ദേശീയ പ്രസ്ഥാനങ്ങളുടെ പ്രസക്തി. വ്യക്തമായ കാഴ്ചപ്പാടും ദർശനപരവും പ്രത്യയശാസ്ത്രപരവും നേതൃസംഘടനാപരവുമായ നവീകരണത്തിലൂടെയും മാത്രമേ കോൺഗ്രസിന് അതിന്റെ അടിത്തറ ദൃഢമാക്കാൻ കഴിയൂ. അതിന് ആദ്യം വേണ്ടത് ജനാധിപത്യ രീതിയിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുകയും നേതൃത്വഗുണം ജന്മനാ സിദ്ധമായവരെ വളർത്തിക്കൊണ്ടുവരികയുമാണ്. അല്ലെങ്കിൽ നയിക്കാൻ ആളില്ലാത്ത ആൾക്കൂട്ടമായി പ്രസ്ഥാനം വിഘടിക്കുകയും ക്രമേണ ചരിത്രത്താളുകളിലേക്ക് മറയുകയും ചെയ്യും.
മാറ്റൊലി
രാഷ്ട്രീയം എന്നത് ദരിദ്രരായ മനുഷ്യരുടെ കണ്ണീരൊപ്പലാണ്: ഗാന്ധിജി.