മഹാരാഷ്ട്രയിലെ പ്രാദേശിക തെരഞ്ഞെടുപ്പിലും കൈകോര്‍ത്ത് ബിജെപിയും, കോണ്‍ഗ്രസും. താനയിലെ അംബര്‍നാഥ് മുനിസിപ്പല്‍ കൗണ്‍സിലിലെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലാണ് ശിവസേനക്കെതിരെ ഇരു പാര്‍ട്ടികളും ഒന്നിച്ചത്. കഴിഞ്ഞ മാസം 20ന് നടന്ന തെരഞ്ഞെടുപ്പില്‍ 60 അംഗ കൗണ്‍സിലില്‍ 27 സീറ്റുകള്‍ നേടി ശിവസേന വലിയ ഒറ്റകക്ഷിയായെങ്കിലും ഭൂരിപക്ഷത്തിന് നാല് സീറ്റുകള്‍ കുറവായിരുന്നു .
ബിജെപി 14ഉം കോൺഗ്രസ് 12ഉം എൻസിപി (അജിത് പവാർ) 4‑ഉം സീറ്റുകൾ വീതം നേടി. സ്വതന്ത്രർ മൂന്ന് സീറ്റിലും വിജയിച്ചു.നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ ശിവസേനയുടെ മനീഷ വാലേക്കറെ ബിജെപിയുടെ തേജശ്രീ കാരഞ്ജുലെ പാട്ടീൽ പരാജയപ്പെടുത്തി. കോൺഗ്രസും എൻസിപിയും (അജിത് പവാർ) സ്വതന്ത്രരും ഉൾപ്പെടെ 32 അംഗങ്ങൾ ബിജെപി സ്ഥാനാർഥിയെ പിന്തുണച്ചു. വർഗീയസഖ്യമുണ്ടാക്കിയതിൽ കോൺഗ്രസ് നേതൃത്വം പ്രതികരണത്തിന് തയ്യാറായിട്ടില്ല. സഖ്യത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായ തീരുമാനമൊന്നും സംസ്ഥാന നേതൃത്വം എടുത്തിട്ടില്ലെന്നും സാഹചര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും കോൺഗ്രസ് വക്താവ് അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ, പ്രാദേശിക തെരഞ്ഞെടുപ്പായതിനാൽ പ്രാദേശിക നേതാക്കൾക്ക് തീരുമാനമെടുക്കാൻ അനുവാദം നൽകിയിട്ടുണ്ടെന്ന് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കി. മുംബൈ, താനെ തുടങ്ങിയ വലിയ നഗരങ്ങളിലെ കോർപറേഷൻ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ബിജെപിയും കോൺഗ്രസും കൈകോർത്തത് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

