Site iconSite icon Janayugom Online

ബിജെപിക്ക് ഇരട്ടമുഖമെന്ന് കോണ്‍ഗ്രസ് ഛത്തീസ്ഗഢ് ഘടകം പ്രസിഡന്റ്

കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഛത്തിസ്ഗഢ് സംസ്ഥാന പ്രിസി‍ഡന്റ് ദീപക് ബൈജ്. ബിജെപിക്ക് രണ്ട് അജണ്ടയാണുള്ളതെന്നും കേരളത്തില്‍ സമാധാനത്തിന്റെ സന്ദേശമാണെങ്കില്‍ ഛത്തീസ്ഗഡില്‍ വിദ്വേഷത്തിന്റെ രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകളുടെ വിഷയത്തില്‍ ഛത്തീസ്ഗഡ് കോണ്‍ഗ്രസിന്റെ നിലപാട് വളരെ വ്യക്തമാണ്. 

ഛത്തീസ്ഗഡ് ഭരിക്കുന്ന ബിജെപി കന്യാസ്ത്രീകള്‍ക്കെതിരെ പ്രതികാരബോധത്തോടെ എടുത്ത നടപടിയെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുന്നുവെന്ന് ദീപക് ബൈജ് അഭിപ്രായപ്പെട്ടു മാതാപിതാക്കളുടെ അറിവോടെ പെണ്‍കുട്ടികള്‍ അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണ് കന്യാസ്ത്രീകള്‍ക്കൊപ്പം പോയത്. എന്നാല്‍ സര്‍ക്കാര്‍ അതിനെ തെറ്റായി വ്യാഖ്യാനിച്ചു.

ബജറംഗ്ദളിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കേസ് എടുത്തത്. പൊലീസ് നടപടി വലിയ നീതി നിഷേധമാണ്. ബിജെപിയുടെ പരാജയങ്ങള്‍ മറയ്ക്കുന്നതിനായാണ് അവര്‍ ഇവിടെ മതപരവും വര്‍ഗീയവുമായ രാഷ്ട്രീയം കളിക്കുന്നത്. മതപരിവര്‍ത്തനത്തിന്റെ പേരില്‍ വര്‍ഗീയ ധ്രുവീകരണത്തിന്റെ രാഷ്ട്രീയം തീവ്രമാകുകയാണ്. ഇതൊന്നും ബിജെപിക്ക് പുതുമയല്ലെന്നും ദീപക് ബൈജ് വ്യക്തമാക്കി.

Exit mobile version