Site iconSite icon Janayugom Online

കോൺഗ്രസും അഴിഞ്ഞാടി

CongressCongress

എസ്എഫ്ഐ പ്രവർത്തകർ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിലേക്ക് തള്ളിക്കയറി നാശനഷ്ടമുണ്ടാക്കിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാപക കോണ്‍ഗ്രസ് അക്രമങ്ങള്‍. പലയിടങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളുടെ ബോര്‍ഡുകളും കൊടിതോരണങ്ങളും നശിപ്പിച്ചു.
മലബാർ ജില്ലകളിൽ കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർ വ്യാപകമായി തെരുവിലിറങ്ങി. കോഴിക്കോട് ജില്ലയിൽ കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമസാക്തമായി. ഒരു മണിക്കൂറോളം റോഡ് ഉപരോധിച്ചത് യാത്രക്കാരെയും വലച്ചു. കമ്മിഷണർ ഓഫിസിന് മുന്നിൽ ടയർ കത്തിച്ചതും ഭീതിപരത്തി. റോഡരികിൽ സ്ഥാപിച്ച സിപിഐ(എം)ന്റെയും ബഹുജനസംഘടനകളുടെയും ബോർഡുകളും തോരണങ്ങളും തകർത്തു.
കണ്ണൂർ മട്ടന്നൂരിലും മലപ്പുറത്ത് വണ്ടൂരിലും കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പാലക്കാട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറി. വാളയാർ–വടക്കഞ്ചേരി ദേശീയ പാത ഉപരേ‍ാധിച്ച എംഎൽഎ ഉൾപ്പെടെയുളള പ്രവർത്തകരെ അറസ്റ്റു ചെയ്തു. 

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എകെജി സെന്ററിലേക്ക് മാർച്ച് നടത്തി. മാർച്ച് കടന്നുപോകുന്ന വഴിയിലുള്ള സിപിഐ(എം)ന്റെ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു. പാളയത്ത് വച്ച് മാർച്ച് തടഞ്ഞ പൊലീസുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘർഷമുണ്ടാക്കി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
എറണാകുളം നഗരത്തിലും ആലുവയിലും യൂത്ത് കോൺഗ്രസ് ‑കെഎസ്‌യു പ്രവർത്തകർ പ്രതിഷേധിച്ചു. നഗരത്തിൽ എം ജി റോഡിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനഗതാഗതം തടസപ്പെടുത്തി. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസെത്തിയാണ് മാറ്റിയത്.
കോട്ടയം നഗരത്തിൽ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് നഗരത്തിൽ എസ്എഫ്ഐ പ്രവർത്തകർ തടയാന്‍ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. ഇതേതുടർന്ന് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ റോഡിൽ കുടുങ്ങി. പിന്നീട് പൊലീസെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നഗരത്തിൽ സ്ഥാപിച്ച ബോർഡും കോൺഗ്രസ് പ്രവർത്തകർ തകർത്തു.

Eng­lish Sum­ma­ry: con­gress clash­es in kozhikode

You may like this video also

Exit mobile version