ഓഗസ്റ്റ് 10നകം കെപിസിസി ഭാരവാഹി-ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിക്കുമെന്ന അവകാശവാദവും പൊളിഞ്ഞതോടെ പാർട്ടി അണികളിൽ അതൃപ്തി ശക്തം. കെപിസിസി ഭാരവാഹി പട്ടികയിലെ ബാഹുല്യത്തിൽ ഹൈക്കമാന്‍ഡ് ഇടഞ്ഞതോടെയാണ് ഡൽഹിയിൽ നടന്നുവന്ന മാരത്തോൺ ചർച്ച ലക്ഷ്യം പൂർത്തിയാകാതെ പാതിവഴിയിൽ നിലച്ചത്. വിവിധ സംസ്ഥാനങ്ങളിലെ പര്യടനത്തിനായി രാഹുൽ ഗാന്ധി 11 മുതൽ യാത്രതിരിക്കുമെന്നതിനാൽ അതിന് മുമ്പായി കെപിസിസി-ഡിസിസി പട്ടിക കൈമാറാനാണ് തത്രപ്പെട്ട് ഡൽഹിയിൽ ചർച്ച തുടങ്ങിയത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പ്രവർത്തക സമിതി പ്രത്യേക ക്ഷണിതാവ് രമേശ് ചെന്നിത്തല എന്നിവർ ഇതിനായി ഡൽഹിയിൽ തമ്പടിക്കുകയും ചെയ്തു. ഒടുവിൽ നീണ്ട ചർച്ചകൾക്കും മുതിർന്ന നേതാക്കൾ തൊട്ട് എംപിമാർ വരെയുള്ളവരുമായി നടത്തിയ ആശയവിനിമയത്തിനും അന്ത്യത്തിൽ രൂപം കൊടുത്ത പട്ടികയിലെ കെപിസിസി ഭാരവാഹികളുടെ എണ്ണം 100നും അപ്പുറത്തെത്തിയതോടെ ഹൈക്കമാന്‍ഡ് നീരസം കടുപ്പിക്കുകയും പുനഃസംഘടന അലസുകയുമായിരുന്നു. ഇനി ചർച്ചയും പട്ടിക തയ്യാറാക്കലും എന്നത്തേക്ക് എന്നത് അനിശ്ചിതത്വത്തിലുമായി.
കെ സുധാകരൻ കെപിസിസി അധ്യക്ഷനായി ചുമതലയേറ്റപ്പോൾ, അതുവരെ തുടർന്നു വന്ന ജംബോ ഭാരവാഹി പട്ടികയിൽ മാറ്റം വരുത്തിയിരുന്നു. 42 ജനറല്‍ സെക്രട്ടറിമാരുണ്ടായിരുന്നത് വെട്ടിച്ചുരുക്കി 23 ആക്കി. വൈസ് പ്രസിഡന്റുമാർ 12 ൽ നിന്ന് നാല് ആക്കി. ആ രീതി ഇക്കുറിയും ആവർത്തിക്കും എന്നൊക്കെയായിരുന്നു ആദ്യ പ്രഖ്യാപനമെങ്കിലും അത് ഇടക്കാലത്ത് മാറ്റി. കഴിഞ്ഞ ഫെബ്രുവരിയിൽ ചുമതലയേറ്റ തൃശൂർ ഡിസിസി പ്രസിഡന്റ് ഒഴികെ 13 ജില്ലാ അധ്യക്ഷന്മാരെയും മാറ്റുകയാണെങ്കിൽ അവരെ കെപിസിസി ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കണം. മുതിർന്ന നേതാക്കളുടെയും എംപിമാരുടെയും നോമിനികളെ നിർബന്ധമായും പരിഗണിക്കണം. ഡിസിസി പ്രസിഡന്റുമാരാകാൻ രണ്ട് മുതൽ അഞ്ച് വരെ പേർ ഓരോ ജില്ലയിലും ഒരുങ്ങി നിൽക്കുന്നതിനാൽ സ്ഥാനത്ത് എത്താൻ കഴിയാത്തവരെയും കെപിസിസിയിലേക്ക് പരിഗണിക്കേണ്ടതുണ്ട്. അങ്ങനെ വരുമ്പോൾ, ഹൈക്കമാന്‍ഡ് എങ്ങനെയൊക്കെ നീരസം പ്രകടിപ്പിച്ചാലും ഭാരവാഹികളുടെ എണ്ണം വർധിപ്പിച്ചു കൊണ്ടുള്ള സാധ്യതാ പട്ടിക നൽകുകയല്ലാതെ കെപിസിസി നേതൃത്വത്തിന് മുമ്പിൽ വേറെ വഴിയില്ല. ഡിസിസി അധ്യക്ഷന്മാരുടെ മാറ്റിമറിച്ചിലുകൾക്ക് അനുസരിച്ച് പട്ടികയിൽ ചില്ലറ മാറ്റം വന്നേക്കാം എന്നു മാത്രം.
ഇപ്പോൾ നൽകിയിട്ടുള്ള ജംബോ പട്ടികയ്ക്ക് പകരം ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടുള്ള മറ്റൊരു സാധ്യതാ പട്ടികയായാലും സ്ഥിതി ഇതൊക്കെത്തന്നെ. ആലോചനകൾ പലത് കഴിഞ്ഞെങ്കിലും ഡിസിസികളുടെ കാര്യത്തിലും ഏകാഭിപ്രായത്തിലെത്താൻ കഴിഞ്ഞിട്ടില്ല. ചിലരെ നിലനിർത്തി ചിലരെ മാറ്റണമെന്നും അതല്ല, തൃശൂർ ഡിസിസി ഒഴികെ 13 ഇടത്തും മാറ്റം വേണമെന്നും ശക്തമായ രണ്ട് അഭിപ്രായങ്ങളാണുള്ളത്. സ്ഥാനമോഹികളുടെ തള്ളിക്കയറ്റം ഒഴിവാക്കാൻ, ജില്ലാ പ്രസിഡന്റുമാരായി നിയമിതരാകുന്നവർക്ക് ആദ്യ മൂന്ന് വർഷത്തേക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ അടക്കം മത്സരിക്കുന്നതിന് വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത്തരക്കാർക്ക് കുറവൊന്നുമില്ല.

