Site iconSite icon Janayugom Online

കോൺഗ്രസ്‌മുക്ത ഭാരതത്തിനായി കോൺഗ്രസ്

CongressCongress

ഏകദേശം ഒന്നര നൂറ്റാണ്ടിനടുത്ത് പ്രവർത്തന പാരമ്പര്യവും ചരിത്രവും ഉള്ള, ഇന്ത്യൻ സ്വാതന്ത്രസമര പ്രസ്ഥാനങ്ങൾക്കു പുതിയ ദിശാബോധവും ഈടും പാവും നൽകിയ കോൺഗ്രസ് പ്ര­സ്ഥാനം ഇന്ന് അതിന്റെ പ്രതാപകാലം പിന്നിട്ട് അസ്തമയത്തോട് നടന്ന് അടുത്തുകൊണ്ടിരിക്കുന്നു. കോൺഗ്രസിന്റെ ഇപ്പോഴത്തെ നേതൃത്വത്തിന്റെ നയസമീപനങ്ങൾ ഈ പ്രസ്ഥാനത്തിന്റെ പതനം പ്രതീക്ഷിച്ചതിലും വേഗത്തിലും വ്യാപ്തിയിലും എത്തിച്ചിരിക്കുന്നു. കോൺഗ്രസിന്റെ എതിരാളികൾ പരിഹാസരൂപേണ അവതരിപ്പിക്കുന്ന ‘വിദേശിയാൽ ആരംഭിച്ച് മറ്റൊരു വിദേശിയിലൂടെ അവസാനിക്കാൻ പോകുന്ന കോ­ൺഗ്രസ്’ എന്ന കുറ്റപ്പെടുത്തലിനെ ജനാധിപത്യ മതനിരപേക്ഷ പ്രസ്ഥാനമായി കോൺഗ്രസ് തുടര ണമെന്ന് ആഗ്രഹിക്കുന്ന വ്യക്തികൾ എല്ലാം തന്നെ തള്ളിക്കളയാൻ ശ്രമിച്ചിട്ടും കോൺഗ്രസ് നേതൃത്വം ഈ പറച്ചിൽ അന്വർത്ഥമാക്കുന്ന നടപടിക്രമങ്ങളുമായി മുന്നോട്ടു തന്നെ പോകുന്നു. ഈ പ്രവർത്തനങ്ങളുടെ അവസാന നാടകം അരങ്ങേറുന്നത് ഉത്തരേന്ത്യയിൽ അല്പമെങ്കിലും കോൺഗ്രസ് ശക്തി അവശേഷിക്കുന്ന അവസാന തുരുത്തായ പഞ്ചാബിലും. കോൺഗ്രസ് പാളയം വിട്ട് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ബിജെപിയിലേക്കും മറ്റു പാർട്ടികളിലും തങ്ങളുടെ ഭാഗ്യപരീക്ഷണത്തിനായി അധികാരക്കൊതിമൂത്തു ചേരുകയാണ്.

 


ഇതുകൂടി വായിക്കൂ: അനിശ്ചിതത്വവും ശൈഥില്യവും നേരിടുന്ന കോണ്‍ഗ്രസ്


 

കോൺഗ്രസിന്റെ പഞ്ചാബിലെ എല്ലാക്കാലത്തെയും ശക്തനായ അമരീന്ദർ കോൺഗ്രസിനെ കൈവിട്ടിരിക്കുന്നു. മുൻ ഗോവ മുഖ്യമന്ത്രി ലൂസിഞ്ഞ ഫെലേറോ തൃണമൂൽ കോൺഗ്രസിൽ അഭയം തേടി. ഇന്ന് ബിജെപിയിലെ പല ഉന്നതരും ഒരിക്കൽ കോൺഗ്രസിന്റെ അതിശക്തരായ നേതാക്കൾ ആയിരുന്നു. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ഇപ്പോൾ കേന്ദ്ര മന്ത്രിയും ആയിരിക്കുന്ന നാരായണ റാണെ, ബിജെപിയുടെ നോർത്തീസ്റ്റ് ഏറ്റവും വലിയ ബുദ്ധി കേന്ദ്രവും ഇപ്പോഴത്തെ അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വാസ് ശർമ, മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ, സഹോദരിയും മുൻ ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷയും ആയ റീത്താ ബഹുഗുണ, മുൻ കർണാടക മുഖ്യമന്ത്രി എം എസ് കൃഷ്ണ തുടങ്ങിയവർചില ഉദാഹരണങ്ങൾ മാത്രം. ഗാന്ധിജിയും നെഹ്റുവും സുഭാഷ് ചന്ദ്രബോസും നയിച്ച പാർട്ടി ഇന്ന് വർഗീയതയുടെ മാറാപ്പ് പേറുന്ന ബിജെപിയുടെ നഴ്സറി തൊട്ടിൽ മാത്രമാണ്. കോൺഗ്രസ് വളർത്തിയെടുക്കുന്ന നേ­താക്കളും പ്രവർത്തകരും ബിജെപിയിലേക്ക് ഒഴുകുകയാണ്. ഹിന്ദു വർഗീയതയ്ക്ക് ബദലായി മൃദുഹിന്ദുത്വതെ പുണരുന്ന കോൺഗ്രസും ബിജെപിയും തമ്മിൽ കാര്യമായ പ്രത്യയശാസ്ത്ര വ്യത്യാസമൊന്നും കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്ക് തോന്നാനിടയില്ല. കോൺഗ്രസിന്റെ മധ്യപ്രദേശിലെ മുഖമായിരുന്ന ജോദിരാജ്യസിന്ധ്യയും ഉത്ത­ർപ്രദേശിലെ കോൺഗ്രസിന്റെ കണ്ടെത്തലായ ജിതേന്ദ്ര പ്രസാദയും ബിജെപിയിൽ എത്തി കഴിഞ്ഞെങ്കിൽ സച്ചിൻ പൈലറ്റിനെ പോലുള്ളവർ ഒരുകാൽ കോൺഗ്രസിലും മറുകാൽ ബിജെപിയുടെ കളത്തിലും നീട്ടിയാണ് നിൽക്കുന്നത്. രാജസ്ഥാനിൽ പഞ്ചാബ് ആവർത്തിക്കാൻ കുറഞ്ഞ സമയം മാത്രമേ ആവശ്യമുള്ളൂ. ഛത്തിസ്ഗഡ് മുഖ്യമന്ത്രി ബൂപേഷ് ബാഗൽനെതിരെയുള്ള വിമത നീക്കവും ശക്തമാണ്. കർഷിക സമരത്തിൽ പഞ്ചാബിൽ അടിതെറ്റിയ ബിജെപിക്ക് തിരിച്ചുവരാനുള്ള ആയുധമായി ക്യാപ്റ്റൻ അമരിന്ദ്രനെ തന്നെ സമ്മാനിക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂ. പഞ്ചാബിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ആകെ കൈവിട്ടുപോയ ശക്തി തിരികെ പിടിക്കാൻ ബിജെപിക്കു കിട്ടിയ അവസരമാണ് പഞ്ചാബ്.

 


ഇതുകൂടി വായിക്കൂ: പഞ്ചാബ്: സ്വയം തകരുന്ന കോണ്‍ഗ്രസ്


നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ യുപിയിൽ കർഷകസമരം തങ്ങളുടെ വിജയത്തിന് തടസമാകും എന്ന് നന്നായി അറിയാവുന്ന മോഡിയും ഷായും യോഗിയും ഈ അവസരത്തെ മുതലെടുക്കാനും കോൺഗ്രസ് മുക്ത ഭാരതത്തിലേക്ക് ഒരുപടികൂടി കടക്കാനും തങ്ങളാൽ ആവുന്നത് എല്ലാം ചെയ്യും എന്നത് തീർച്ചയാണ്. പ്രധാനപ്പെട്ട ഒരു സംസ്ഥാനത്തുപോലും കോൺഗ്രസ് ഇന്ന് അധികാരത്തിൽ ഇല്ല. യുപി, ബിഹാര്‍, ഒഡിഷ, ബംഗാള്‍ എന്നിവിടങ്ങളില്‍ കോൺഗ്രസ് ഒരു പ്രാദേശിക കക്ഷിയുടെ നിലവാരത്തിൽപോലും പരിഗണിക്കപ്പെടുന്നില്ല. ആന്ധ്ര പോലെ കോൺഗ്രസ് ശക്തമായിരുന്ന സംസ്ഥാനങ്ങളിൽ നെഹ്രു കുടുംബത്തിലെ യുവരാജാവിന്റെ തന്ത്രങ്ങൾ കോ­ൺഗ്രസിനെ സംപൂജ്യരാക്കി. അധികാരം കിട്ടിയ മധ്യപ്രദേശ് കർണാടകയും ബിജെപിക്ക് അടിയറവച്ചു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ മണിപ്പൂരിലും ഗോവയിലും ബിജെപി സർക്കാരുകൾ സ്ഥാപിക്കാൻ തങ്ങളുടെ എംഎൽഎമാരെ നൽകി എന്നതൊഴിച്ചാൽ കോൺഗ്രസിനൊന്നും ചെ­യ്യാനായില്ല. 2017 ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ നല്ല പ്രകടനം കാഴ്ചവച്ച കോൺഗ്രസിന് ലോകസഭയിലേക്ക് ഒരു സീറ്റുപോലും നേടാനായില്ല. ജയിച്ച എംഎൽഎമാർ മിക്കവരും ബിജെപി പാളയത്തിൽ എത്തി. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് അധികാരം വിട്ടൊഴിഞ്ഞു കോൺഗ്രസിൽ നിന്നും ഏഴ് വർഷംകൊണ്ട് ബിജെപിയിൽ ചേക്കേറി എംപി, എംഎൽഎ മാരുടെ എണ്ണം 177ല്‍പരം ആണെന്ന് കണക്കുകൾ തെളിയിക്കുന്നു. നരേന്ദ്രമോഡിയെയും ബിജെപിയെയും നേരിടാൻ ഇപ്പോഴത്തെ കോൺഗ്രസ് നേതൃത്വത്തിനോ രാഹുൽഗാന്ധിക്കോ ആവില്ല എന്ന തിരിച്ചറിവാണ് ദിവസേനയുള്ള നേതാക്കളുടെയും അണികളുടെയും കൊഴിഞ്ഞുപോക്ക് സൂചിപ്പിക്കുന്നത്.

 


ഇതുകൂടി വായിക്കൂ: പാര്‍ട്ടി ചടങ്ങിലേക്ക് മരുന്നിനുപോലും ആളില്ല: ആളെ ചേര്‍ക്കുന്നവര്‍ക്ക് സ്വര്‍ണം തരാമെന്ന് കോണ്‍ഗ്രസ് നേതാവ്


 

ദേശീയതലത്തിൽ കാര്യമായ സ്വാധീനമോ പരിചയമോ ഇല്ലാത്ത കെ സി വേണുഗോപാലിനെ പോലുള്ള സംഘടനാ സെക്രട്ടറിമാർ ആണ് കോൺഗ്രസിന്റെ പ്രധാന ട്രബിൾ ഷൂട്ടർമാർ. കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേർന്ന കേരളത്തിലെ കോൺഗ്രസ് ജനറൽ സെക്രട്ടറിയും നെടുമങ്ങാട് യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന പ്രശാന്തിന്റെ വാക്കുകൾ വിശ്വസിക്കാമെങ്കിൽ, കോൺഗ്രസിലെ അമിത് ഷായുടെ ചാരനാണ് കെ സി വേണുഗോപാൽ. പീഡന കേസിൽ സിബിഐ അന്വേഷണം നേരിടുന്ന ഇത്തരം വ്യക്തികളെയൊക്കെ തന്നെയാണ് കോൺഗ്രസിന് നയിക്കേണ്ടതും. സിദ്ദുവിന് വേണ്ടി അമരിന്ദ്രനെ തള്ളിപ്പറഞ്ഞ കോൺഗ്രസ് സിദ്ദുവിന്റെ പ്രതീക്ഷിത രാജിയിൽ പകച്ചുനിൽക്കുകയാണ്. സിദ്ദു നിലപാടുകളില്ലാത്ത ചാഞ്ചാട്ടക്കാരനാണെന്നും പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് പോലെയുള്ള ഒരു സംസ്ഥാനത്തിനു അദ്ദേഹത്തെപ്പോലെ ഒരാൾ യോജിച്ചതല്ല എന്ന അമരിന്ദ്ര ട്വീറ്റും കോ­ൺഗ്രസിനെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കിയിരിക്കുന്നു. സിദ്ദു പാകിസ്ഥാൻ താല്പര്യക്കാർ ആണെന്നും ഇയാൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഉള്ള തരത്തിലുള്ള ക്യാമ്പയിനുമായി ബിജെപി കളത്തിലിറങ്ങിയാൽ പഞ്ചാബിൽ കെട്ടിവച്ച് കാശുപോലും കോൺഗ്രസിന് കിട്ടാൻ വഴിയില്ല. നാഴികയ്ക്ക് നാല്പത് വട്ടം ദേശസുരക്ഷ ദേശസ്നേഹം വിളമ്പുന്ന ബിജെപിക്കും ആർഎസ്എസും കോൺഗ്രസ് കൊടുക്കുന്ന വടിയാണ് പഞ്ചാബ് പ്രശ്നം. ഇനി അടി കൊള്ളുകമാത്രമേ രക്ഷയുള്ളൂ. 2024ൽ നടക്കാൻ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഒഴിവാക്കികൊണ്ടുള്ള പ്രതിപക്ഷ ഐക്യമാണ് വരാൻ പോകുന്നതെന്ന് തെരഞ്ഞെടുപ്പ് വിദഗ്ധർ വിലയിരുത്തി കഴിഞ്ഞു. ബിഹാർ ഇലക്ഷനിൽ കോൺഗ്രസിന് കൂടെ കൂടിയ ആർജെഡിയുടെ അനുഭവം, ഉത്തർപ്രദേശിലെ സമാജ്‌വാദി പാർട്ടിയുടെ അനുഭവം, ബംഗാളിലെ ഇടതുപക്ഷത്തിന്റെ അനുഭവവും പ്രതിപക്ഷ പാർട്ടികൾക്ക് മുന്നിലുണ്ട്. കോൺഗ്രസിന് സ്വാധീനമുണ്ടായിരുന്ന കേരളത്തിലെ കോൺഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയോടെ പ്രതീക്ഷ നഷ്ടപ്പെട്ട സ്ഥിതിയിലാണ്.

 


ഇതുകൂടി വായിക്കൂ: സെമി കേഡറിന് തിരിച്ചടിയായി കലാപനീക്കങ്ങൾ; കോണ്‍ഗ്രസ് നേതൃത്വം പ്രതിരോധത്തില്‍


പ്രതിപക്ഷ നേതാവിനെയും പിസിസി അധ്യക്ഷനെയും മാറ്റിയാൽ കേരളത്തിലെ കോൺഗ്രസിലെ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെട്ടു എന്ന് വിചാരിച്ച ഹൈക്കമാൻഡ് കേരളത്തിലെ ഇന്നത്തെ സ്ഥിതിയിൽ അസ്വസ്ഥരാണ്. സെമികേഡർ പാർട്ടി ആക്കാൻ ഇറങ്ങിത്തിരിച്ച കോൺഗ്രസ് പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും നേതാക്കന്മാരുടെ അണികളുടെയും കൊഴിഞ്ഞുപോക്ക് തടയാൻ ആകുന്നില്ല. പി സി ചാക്കോ, ലതിക സുഭാഷ്, എ പി അനിൽകുമാർ എന്നിവരിലൂടെ തുടങ്ങിയ കൊഴിഞ്ഞുപോക്ക് പി വി ബാലചന്ദ്രനില്‍ എത്തിനില്‍ക്കുന്നു. ഇന്ത്യയിലെ തന്നെ കോൺഗ്രസിന്റെ ആദർശ പ്രതിരൂപമായ വി എം സുധീരൻ തന്നെ എഐസിസി മെമ്പർഷിപ്പ് പോലും രാജിവച്ച് ഒരു സാധാരണ പ്രവർത്തകൻ മാത്രമായി മാറിയിരിക്കുന്നു. കേരളത്തിലെ യുഡിഎഫിലെ പ്രധാന കക്ഷിയായ ലീഗിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഹരിത വിഷയത്തിലും ചന്ദ്രിക കള്ളപ്പണ കേസിലും അടക്കം നേതൃത്വത്തിനെതിരെയുള്ള ആരോപണങ്ങളിൽ ആടിയുലയുകയാണ് ലീഗ് നേതൃത്വം. ഒരിക്കൽപോലും ചോദ്യം ചെയ്യപ്പെടാത്ത കുടപ്പനക്കുന്ന് തറവാട്ടിലെ കാരണവർപോലും ഇന്ന് പാർട്ടിയിൽ ചോദ്യം ചെയ്യപ്പെടുന്നു. കനയ്യയും ജിഗ്നേഷ് മേവാനിയും കയറിയാൽ ആ മുങ്ങുന്ന കപ്പൽ രക്ഷപ്പെടുമെന്നത് കോൺഗ്രസിന്റെ വ്യാമോഹം മാത്രമാണ്. അധികാര രാഷ്ട്രീയത്തിന്റെ മത്തുപിടിച്ച് താൻപിടിച്ച കൊടിയെയും വിളിച്ച മുദ്രാവാക്യത്തെയും വിശ്വസിച്ച പ്രത്യയശാസ്ത്രത്തെയും പാർട്ടിയെയും വഞ്ചിച്ചു പോയ രാഷ്ട്രീയ ശിഖണ്ഡികളുടെ ചരിത്രം പരിശോധിച്ചാൽ പിന്നീടൊരിക്കലും ഇവർക്കാർക്കും ഇന്ത്യൻ ജനതയുടെ അംഗീകാരം നേടാൻ കഴിഞ്ഞതായി ചരിത്രത്തിൽ കാണാൻ കഴിയുന്നില്ല. വിസ്മൃതിയിൽ ആകാൻ ആയിരുന്നു അവരുടെയൊക്കെ വിധി. വ്യക്തികൾ അല്ല പ്രസ്ഥാനമാണ് വലുത് എന്ന് വിശ്വസിക്കുന്ന പ്രവർത്തകരുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കനയ്യ പോയാൽ ഒരു ചുക്കും സംഭവിക്കില്ല. കോൺഗ്രസിലെ തിരുത്തൽ ശക്തിയായി പ്രവർത്തിക്കുന്ന ജി ‑23 സംഘത്തെ പുറത്തു ചാടിക്കാനാണ് രാഹുലും കൂട്ടരും ശ്രമിക്കുന്നത്. ഹൈക്കമാൻഡിനെ വിമർശിച്ച കബിൽ സിബലിന്റെ വീടിനു നേരെയുണ്ടായ ആക്രമണം വിമർശനത്തെപോലും അംഗീകരിക്കാൻ കഴിയാത്തവിധം കോൺഗ്രസ് അധഃപതിച്ചിരിക്കുന്നു എന്നാണ്. ശിഥിലമായ കോൺഗ്രസിന് രക്ഷപ്പെടണമെങ്കിൽ വർഗീയത നേരിടാൻ ചങ്കുറപ്പോടെ ഇന്ത്യൻ മതേതര പുരോഗമന പ്രസ്ഥാനങ്ങൾക്കൊപ്പം ചാഞ്ചാട്ടം ഇല്ലാതെ നിൽക്കുക എന്നതുമാത്രമാണ്.

Exit mobile version