Site iconSite icon Janayugom Online

കസേരയുറപ്പിക്കാന്‍ കെസി തന്ത്രം; തെരഞ്ഞെടുപ്പ് കനഗോലുവിന്റെ കയ്യില്‍

2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെയും കോണ്‍ഗ്രസിനെയും നയിക്കുക സുനില്‍ കനഗോലു. ആര് സ്ഥാനാര്‍ത്ഥിയാകണമെന്നും എന്തെല്ലാം വിഷയങ്ങള്‍ വോട്ടര്‍മാരുടെ മുന്നില്‍ വയ്ക്കണമെന്നും ഇനി തീരുമാനിക്കുക സുനില്‍ കനഗോലുവും ടീമും ആയിരിക്കും. രണ്ട് ദിവസങ്ങളിലായി സുല്‍ത്താന്‍ ബത്തേരി സപ്ത കണ്‍വെന്‍ഷന്‍ സെന്ററില്‍ ലക്ഷ്യ എന്ന പേരില്‍ നടന്ന കോണ്‍ഗ്രസ് നേതൃക്യാമ്പ് അക്ഷരാര്‍ത്ഥത്തില്‍ കെ സി വേണുഗോപാലും സുനില്‍ കനഗോലുവുമാണ് നിയന്ത്രിച്ചത്. തെരഞ്ഞെടുപ്പ് തന്ത്രമൊരുക്കുന്ന പി ആര്‍ ടീം പാര്‍ട്ടിയെ അപ്പാടെ ഹൈജാക്ക് ചെയ്യുന്ന സംഭവം ഇതാദ്യമായാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. മുന്‍കാലങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി കെപിസിസി നേതൃത്വത്തിനും കീഴ്ഘടകങ്ങള്‍ക്കും ഇക്കുറി തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലൊന്നും യാതൊരു പങ്കുമുണ്ടാകില്ല. കാര്യങ്ങളെല്ലാം സുനില്‍ കനഗോലുവും സംഘവും ഒരുക്കിയ പദ്ധതിയനുസരിച്ച് മുന്നോട്ടുപോകും. സ്ഥാനാര്‍ത്ഥി നിര്‍ണയം, പ്രചാരണ പ്രവര്‍ത്തനങ്ങള്‍, പ്രകടനപത്രിക, സമൂഹമാധ്യമ പ്രചാരണം, ഘടകകക്ഷികളുമായുള്ള സീറ്റ് വീതം വയ്ക്കല്‍ തുടങ്ങിയവയിലെല്ലാം അവസാനവാക്ക് ഇനി സുനില്‍ കനഗോലുവിന് തന്നെയായിരിക്കുമെന്നാണ് നേതൃക്യാമ്പ് നിയന്ത്രിച്ച കെ സി വേണുഗോപാല്‍ അറിയിച്ചത്.
ജനപ്രിയരല്ലാത്ത സിറ്റിങ് എംഎല്‍എമാര്‍ അടക്കമുള്ളവര്‍ക്ക് സീറ്റ് നിഷേധിക്കപ്പെട്ടേക്കാമെന്നും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലുണ്ടായതുപോലെ അഭിപ്രായ വ്യത്യാസങ്ങളും വിമതപ്രവര്‍ത്തനങ്ങളും വച്ചുപൊറുപ്പിക്കില്ലെന്നുമാണ് കെ സി വേണുഗോപാലിന്റെ മുന്നറിയിപ്പ്.

കെപിസിസി നേതൃത്വവും കോണ്‍ഗ്രസ് നിയമസഭാ കക്ഷിയും നോക്കുകുത്തികളായി പഞ്ചപുച്ഛമടക്കി കെ സി ഓപ്പറേഷനായ ലക്ഷ്യക്ക് വേണ്ടി കയ്യുംകെട്ടി നഴ്സറി കുട്ടികളെപ്പോലെ ഇരുന്നുകൊടുക്കേണ്ട അവസ്ഥയാണുണ്ടായത്. രണ്ടേ രണ്ട് ദിവസം കൊണ്ട് കേരളത്തിലെ ഹൈക്കമാന്‍ഡും താന്‍ തന്നെയാണെന്ന് തെളിയിക്കാനാണ് കെ സി വേണുഗോപാല്‍ പദ്ധതിയൊരുക്കിയത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നേടിയ വിജയം നിയമസഭയിലും ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയോടെയാണ് കെപിസിസി ഭാരവാഹികള്‍, പ്രമുഖ നേതാക്കള്‍, എംഎല്‍എമാര്‍, എംപിമാര്‍ തുടങ്ങി നൂറ്റിയറുപതോളം നേതാക്കളെ ബത്തേരിയിലെത്തിച്ച് കനഗോലു തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പഠിപ്പിച്ചത്. 

സുനില്‍ കനഗോലുവും സംഘവും മാസങ്ങളായി കേരളത്തിലെ 140 മണ്ഡലങ്ങളിലും നടത്തിയ സര്‍വ്വേ പ്രകാരം യുഡിഎഫിന് എണ്‍പത്തിയഞ്ച് സീറ്റ് വരെ നേടാനാകുമെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടിന്റെ ശതമാനക്കണക്കുകളുമായി പൊരുത്തപ്പെടുന്ന അവകാശവാദമല്ല ഇത്. മുസ്ലിം ലീഗ് അടക്കമുള്ള ഘടകക്ഷികളെ മുഖവിലയ്ക്കെടുക്കാതെ ഏകപക്ഷീയമായ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ കോണ്‍ഗ്രസ് ഒരുക്കിയതോടെ യുഡിഎഫില്‍ വലിയ പൊട്ടിത്തെറികളുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. 

Exit mobile version