Site iconSite icon Janayugom Online

രാജസ്ഥാനിലും കോണ്‍ഗ്രസ് പ്രതിസന്ധിയില്‍

rajasthan 1rajasthan 1

രാജസ്ഥാനില്‍ നേതൃമാറ്റമുണ്ടായേക്കുമെന്ന സൂചനകള്‍ക്കു പിന്നാലെ ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം. അശോക് ഗെലോട്ടിനെ നീക്കി സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ രാജിവയ്ക്കുമെന്ന ഭീഷണിയുമായി 92 എംഎല്‍എമാര്‍.
പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനായി ഇന്നലെ ഏഴുമണിക്ക് നിയമസഭാ കക്ഷിയോഗം ചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും ഭൂരിഭാഗം എംഎല്‍എമാരും എത്താത്തതിനാല്‍ യോഗം ചേരാനായില്ല. കൂടിയാലോചനകള്‍ ഇല്ലാതെ മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ ഗെലോട്ട് തീരുമാനമെടുത്തതില്‍ എംഎല്‍എമാര്‍ അതൃപ്തി അറിയിച്ചു. യോഗത്തില്‍ പങ്കെടുക്കാതെ ഗെലോട്ട് പക്ഷം എംഎല്‍എമാര്‍ സ്പീക്കര്‍ സി പി ജോഷിയുടെ വസതിയില്‍ തുടരുകയാണ്.
ആറു മാസം മുമ്പ് ഗെലോട്ടിനെതിരെ വിമതനീക്കം നടത്തിയ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയായി അംഗീകരിക്കാനാവില്ലെന്നാണ് ഭൂരിപക്ഷം എംഎല്‍എമാരും പറയുന്നത്. തുടര്‍ന്ന് യോഗം റദ്ദാക്കിയ ഹൈക്കമാന്‍ഡ് നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും അജയ് മാക്കനെയും തിരിച്ചുവിളിക്കുകയും, ഗെലോട്ടിനെയും സച്ചിന്‍ പൈലറ്റിനെയും ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയും ചെയ്തു. ഭിന്നത പരിഹരിക്കാതെ സച്ചിനെ മുഖ്യമന്ത്രിയാക്കിയാല്‍ രാജസ്ഥാനിലും പഞ്ചാബിന് സമാനമായ സ്ഥിതി ആവര്‍ത്തിക്കുമോയെന്ന ആശങ്കയും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.

രണ്ട് വർഷം മുമ്പ് ഗെലോട്ട് സർക്കാരിനെ രക്ഷിക്കാൻ 38 ദിവസം ഹോട്ടലുകളിൽ താമസിച്ച 102 എംഎൽഎമാരിൽ ഒരാളായിരിക്കണം പുതിയ മുഖ്യമന്ത്രിയെന്ന് എംഎല്‍എമാര്‍ പറയുന്നു. അതിനിടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തിനൊപ്പം മുഖ്യമന്ത്രിസ്ഥാനവും ഗെലോട്ട് വഹിക്കണമെന്ന് മുതിര്‍ന്ന നേതാവ് ഗോവിന്ദ് റാം മേഘ്‌വാള്‍ ആവശ്യപ്പെട്ടു. തന്റെ കയ്യില്‍ നിന്നും നിയന്ത്രണം നഷ്ടപ്പെട്ടുവെന്നാണ് ഗെലോട്ട് ദേശീയനേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
92 എംഎല്‍എമാര്‍ രാജിവച്ചാല്‍ സര്‍ക്കാര്‍ നിലംപതിക്കും. 200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 100 എംഎല്‍എമാരാണുള്ളത്. 13 സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയിലാണ് ഭരണം നിലനില്‍ക്കുന്നത്. ഇതില്‍ 12 പേരും ഗെലോട്ട് പക്ഷത്താണ്.
നേരത്തെ ഗെലോട്ട് പക്ഷത്തെ നേതാക്കളെ സ്വന്തം പക്ഷത്തേക്ക് മാറ്റുന്നതില്‍ സച്ചിന്‍ പൈലറ്റ് ഏറെ ശ്രമങ്ങള്‍ നടത്തിയിരുന്നു. ഗ്രാമവികസന മന്ത്രി രാജേന്ദ്ര ഗുധ, ഷിയോ എംഎല്‍എ അമീന്‍ ഖാന്‍, ധോഡ് എംഎല്‍എ പരസ് റാം മോര്‍ഡിയ എന്നിവര്‍ സച്ചിന്‍ പക്ഷത്തേക്ക് മാറിയതായും വാര്‍ത്തകളുണ്ടായിരുന്നു. ഇവര്‍ക്ക് പുറമെ ഗെലോട്ട് ക്യാമ്പിലെ മറ്റൊരു നേതാവായ ഗിരിരാജ് മലിംഗയും സ്വതന്ത്ര എംഎല്‍എ ഖുഷ്‌വീര്‍ ജോജാവാറും സച്ചിന്‍ പക്ഷത്തേക്ക് മാറിയിട്ടുണ്ട്. 

Eng­lish Sum­ma­ry: Con­gress is in cri­sis in Rajasthan too

You may like this video also

Exit mobile version