Site iconSite icon Janayugom Online

കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു

കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. കോണ്‍ഗ്രസ് അംഗമായി 1952‑ലാണ് അദ്ദേഹം രാഷ്ട്രീയപ്രവേശനം നടത്തിയത്. നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് കേരള നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

1980–82 കാലത്ത് ഇ കെ നായനാര്‍ മന്ത്രിസഭയിലെ തൊഴില്‍, വനം വകുപ്പ് മന്ത്രിയായിരുന്നു. ഒമ്പതാം നിയമസഭയിലെ എ കെ ആന്റണി മന്ത്രിസഭയില്‍ തൊഴില്‍, ടൂറിസം മന്ത്രിയായും ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ (2004–06) വൈദ്യുതിമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1958 മുതല്‍ കെപിസിസി അംഗമാണ്. മലപ്പുറം ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആര്യാടന്‍ ഉണ്ണീന്റെയും കദിയുമ്മയുടെയും ഒമ്പത് മക്കളില്‍ രണ്ടാമത്തെ മകനായി 1935 മേയ് 15നാണ് ജനനം. ഭാര്യ: പി വി മറിയുമ്മ. മക്കള്‍: അന്‍സാര്‍ ബീഗം, ഷൗക്കത്ത് (നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍, കെ പി സി സി സാംസ്‌കാര സാഹിതി അധ്യക്ഷന്‍), കദീജ, ഡോ. റിയാസ് അലി(പെരിന്തല്‍മണ്ണ എം ഇ എസ് മെഡിക്കല്‍ കോളജ് അസ്ഥി രോഗ വിദഗ്ധന്‍). മരുമക്കള്‍: ഡോ.ഹാഷിം ജാവേദ് (ശിശുരോഗ വിദഗ്ദന്‍, മസ്‌കറ്റ്), മുംതാസ് ബീഗം, ഡോ.ഉമ്മര്‍ (കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, ന്യൂറോളജിസ്റ്റ്), സിമി ജലാല്‍.

Eng­lish sum­ma­ry; Con­gress leader Aryadan Muhammed passed away

You may also like this video;

Exit mobile version