കോൺഗ്രസ് നേതാക്കൾ അപമാനിച്ചത് കൊണ്ടാണ് സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായ സെമിനാറിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്ന് കോൺഗ്രസ് നേതാവ് കെവി തോമസ്. താൻ കോൺഗ്രസുകാരനായി തുടരും.
കോൺഗ്രസുകാരനായിരിക്കാൻ സ്ഥാനമാനങ്ങൾ ആവശ്യമില്ല. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നന്മയുള്ളവനാണെന്നും എന്നാൽ അദ്ദേഹത്തിന് ചുറ്റുമുള്ളവർ തിമിംഗലങ്ങളാണെന്നും കെവി തോമസ് തുറന്നടിച്ചു.തന്റെ പാർലമെന്ററി ജീവിതം അവസാനിച്ചെന്നും കെവി തോമസ് വ്യക്തമാക്കി. അതിനാൽ തന്നെ തൃക്കാക്കര തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യം പ്രസക്തമല്ല. ഇനി ഒരു പാർലമെന്ററി തെരഞ്ഞെടുപ്പിനില്ല,
താനൊരു ഗ്രൂപ്പിന്റെ ഭാഗമായിരുന്നെങ്കിൽ തന്നെയാരും തൊടില്ലായിരുന്നുവെന്നും പറഞ്ഞു. തന്നെ പാർട്ടിക്കകത്ത് വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.താൻ ഗ്രൂപ്പിൽ നിന്നു മാറുന്നതാണ് പ്രശ്നം. കേരളത്തിലെ ഗ്രൂപ്പുകൾ ചേർന്ന് തന്നെ വളയുകയാണ്. പിണറായി വിജയനെ കെ റെയിൽ കൊണ്ടു വരുന്നു എന്നത് കൊണ്ട് മാത്രം എതിർക്കരുത്. ന്യൂനതകൾ ചൂണ്ടിക്കാട്ടാം. പിണറായി വിജയൻ മികച്ച മുഖ്യമന്ത്രിയാണ്.
ഒരു സ്ഥാനവും സി പി എം ഓഫർ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സിപിഐഎം പാർട്ടി കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുക്കുമെന്ന് പറഞ്ഞത് മുതൽ കെ സുധാകരനടക്കമുള്ളവർ തന്നെ ഗൺപോയിന്റിൽ നിർത്തി. തിരുത തോമയെന്ന് തുടരെ തുടരെ അപമാനിച്ചു. സോഷ്യൽ മീഡിയയിലും അപമാനിച്ചു. താൻ കോൺഗ്രസുകാരനാണ്. സ്ഥാനമാനങ്ങളിൽ നിന്ന് പുറത്താക്കാം. പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കാനാവില്ല. നടപടികളെ ഭയക്കുന്നില്ലെന്നും കെവി തോമസ് പറഞ്ഞു.തിരുത തോമയെന്ന് വിളിക്കുന്നതിൽ തനിക്കൊരു പരാതിയും ഇല്ല.
താനിപ്പോഴും മത്സ്യം പിടിക്കാറുണ്ട്. താനൊരു മത്സ്യത്തൊഴിലാളി കുടുംബാംഗമാണ്. ഞാനുൾപ്പെടുന്ന മത്സ്യത്തൊഴിലാളികളെ തന്നെ അപഹസിക്കുന്നു. തന്നെ മാത്രമല്ല, ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും വരെ അപഹസിക്കുന്നു. അങ്ങിനെ വന്നപ്പോഴാണ് താൻ സെമിനാറിൽ പങ്കെടുക്കാൻ തീരുമാനിച്ചത്.ഞാനെന്ത് തെറ്റാണ് ചെയ്തത്? 2004 ൽ താൻ ഗ്രൂപ്പിൽ നിന്ന് മാറി. വികാര ജീവിയാണ് സുധാകരൻ. താൻ പാവമാണ്, തന്നെ ഇവർ വെട്ടിലാക്കുമെന്ന് സുധാകരനോട് താൻ പറഞ്ഞിട്ടുണ്ട്. തന്നെ എവിടെയെങ്കിലും അക്കമൊഡേറ്റ് ചെയ്യണമെന്ന് സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടതാണ്.
എവിടെയും സീറ്റ് തന്നില്ല. താൻ മാത്രമാണോ സ്ഥാനമാനങ്ങൾ വഹിച്ചത്? എന്നെക്കാൾ കൂടുതൽ സ്ഥാനം വഹിച്ചവരും തന്നേക്കാൾ പ്രായമുള്ളവരും പാർട്ടിയിൽ ഇല്ലേയെന്നും അദ്ദേഹം ചോദിച്ചു.മാഡം ഗാന്ധിയും താനുമായി അന്നും ഇന്നും ശക്തമായ ബന്ധമുണ്ട്.
എന്നാൽ പുതിയ നേതൃത്വവുമായി ആ ബന്ധമില്ല. 2018 ഡിസംബറിന് ശേഷം തനിക്ക് രാഹുൽ ഗാന്ധിയെ കാണാൻ കഴിഞ്ഞിട്ടില്ല. തന്റെ മാത്രം കാര്യമല്ല ഇത്. പല മുതിർന്ന നേതാക്കൾക്കും രാഹുൽ ഗാന്ധിയെ കാണാൻ കഴിയുന്നില്ല. എത്രയോ ദിവസങ്ങൾ കാത്തിരുന്നിട്ടും കാണാൻ കഴിയാത്ത സ്ഥിതിയുണ്ട്.
English Summary:Congress leaders decided to attend the seminar because they were insulted; KV Thomas
You may also like this video: