ദേശീയതലത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക്. സിറ്റിങ് എംപിമാരില്‍ ഏഴ് പേര്‍ ഇനി ലോക്സഭയിലേക്ക് ഇല്ലെന്ന നിലപാടിലാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കേന്ദ്ര ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന വിലയിരുത്തലിലാണ് കൂട്ടത്തോടെ കളംമാറ്റിച്ചവിട്ടാന്‍ നേതാക്കളുടെ ഒരുക്കം.
രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാനെത്തിയതിന്റെ അലയൊലികളില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നു. 2019ല്‍ കേന്ദ്രത്തില്‍ അധികാരമാറ്റമുണ്ടാകുമെന്ന പ്രതീക്ഷയില്‍ കൂടിയായിരുന്നു പലരും ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധരായത്. എന്നാല്‍ ഇത്തവണ അത്തരമൊരു വിജയത്തിന് സാധ്യതയില്ലെന്ന് നിലവിലെ എംപിമാര്‍ തിരിച്ചറിയുന്നുണ്ട്.
ലോക്സഭയിലേക്കില്ലെന്ന് പല നേതാക്കളും പരസ്യമായിതന്നെ തീരുമാനം പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ എതിര്‍പ്പുമായി രംഗത്തെത്തുകയും ചെയ്തു. ഇതോടെ, വരും ദിവസങ്ങളില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ കളംപിടിക്കാനുള്ള നീക്കങ്ങളും മറുനീക്കങ്ങളുമായി കോണ്‍ഗ്രസിനുള്ളില്‍ ചേരിപ്പോര് രൂക്ഷമാകും.
തിരുവനന്തപുരം എംപി ശശി തരൂരാണ് നിലപാട് പ്രഖ്യാപിച്ചവരില്‍ പ്രമുഖന്‍. സംസ്ഥാനത്ത് സജീവമാകുന്നതിന് തീരുമാനമെടുത്ത്, മാസങ്ങളായി കേരളത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് തരൂര്‍. കെപിസിസി പ്രസിഡന്റ് എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ ചൂണ്ടിക്കാട്ടി കെ സുധാകരന്‍ ഇനി ലോക്സഭയിലേക്ക് മത്സരിക്കില്ലെന്ന് തീരുമാനമെടുത്തുകഴിഞ്ഞു. വട്ടിയൂര്‍ക്കാവിലോ കോഴിക്കോട് ജില്ലയിലെ ഏതെങ്കിലും സീറ്റില്‍ നിന്നോ നിയമസഭയിലേക്ക് മത്സരിക്കണമെന്നാണ് കെ മുരളീധരന്‍ ആഗ്രഹിക്കുന്നത്.
എം കെ രാഘവനും ആന്റോ ആന്റണിയും ടി എന്‍ പ്രതാപനും അടൂര്‍ പ്രകാശുമെല്ലാം നിയമസഭയിലേക്ക് മത്സരിക്കണമെന്ന തീരുമാനത്തിലാണ്. കഴിഞ്ഞ തവണ കേരളത്തില്‍ വന്ന് മത്സരിച്ച ദേശീയ നേതാവ് രാഹുല്‍ ഗാന്ധി ഇനി അതിന് തയ്യാറാകുമോയെന്ന് കണ്ടറിയേണ്ടതാണ്. ബിജെപിയെ ഭയന്ന് ഒളിച്ചോടിയെന്ന ആരോപണം രാഹുലിനെതിരെ വ്യാപകമായി ഉയര്‍ന്നിരുന്നു.
നിയമസഭയിലേക്ക് മത്സരിക്കുമെന്ന് പരസ്യമായും രഹസ്യമായും പ്രഖ്യാപിച്ച് നേതാക്കള്‍ കൂട്ടത്തോടെ എത്തിയതോടെയാണ്, നിലവില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായ നേതാക്കളുടെ നേതൃത്വത്തില്‍ മറുപക്ഷം എതിര്‍പ്പുമായി രംഗത്തെത്തിയത്. പാര്‍ട്ടി തീരുമാനിക്കേണ്ട കാര്യങ്ങള്‍ സ്വയം പ്രഖ്യാപിക്കുന്ന ശൈലിക്കെതിരെ തുറന്നടിച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇടപെട്ടത്. സ്ഥാനാര്‍ത്ഥിത്വം അവരവര്‍ തീരുമാനിക്കേണ്ട കാര്യമല്ലെന്നും ഓരോരുത്തരും സീറ്റ് വേണമെന്നും വേണ്ടെന്നും പറയുന്നത് ശരിയായ രീതിയല്ലെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് തുറന്നടിച്ചു. ഇക്കാര്യങ്ങള്‍ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
നിയമസഭയിലേക്ക് മത്സരിക്കാനാണ് താല്പര്യമെങ്കില്‍ അത് പാര്‍ട്ടി നേതൃത്വത്തെയാണ് അറിയിക്കേണ്ടതെന്നും അല്ലാതെ പത്രക്കാരോടല്ല പറയേണ്ടതെന്നും യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനും വിമര്‍ശിച്ചു. മുന്നണി ജയിക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടതെന്നും അതിന് വിഘാതമാകുന്ന തരത്തില്‍ ഓരോ പേരുകള്‍ പറഞ്ഞ് പ്രശ്നമുണ്ടാക്കരുതെന്നും ചൂണ്ടിക്കാട്ടി തരൂര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രംഗത്തെത്തി. അതേസമയം, ഉമ്മന്‍ചാണ്ടിയുടെ പിന്തുണയും സംസ്ഥാനത്തെ യുവനേതാക്കള്‍ക്കിടയിലുള്ള സ്വാധീനവും ബലമാക്കി മാറ്റിയാണ് ശശി തരൂരിന്റെ പ്രവര്‍ത്തനങ്ങള്‍. രണ്ടാം മലബാര്‍ സന്ദര്‍ശനമുള്‍പ്പെടെയുള്ള തിരക്കിട്ട പരിപാടികളിലേക്കാണ് തരൂര്‍ ഇറങ്ങാന്‍ പോകുന്നത്. വിവിധ സമുദായ നേതാക്കളുടെ പിന്തുണയും അദ്ദേഹം തേടുന്നു. പക്ഷെ, ലോക്സഭയില്‍ നിന്ന് നിയമസഭയിലേക്ക് തിരിച്ചെത്തിയിട്ടും പ്രതിപക്ഷത്ത് ഇരിക്കേണ്ടിവന്ന മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ അവസ്ഥ പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഉള്ളില്‍ ഭീതിയുണര്‍ത്തുന്നുണ്ട്.
English Summary; Congress leaders to Kerala
You may also like this video