Site iconSite icon Janayugom Online

പീഡന പരാതികൾ ആസൂത്രിതമായ ഗൂഢാലോചന; കോണ്‍ഗ്രസിലെ ഭിന്നത മറനീക്കി, രാഹുലിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുഖപത്രം

ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ന്യായീകരിച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണത്തിൽ ലേഖനം. സ്ത്രീ സമ്മതിക്കാതെ ഒരു ഗർഭഛിദ്രവും നടക്കില്ലെന്നും പരാതിക്കാർക്ക് സിപിഐ(എം) ബന്ധമെന്നും ലേഖനത്തിൽ പറയുന്നു. ജെ ബാബു രാജേന്ദ്രൻ നായർ എഴുതിയ ‘വെളിച്ചം വിളക്ക് അന്വേഷിക്കുമ്പോൾ’ എന്ന ലേഖനത്തിലാണ് പരാതിക്കാരെ അധിക്ഷേപിച്ചുകൊണ്ടുള്ള പരാർമശമുള്ളത്. ആസൂത്രിതമായ ഗൂഢാലോചനയാണ് പീഡന പരാതികളെന്ന് ലേഖനത്തിൽ പറയുന്നു. രാഹുൽ മാങ്കൂട്ടത്തിൽ മാന്തോട്ടത്തിൽ വച്ച് പീഡിപ്പിച്ചുവെന്നുവരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിടാൻ ഇക്കൂട്ടർക്കും മടിയുണ്ടാവില്ല. മൊഴിയിൽ നിന്നും പരസ്പര സമ്മതത്തോടെയാണെന്ന് വ്യക്തം. സ്ത്രീ സമ്മതിക്കാതെ ഒരു ഗർഭഛിദ്രവും നടക്കില്ല, അത് ഒരാളുടെ മാത്രം തീരുമാനമല്ല. ആവശ്യമില്ലാത്ത ഗർഭം കലക്കിയത് ആ സ്ത്രീയുടെ കൂടി തീരുമാനം ആയിരുന്നുവെന്ന് വീക്ഷണത്തിലെ ലേഖനത്തിൽ പറയുന്നു. സിപിഐ(എം) നാറ്റിച്ചാൽ തകരുന്നവരല്ല കോൺഗ്രസിലെ യുവനേതാക്കൾ. ഇത്തരം തറവേലകൾ കൊണ്ട് മൂന്നാം ഭരണം കിട്ടുമെന്ന് വിചാരിക്കേണ്ട. സിപിഎമ്മിലെ ‘കത്ത് ചോർച്ചാ വിവാദം’ മറയ്ക്കാനുള്ള ആസൂത്രിത നീക്കമാണ് നടന്നതെന്നും ലേഖനത്തിൽ ആരോപിക്കുന്നു.
പെട്ടന്നൊരു ദിവസം ഒന്നില്‍ കൂടുതല്‍ സ്ത്രീകള്‍ പീഡന വാര്‍ത്ത സമൂഹ മാധ്യമയില്‍ ഉന്നയിക്കുന്നു. ഉടന്‍ തന്നെ തല്പരകക്ഷികള്‍ ഏറ്റു പിടിക്കുന്നു. ജാഥ, പ്രകടനം, കല്ലേറ് തുടങ്ങിയ പൊറാട്ട് നാട
കങ്ങള്‍ ഒരു ഭാഗത്ത് നടക്കുമ്പോള്‍ പാലക്കാടിന്റെ ഭൈമീ കാമുകന്‍മാരായ ചില നേതാക്കള്‍ അരയും തലയും മുറുക്കി രംഗത്തെത്തി. കോണ്‍ഗ്രസില്‍ നിന്ന് കാലുമാറി സിപിഎമ്മില്‍ ചേര്‍ന്ന സരിന്‍ എന്നയാള്‍ ചിരിച്ച ചിരി. ചിരിമത്സരത്തിലായിരുന്നെങ്കില്‍ ഒന്നാംസ്ഥാനം കിട്ടിയേനെ. സന്തോഷംകൊണ്ടെനിക്കിരിക്കാന്‍ വയ്യേ എന്ന അവസ്ഥയിലായിരുന്നു ടിയാന്‍ എന്നും ലേഖനം ആക്ഷേപിക്കുന്നു. എംഎല്‍എയ്ക്കെതിരെ ഒരു പരാതി എഴുതി നല്‍കാന്‍ ആരും തയ്യാറല്ലെന്നും ലേഖനത്തില്‍ പറയുന്നു. ഏറ്റവും ഒടുവില്‍ സനിമാനടി പറഞ്ഞിരിക്കുന്നത് ‘ഹൂക്ക് അഴിക്കട്ടെ എന്ന് ചോദിച്ചു. ഞാന്‍ സമ്മതിച്ചു. അന്നുമുതല്‍ തുടങ്ങിയതാണ് പീഡനം’. ആ മൊഴിയില്‍നിന്നുതന്നെ പരസ്പര സമ്മതത്തോടെയാണ്, ആരോപിക്കപ്പെടുന്ന സംഭവം നടന്നതെന്നാണ്. പരസ്പര സമ്മതത്തോടെയുള്ള വേഴ്ച പീഡനമായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് സുപ്രീം കോടതി തന്നെ പറഞ്ഞിരിക്കുന്നതെന്നും പിന്നെയെന്താണ് കേസെന്നും ലേഖനം പീഡകനെ ന്യായീകരിക്കുന്നു. എല്ലാത്തിനും നിന്നുകൊടുത്തിട്ട് പിന്നീട് പരാതിയുമായി വരുന്നത് ശരിയായ ഉദ്ദേശത്തോടെയല്ലെന്നും ലേഖനത്തിൽ ആക്ഷേപിക്കുന്നു.
ഇതിനിടെ ലേഖനം കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഒരുവിഭാഗത്തിന്റെ അറിവോടെയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. രാഹുല്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്ന് ചിലനേതാക്കളുടെ പാര്‍ട്ടിയിലെ അധീശത്വം തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്നും അതിനെ ശക്തമായി പ്രതിരോധിക്കുമെന്നും രാഹുല്‍ അനുകൂലികള്‍ വ്യക്തമാക്കുന്നു. വരും ദിവസങ്ങളില്‍ രാഹുലിനെതിരെതിരിഞ്ഞ നേതാക്കളുടെ മൂടുപടം വലിച്ചെറിയുമെന്നും ഇവര്‍ പ്രഖ്യാപിക്കുന്നു.

Exit mobile version