കോൺഗ്രസ് പ്ലീനറി സമ്മേളനം ഇന്ന് ആരംഭിക്കുമ്പോള്‍ വര്‍ക്കിങ് കമ്മിറ്റിയില്‍ എ കെ ആന്റണിക്കും ഉമ്മൻചാണ്ടിക്കും പകരക്കാര്‍ ആരാകുമെന്ന് ആകാംക്ഷയിൽ സംസ്ഥാന നേതാക്കള്‍. ശശി തരൂരിനെ പ്രവർത്തക സമിതിയിൽ എടുക്കുന്നതിനെതിരെ ഹൈക്കമാന്റിലെ നേതാക്കൾ ചരടു വലിക്കുന്നുണ്ട്. അതു വിജയിച്ചാൽ നാമനിർദേശം അപ്രസക്തമാകും. കേരളത്തിൽ നിന്ന് മൂന്ന് പേരെങ്കിലും പ്രവർത്തക സമിതിയിലുണ്ടാകുമെന്നാണ് സൂചന. പ്ലീനറി സമ്മേളനത്തോടെ കെസി വേണുഗോപാലിന് ഹൈക്കമാന്റിൽ പ്രസക്തി കൂടുമെന്ന വിലയിരുത്തലും സജീവമാണ്. എ കെ ആന്റണി, ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ എന്നിവരാണ് കേരളത്തിൽനിന്നുള്ള പ്രവർത്തക സമിതി അംഗങ്ങൾ. ആരോഗ്യ കാരണങ്ങളാൽ ആന്റണിയും ഉമ്മൻ ചാണ്ടിയും ഒഴിയും. കെ സി വേണുഗോപാൽ സമിതിയിൽ തുടരും. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിത്തന്നെ അദ്ദേഹം തുടരാനാണ് രാഹുൽ ഗാന്ധി അടക്കമുള്ളവരുടെ താൽപര്യം.
സംസ്ഥാനത്തു നിന്നുള്ള രണ്ട് ഒഴിവുകളിൽ ഒന്നിൽ രമേശ് ചെന്നിത്തലയ്ക്കാണ് സാധ്യത. ശേഷിക്കുന്ന ഒരു സീറ്റിലേക്കാണ് ചരടുവലി. ശശി തരൂർ, മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് മുൻനിരയിൽ. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിനാൽ തരൂരിന് അവസരം ലഭിക്കുമോയെന്ന് ഉറപ്പില്ല. തരൂരിനെ ഉൾപ്പെടുത്തിയില്ലെങ്കിൽ അദ്ദേഹം മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. പ്രവർത്തക സമിതിയിലേക്കു മത്സരിക്കുന്നില്ലെന്നായിരുന്നു തരൂർ ആദ്യം പറഞ്ഞെതെങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം ഇക്കാര്യത്തിൽ പ്രതികരിക്കാമെന്നാണ് പുതിയ പ്രഖ്യാപനം.
അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച തരൂരിന് 1072 വോട്ടുകൾ ലഭിച്ചിരുന്നു. പ്രവര്‍ത്തകസമിതിയിലേക്ക് വേണ്ടിവരുന്ന 200 ഓളം വോട്ടുകൾ നേടാൻ കഴിയുമോ എന്ന കാര്യത്തിൽ തരൂർ ക്യാമ്പിന് സംശയങ്ങളുണ്ട്. നാമനിർദ്ദേശമാണ് തരൂർ ആഗ്രഹിക്കുന്നത്. എന്നാല്‍ മത്സരം വന്നാൽ മത്സരം എന്ന നിലപാടിലാണ് ചെന്നിത്തല. മുൻപ് എഐസിസി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചതിനാൽ ചെന്നിത്തലയ്ക്ക് നിരവധി ബന്ധങ്ങളുണ്ട്. ഇതാണ് ആത്മവിശ്വാസം വർധിപ്പിക്കുന്നത്.
കെ മുരളീധരൻ, എം കെ രാഘവൻ, ബെന്നി ബഹന്നാൻ എന്നീ എംപിമാരാണ് തരൂരിന് വർക്കിങ് കമ്മറ്റി അംഗത്വം നൽകണമെന്ന ആവശ്യവുമായി നിൽക്കുന്നത്. ഇവർ ഹൈക്കമാൻഡിനു മുന്നിൽ ആവശ്യം ഉന്നയിച്ചെങ്കിലും ഹൈക്കമാൻഡ് മനസ് തുറന്നിട്ടില്ല. വേണുഗോപാലും രമേശ് ചെന്നിത്തലയും പ്രവർത്തക സമിതിയിലേക്ക് എത്തിയാൽ ന്യൂനപക്ഷ വിഭാഗത്തിൽനിന്ന് ഒരാൾ സമിതിയിലെത്താനുള്ള സാധ്യതയുമുണ്ട്. അത് കൊടിക്കുന്നിലിന് തുണയായേക്കും. ആന്റണിയെ ക്ഷണിതാവായി ഉൾപ്പെടുത്തിയേക്കും. 25 അംഗ പ്രവർത്തക സമിതിയിൽ കോൺഗ്രസ് പ്രസിഡന്റും പാർലമെന്ററി പാർട്ടി നേതാവും ഒഴിച്ചുള്ള 23 പേരിൽ 11 പേരെ പ്രസിഡന്റ് നാമനിർദേശം ചെയ്യും. 12 പേരെ മത്സരത്തിലൂടെ തെരഞ്ഞെടുക്കും. 2001ന് ശേഷം മത്സരം ഉണ്ടായിട്ടില്ല.
കോൺഗ്രസ് ചരിത്രത്തിലെ 85-ാമത് പ്ലീനറി സമ്മേളനത്തിനാണ് ഇന്ന് ഛത്തീസ്ഗഡിലെ റായ്പൂരിൽ തുടക്കമാവുന്നത്. പതിനയ്യായിരത്തോളം പ്രതിനിധികൾ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും. 1338 പേർക്കാണ് വോട്ടവകാശം.
പ്രവർത്തക സമിതിയിലേക്ക് നാമനിർദേശം മതിയെന്നാണ് ഭൂരിപക്ഷാഭിപ്രായമെങ്കിലും രാഹുൽ ഗാന്ധിയുടെ നിലപാട് നിർണായകമാകും. വൈകുന്നേരം ചേരുന്ന സബ്ജക്ട് കമ്മിറ്റി പ്രമേയങ്ങൾക്ക് അന്തിമരൂപം നൽകും. പ്രതിപക്ഷ സഖ്യം പ്രഖ്യാപിച്ചുള്ള രാഷ്ട്രീയപ്രമേയമടക്കം നിർണായക പ്രമേയങ്ങളും അവതരിപ്പിക്കും. പ്രവർത്തക സമിതി അംഗബലംകൂട്ടൽ, സമിതികളിൽ 50 ശതമാനം യുവാക്കൾക്കും, പിന്നാക്ക വിഭാഗങ്ങൾക്കും സംവരണമടക്കം ഭരണഘടന ഭേദഗതികൾക്കും സാധ്യതയുണ്ട്.
English Summary;Congress Plenary Session Begins Today
You may also like this video