കോൺഗ്രസ് അധ്യക്ഷ പദത്തിലേക്ക് 22 വർഷത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് ഇന്ന്. ബാലറ്റ് പേപ്പറും ബോക്സും പോളിങ് സ്റ്റേഷനുകളായ പിസിസികളിൽ എത്തിച്ചു. 9308 വോട്ടർമാരാണ് 68 ബൂത്തുകളിലായി രഹസ്യബാലറ്റിലൂടെ വോട്ട് രേഖപ്പെടുത്തുക. സ്ഥാനാർത്ഥികളായ ശശി തരൂർ കേരളത്തിലും മല്ലികാർജുൻ ഖാർഗെ കർണാടകയിലും വോട്ട് ചെയ്യും. ഭാരത് ജോഡോ യാത്രയുടെ തിരക്കിലുള്ള രാഹുൽ ഗാന്ധി കർണാടകയിൽ നിന്നാണ് വോട്ട് ചെയ്യുക. ബെല്ലാരിയിലെ ക്യാമ്പിൽ വച്ചാകും രാഹുൽ ഗാന്ധിയും 40 പിസിസി അംഗങ്ങളും വോട്ട് ചെയ്യുകയെന്ന് ജനറൽ സെക്രട്ടറി ജയ്റാം രമേശ് അറിയിച്ചു. ഏറ്റവും കൂടുതൽ വോട്ടർമാരുള്ള യുപിയിലായിരുന്നു ശശി തരൂർ പ്രചാരണം അവസാനിപ്പിച്ചത്.
സ്വന്തം സംസ്ഥാനമായ കർണാടകയിലാണ് മല്ലികാർജുൻ ഖാർഗെയുടെ അവസാനവട്ട പ്രചാരണം. ഉദയ്പൂർ പ്രഖ്യാപനം നടപ്പാക്കുമെന്ന ഉറപ്പ് നൽകി 20ഓളം പിസിസികളിലെ വോട്ടർമാരെ ഖാർഗെ നേരിട്ട് കണ്ടു. എന്നാല്‍ 1238 വോട്ടർമാരുള്ള യുപി പിസിസിയിലാണ് തരൂർ പ്രചാരണമവസാനിപ്പിച്ചത്. അപൂർണമായ വോട്ടർപട്ടിക, നേതാക്കളുടെ പക്ഷപാത പ്രചാരണം തുടങ്ങി കഴിഞ്ഞ മാസം 30 മുതൽ നിരവധി ആരോപണങ്ങൾ തരൂർ ഉയർത്തിയിരുന്നു. വോട്ട് രേഖപ്പെടുത്തുന്ന രീതിയ്‌ക്കെതിരെയും തരൂർ പരാതിയുയര്‍ത്തി. ഒന്ന് എന്ന് അക്കത്തിലെഴുതി വോട്ടുചെയ്യുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്നാണ് പരാതി.
ഗുണന ചിഹ്നമോ, ടിക്കോ ഇടുകയാണെങ്കിൽ വോട്ട് അസാധുവാകും. ബാലറ്റ് പേപ്പറിൽ ആദ്യം പേരുള്ള മല്ലികാർജുൻ ഖാർഗെയ്ക്ക് വോട്ട് ചെയ്യാനുള്ള സന്ദേശമാണിതെന്നാണ് തരൂർ പരാതിയിൽ പറഞ്ഞത്. പിന്നീട് വോട്ടർമാർക്ക് അവരുടെ ഇഷ്ടം ‘ടിക്’ ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് സമിതി വ്യക്തമാക്കിയതോടെ പ്രശ്നം പരിഹരിച്ചതായി പാര്‍ട്ടിവൃത്തങ്ങൾ അറിയിച്ചു.
അതേസമയം പുതിയ അധ്യക്ഷന്റെ ഭരണപരമായ അവകാശങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ഇപ്പോഴും തുടരുകയാണ്. രാഹുൽ‑സോണിയ ‘റിമോട്ട് കൺട്രോളി‘ൽ ആയിരിക്കും പുതിയ അധ്യക്ഷൻ എന്ന ആരോപണം വിവിധതലങ്ങളിൽ നിന്നുയർന്നിരുന്നു. എന്നാൽ ആര് ജയിച്ചാലും പാർട്ടി നടത്തിപ്പിലും തീരുമാനങ്ങൾ എടുക്കുന്നതിലും സ്വതന്ത്രമായ അധികാരം ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി ജോഡോ യാത്രക്കിടെ മറുപടി നൽകിയിരുന്നു. തെരഞ്ഞെടുപ്പിലേക്ക് സ്വാഗതം ചെയ്യുന്നെന്നും പാർട്ടിക്ക് ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്നും സോണിയാ ഗാന്ധി പറഞ്ഞതായി ശശി തരൂരും നേരത്തെ അറിയിച്ചിരുന്നു. ഇന്ന് രാവിലെ പത്ത് മുതൽ വൈകിട്ട് നാല് വരെയാണ് വോട്ടെടുപ്പ്. 19നാണ് വോട്ടെണ്ണൽ.
English Summary: Congress president election today
You may also like this video