Site iconSite icon Janayugom Online

തരൂരിനെതിരെ പടയൊരുങ്ങി

ആരേയും എതിർക്കാനല്ല, പാർട്ടിയെ ശക്തിപ്പെടുത്താനാണ് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരത്തിനിറങ്ങിയതെന്ന് മല്ലികാർജുൻ ഖാർഗെ. പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളില്‍ ഒരാളാണ് ഖാര്‍ഗെ. എന്നാല്‍ പ്രവര്‍ത്തകരുടെ പ്രതീക്ഷയ്ക്കനുസൃതമായി മാറ്റം കൊണ്ടുവരാന്‍ അദ്ദേഹത്തിനാകില്ലെന്ന് മറ്റാെരു സ്ഥാനാര്‍ത്ഥി ശശി തരൂര്‍. അതേസമയം ശശി തരൂര്‍ വരേണ്യവർഗത്തിൽപ്പെട്ട നേതാവാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശാേക് ഗെലോട്ട്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിന് ചൂടേറി.
ശശി തരൂർ നല്ല മനുഷ്യനാണ്, ഉയർന്ന ചിന്തയുണ്ട്. പക്ഷെ അദ്ദേഹം വരേണ്യവർഗത്തിൽ നിന്നുമുളളയാളാണെന്നാണ് അശോക് ഗെലോട്ട് അഭിപ്രായപ്പെട്ടത്. മല്ലികാർജുന്‍ ഖാർഗെ എല്ലാവർക്കും സ്വീകാര്യനാണെന്നും ദളിത് വിഭാഗത്തിൽ നിന്നും വരുന്ന അദ്ദേഹത്തിന് നിർമ്മലമായ ഹൃദയമുണ്ടെന്നും ഗെലോട്ട് പറഞ്ഞു. പാർട്ടിയെ ശക്തിപ്പെടുത്താൻ ആവശ്യമായ അനുഭവസമ്പത്ത് ഖാർഗെയ്ക്കുണ്ട്. അതുകൊണ്ട് ഇത് ഏകപക്ഷീയമായ മത്സരം ആകുമെന്നും വിജയം ഉറപ്പാണെന്നും ഗെലോട്ട് അഭിപ്രായപ്പെട്ടു.
മുതിർന്ന നേതാക്കളും യുവ നേതാക്കളും ഒരുപോലെ രംഗത്തിറങ്ങാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതെന്ന് ഖാർഗെ പറഞ്ഞു. ഗാന്ധിജിയുടെയും ലാൽ ബഹാദൂർ ശാസ്ത്രിയുടെയും ജന്മവാർഷിക ദിനത്തിലാണ് പ്രചാരണം ആരംഭിക്കുന്നത്. താനെപ്പോഴും പ്രത്യയശാസ്ത്രത്തിനും ധാർമ്മികതയ്ക്കും വേണ്ടി പോരാടിയിട്ടുണ്ട്. വർഷങ്ങളോളം പ്രതിപക്ഷ നേതാവും മന്ത്രിയും എംഎൽഎയുമായി ജനങ്ങളെ സേവിച്ചിട്ടുണ്ട്. അതേ ധാർമ്മികതയും പ്രത്യയശാസ്ത്രവും മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു. ഒരു ദളിത് നേതാവായി മാത്രം മത്സരിക്കുന്നില്ലെന്നും കോൺഗ്രസ് നേതാവായിട്ടാണ് മത്സരിക്കുന്നതെന്നും ഖാർഗെ പറഞ്ഞു.
അതേസമയം മല്ലികാര്‍ജുന്‍ ഖാര്‍ഗെയെപ്പോലുള്ള നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയില്ലെന്നും നിലവിലുള്ള സംവിധാനം തുടരുകയേ ഉള്ളൂവെന്നും ശശി തരൂര്‍ പറഞ്ഞു. താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതീക്ഷയ്ക്കനുസൃതമായി മാറ്റങ്ങള്‍ കൊണ്ടുവരും. ‘ഞങ്ങള്‍ ശത്രുക്കളല്ല, ഇത് യുദ്ധവുമല്ല. പാര്‍ട്ടിയുടെ ഭാവിക്ക് വേണ്ടിയുള്ള വോട്ടെടുപ്പാണ്. പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളില്‍ ഒരാളാണ് ഖാര്‍ഗെ. അദ്ദേഹത്തെപ്പോലുള്ളവര്‍ക്ക് മാറ്റം കൊണ്ടുവരാന്‍ കഴിയില്ല’-ശശി തരൂര്‍ നാഗ്പൂരില്‍ പറഞ്ഞു.
അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂരും ഖാർഗെയുമാണ് മത്സരരംഗത്തുള്ളത്. കെ എൻ ത്രിപാഠി പത്രിക നല്കിയിരുന്നെങ്കിലും തള്ളിപ്പോയി. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഈ മാസം എട്ട്. അന്ന് വൈകുന്നേരം അഞ്ചിന് സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. വോട്ടെടുപ്പ് 17ന് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 19നാണ്.

Eng­lish sum­ma­ry; con­gress pres­i­den­tial elec­tion: inter­nal fights among leaders
You may also like this video;

Exit mobile version