Site iconSite icon Janayugom Online

കോൺഗ്രസ് പുന:സംഘടന വീണ്ടും കുരുക്കിൽ

പുന:സംഘടനയിൽ ഒരു വർഷം കഴിഞ്ഞ ബ്ലോക്ക് പ്രസിഡന്റുമാരെ ഒഴിവാക്കണമെന്ന തീരുമാനം സംസ്ഥാന കോൺഗ്രസിൽ പുതിയ കുരുക്കായി. അയോഗ്യതകളില്ലെങ്കിൽ നിലവിലെ പ്രസിഡന്റുമാർക്ക് തുടരാമെന്നുമുള്ള വിചിത്രമായ നിർദ്ദേശമാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്.
പുന:സംഘടനയുമായി ബന്ധപ്പെട്ട സർവ പ്രശ്നങ്ങൾക്കും പരിഹാരമെന്നോണം രൂപവത്കരിച്ച ഏഴംഗ സമിതി, യോഗം ചേരാൻ വൈകുന്നതിന്റെ പേരിൽ ഏറെ പഴി കേട്ടതിനു ശേഷം കൂടിയ ആദ്യ യോഗത്തിലാണ് കല്ലുകടി അനുഭവപ്പെടുന്ന തീരുമാനം.

തീരുമാനം പുറത്തുവന്നതിനു പിന്നാലെ നിലവിലെ ബ്ലോക്ക് പ്രസിഡന്റുമാർ പോർവിളി മുഴക്കി രംഗത്തെത്തി. ഗ്രൂപ്പ് ബലത്തിന്റെ സൗകര്യത്തിൽ 10 വർഷത്തിലധികമായി സ്ഥാനത്ത് തുടരുന്ന നിരവധി പേരുണ്ട്. ഇവരിൽ പലരും ഒരു പ്രാവശ്യം കൂടി പദവിയിൽ തുടരണം എന്ന് ശാഠ്യമുള്ളവരാണ്. ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റുന്നവരെ ഡിസിസി ഭാരവാഹികളായി പരിഗണിക്കും എന്ന ആശ്വാസവചനമുണ്ടെങ്കിലും അതാരും വിലയ്ക്കെടുക്കുന്നില്ല. ഡിസിസി ഭാരവാഹികളുടെ എണ്ണം 35 എന്ന് പരിമിതപ്പെടുത്തുകയാണെങ്കിൽ ഈ വാഗ്ദാനം പാലിക്കാൻ പ്രയാസമായിരിക്കുമെന്ന് അവർക്കറിയാം. നിലവിലെ ബ്ലോക്ക് പ്രസിഡന്റുമാരുടെ കട്ടിലൊഴിഞ്ഞു കിട്ടിയിട്ടു വേണം, സ്ഥാനചലനമുണ്ടാകുന്ന മണ്ഡലം പ്രസിഡന്റുമാർക്ക് ആ പദവിയിലേക്കെത്താൻ.

അന്ത്യശാസനങ്ങൾ പലത് നൽകിയിട്ടും മുഴുവൻ ജില്ലകളിലും നിന്നുള്ള പട്ടിക എത്തിയിട്ടില്ല. ഈസ്റ്ററും വിഷുവും റംസാനും അടുപ്പിച്ചെത്തിയത് ഡിസിസികൾക്ക് തടി തപ്പാൻ സൗകര്യവുമായി. ഡിസിസി ഭാരവാഹിപ്പട്ടിക 35 എന്ന് നിജപ്പെടുത്തണമെന്ന് നിർദ്ദേശം നൽകിയിരുന്നെങ്കിലും, പട്ടിക നൽകിയ ചില ഡിസിസികൾ നാലിരട്ടി പേരുകൾ വരെ നിർദ്ദേശിച്ചതായാണ് വിവരം. ഇതിൽ നിന്ന് ഏവർക്കും സ്വീകാര്യരായ 35 പേരെ കണ്ടെത്താൻ പുന:സംഘടനാ സമിതി വിയർപ്പൊഴുക്കേണ്ടിവരും. കെപിസിസിയുടെ കർശനനിർദ്ദേശങ്ങളെയും താക്കീതുകളെയും വെല്ലുവിളിച്ച് ജില്ലകളിൽ ഗ്രൂപ്പ് താത്പര്യങ്ങളുടെ പേരിൽ നിസ്സഹകരണം ശക്തിപ്രാപിക്കുകയും കലഹമൊഴിവാക്കാൻ, ഗ്രൂപ്പുകൾ നിർദ്ദേശിച്ച മുഴുവൻ പേരെയും ഉൾപ്പെടുത്തേണ്ട സ്ഥിതിയുണ്ടാവുകയും ചെയ്തതോടെയാണ്, ഡിസിസികൾ നൽകിയ ഭാരവാഹിപ്പട്ടിക ജമ്പോ പട്ടികകളായത്.

Eng­lish Summary;Congress re-organ­i­sa­tion is in trou­ble again

You may also like this video


Exit mobile version