Site iconSite icon Janayugom Online

ചരിത്രത്തില്‍ നിന്ന് കോണ്‍ഗ്രസ് പാഠം പഠിക്കണം

ജനുവരി 22ന് നടക്കാനിരിക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയ പരിപാടിയാക്കി ഹിന്ദു ധ്രുവീകരണം എന്ന തങ്ങളുടെ അജണ്ടയ്ക്ക് പുതിയ കളമൊരുക്കിയിരിക്കുകയാണ് ബിജെപി. മതേതര രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരു മതചടങ്ങ് ഉദ്ഘാടനം ചെയ്യുന്നുവെന്ന് മാത്രമല്ല, അതൊരു സര്‍ക്കാര്‍ പരിപാടിയെന്ന നിലയില്‍ വന്‍പ്രചരണം നല്‍കുകയും ചെയ്യുന്നു. രാമക്ഷേത്രത്തോടൊപ്പം അയോധ്യയിലെ റെയില്‍വേസ്റ്റേഷന്‍, വിമാനത്താവളം എന്നിവ വിപുലീകരിക്കുന്ന പരിപാടികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി റോഡ്ഷോയും നടത്തുന്നത് രാജ്യത്തെ മതേതര ജനാധിപത്യ സമൂഹത്തോടുള്ള പരസ്യവെല്ലുവിളിയാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അയോധ്യ തന്നെ പ്രചരണായുധമാക്കാന്‍ അനുചരവൃന്ദങ്ങളോട് ആഹ്വാനം ചെയ്തിട്ടുമുണ്ട്. അതോടൊപ്പം മതചടങ്ങിലേക്ക് ക്ഷണിച്ചുകൊണ്ട് മതേതര രാഷ്ട്രീയ പാര്‍ട്ടികളെ ആശയക്കുഴപ്പത്തിലാക്കുക എന്ന തന്ത്രവും അവര്‍ പയറ്റിനോക്കുന്നു. ബാബറി മസ്ജിദ് തകര്‍ത്ത്, അതേസ്ഥാനത്ത് ഹിന്ദുത്വവാദികള്‍ പണിതുയര്‍ത്തിയ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തില്‍ പൊതുസമൂഹം പങ്കെടുത്താല്‍ 1992 ഡിസംബര്‍ ആറ് എന്ന കറുത്തദിനത്തെ വെള്ളപൂശിയടുക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. എന്നാല്‍ ഇടതുപക്ഷവും ക്ഷണം ലഭിച്ച മറ്റുചില പാര്‍ട്ടികളും ക്ഷേത്രപ്രതിഷ്ഠയില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി. തങ്ങൾ മതവിശ്വാസങ്ങൾക്ക് എതിരല്ലെന്നും, വിശ്വാസങ്ങൾ വ്യക്തിപരമായ വിഷയമാണെന്നും, അതുപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കരുതെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും സിപിഐ(എം) ജനറല്‍ സെക്രട്ടി സീതാറാം യെച്ചൂരിയും അസന്ദിഗ്ധമായി പ്രസ്താവിച്ചു.

 


ഇതുകൂടി വായിക്കൂ; അവരുടെ ലക്ഷ്യം അയോധ്യയും മഥുരയുമല്ല, ഇന്ത്യ


ഇടതുപാര്‍ട്ടികള്‍ക്കു പുറമേ ഇന്ത്യ സഖ്യത്തിലെ തൃണമൂൽ കോൺഗ്രസും, ആർജെഡിയും, ജെഡിയുവും ചടങ്ങ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം വ്യക്തമായ തീരുമാനമെടുക്കാതെ ത്രിശങ്കുവില്‍ നില്‍ക്കുകയാണ് സഖ്യത്തിലെ പ്രധാനപാര്‍ട്ടിയായ കോണ്‍ഗ്രസ്. ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന വിവരം മുതിര്‍ന്ന നേതാവ് സോണിയാ ഗാന്ധി ചടങ്ങില്‍ പങ്കെടുക്കുമെന്നാണ്. വ്യക്തിപരമായ ക്ഷണം എന്ന നിലയിലായിരിക്കും സോണിയ ഗാന്ധി പങ്കെടുക്കുകയെന്നാണവര്‍ സൂചിപ്പിക്കുന്നത്. സോണിയയോ പ്രതിനിധിയോ പങ്കെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നതുമാണ്. വിഷയത്തിൽ നിലപാട് വ്യക്തമാക്കാനാകാതെ ഉരുണ്ടുകളിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ്. കെപിസിസിയല്ല ഹൈക്കമാൻഡാണ് തീരുമാനമെടുക്കേണ്ടത് എന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചത്. രാജ്യത്തെ ജനാധിപത്യവിശ്വാസികളുടെ വലിയ പ്രതീക്ഷയായ ഇന്ത്യ മുന്നണിയിലെ പ്രധാനപ്പെട്ട കക്ഷിയായ കോൺഗ്രസ്, പ്രതിഷ്ഠാദിന ചടങ്ങിൽ പങ്കെടുക്കുന്നതിനെതിരെ ഇതര പാർട്ടികള്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. പങ്കെടുക്കരുതെന്നാണ് സഖ്യത്തിലെ ഭൂരിഭാഗം പാർട്ടികളും ആവശ്യപ്പെടുന്നത്. കോൺ​ഗ്രസിന്റെ ചില സംസ്ഥാന ഘടകങ്ങൾക്കും പാര്‍ട്ടി നിലപാടില്‍ വിയോജിപ്പുണ്ടെന്നാണ് വിവരം. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കേ അയോധ്യയില്‍ ആരാധനയ്ക്ക് അനുമതി നല്‍കിയതും ബാബറി പള്ളി തകര്‍ക്കുന്നത് തടയാന്‍ സേനയെ വിന്യസിക്കാത്ത നരസിംഹ റാവുവിന്റെ നിലപാടും കോണ്‍ഗ്രസിനുമേല്‍ കരിനിഴലായി നില്‍ക്കുന്നുണ്ട്. മൃദുഹിന്ദുത്വമെന്ന പേരുദോഷത്തില്‍ നിന്ന് പൂര്‍ണ ഹിന്ദുത്വപാര്‍ട്ടിയെന്ന നിലയിലേക്ക് മാറിയാല്‍ രാജ്യത്തെ ന്യൂനപക്ഷത്തിന് കോണ്‍ഗ്രസില്‍ അവശേഷിക്കുന്ന വിശ്വാസവും നഷ്ടപ്പെടും.
ഇന്ത്യ മുന്നണിയെ പിന്തുണയ്ക്കുന്നവർ ബിജെപിയും അവർ മുന്നോട്ടുവയ്ക്കുന്ന തീവ്ര ഹിന്ദുത്വ രാഷ്ട്രീയവും പരാജയപ്പെടണമെന്നാഗ്രഹിക്കുന്നവരാണ്. കേവലം 35 ശതമാനത്തിൽ താഴെ മാത്രമാണ് ബിജെപിക്ക് ലഭിച്ചിട്ടുള്ള ജനപിന്തുണ. ബാക്കിയുള്ള 65 ശതമാനവും ബിജെപിയെ എതിര്‍ക്കുന്നവരാണ്. ഇതില്‍ ആരോടൊപ്പമാണ് നിലകൊള്ളേണ്ടത് എന്നാണ് കോൺഗ്രസ് തീരുമാനിക്കേണ്ടത്. 1949ൽ ബാബറി പള്ളി സംരക്ഷിക്കണമെന്ന് നിർദേശിച്ച പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനെ അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി ഗോബിന്ദ് വല്ലഭ് പന്ത് അവഗണിച്ചതില്‍ തുടങ്ങുന്നു കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വം. 1989ൽ രാമക്ഷേത്ര നിർമ്മാണത്തിനായുള്ള കല്ലിടലിന്‌ അനുവാദം കൊടുത്ത പ്രധാനമന്ത്രി രാജീവ് ഗാന്ധി, അയോധ്യയിൽ വച്ച് തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ ഉദ്ഘാടനം ചെയ്തു. 1992ൽ ബാബറി മസ്ജിദ് തകർക്കുമ്പോള്‍ കർസേവകർക്ക് മൗനമായി ഒത്താശ ചെയ്ത കോൺഗ്രസ് ഭരണകൂടത്തിന്റെ നിലപാടാണ് ദേശീയചരിത്രത്തിലെ ഉണങ്ങാത്ത മുറിവിന് കാരണമായത്. അതില്‍ നിന്ന് ഇന്നും ചോരകിനിയുന്നുണ്ട്. ഉണങ്ങാത്ത ചോരയിലൂടെ വര്‍ഗീയമായ ചേരിതിരിവുകൾ സൃഷ്ടിക്കാനും വെറുപ്പ് പടർത്തി ജനങ്ങളെ പരസ്പരം ശത്രുക്കളാക്കി അധികാരം നിലനിർത്താനുമുള്ള സംഘ്പരിവാർ ശ്രമം വിജയം കാണുന്ന കാലമാണിത്. പൂര്‍ണഹിന്ദുത്വ രാഷ്ട്രം നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണവര്‍. ചരിത്രത്തിൽ നിന്ന് പാഠം ഉൾക്കൊള്ളാനും മതനിരപേക്ഷ മനുഷ്യരെയാകെ ഒരുമിച്ചുചേർത്ത് മുന്നോട്ടുപോകാനുമാണ് കോൺഗ്രസും മതേതര ജനാധിപത്യ പാര്‍ട്ടികളും ആര്‍ജവം കാണിക്കേണ്ടത്.

Exit mobile version