Site icon Janayugom Online

പ്രിയങ്കഗാന്ധിയെ നേതൃസ്ഥാനത്തേക്ക് എത്തിക്കുവാന്‍ കോണ്‍ഗ്രസില്‍ അണിയറ നീക്കം

യുപി അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം കോണ്‍ഗ്രസ് പുതിയ മാറ്റത്തിനൊരുങ്ങുകയാണ്. പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കി പരീക്ഷിക്കാനാണ് തീരുമാനം. രാഹുല്‍ ഗാന്ധിയുടെ പുതിയ സ്ഥാനം നേരത്തെ തന്നെ ഉറപ്പിച്ചതാണ്.
എന്നാല്‍ രാഹുലിനെ പോലെ ഒരാളെകൊണ്ടു മുന്നോട്ട് പോകുവാന്‍ കഴിയില്ലെന്ന സാഹചര്യമാണ് കോണ്‍ഗ്രിസിനുള്ളത്. ബിജെപിയെ രാഷ്ട്രീയമായി നേരിടുന്നതില്‍ കോണ്‍ഗ്രസ് ഏറെ പിന്നില്‍ പോയ സാഹചര്യമാണ് നിലനില്‍ക്കുന്നത്. അതിനാലാണ് പ്രിയങ്കക്ക് കൂടുതല്‍ ഉത്തരവാദിത്വം വരുന്നതും. എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയുടെ റോളില്‍ അടിമുടി മാറ്റമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 2004ല്‍ യുപിഎ രൂപീകരിക്കുമ്പോള്‍ സോണിയ ഗാന്ധി വഹിച്ചിരുന്ന അതേ റോളിലേക്കാണ് പ്രിയങ്ക വരുന്നത്. 

ഒരുപക്ഷേ അധികാരങ്ങള്‍ അതില്‍ കൂടുതലുണ്ടാവും. സംഘടനയുടെ അടിമുടി ചുമതല പ്രിയങ്കയിലായിരിക്കുമെന്നാണ് സൂചന. പ്രിയങ്കയെ ആദ്യം കാത്തിരുന്നത് ട്രബിള്‍ഷൂട്ടര്‍ റോളാണ്. അഹമ്മദ് പട്ടേലിനായി നേരത്തെ ഈ റോള്‍ സോണിയാ ഗാന്ധി നല്‍കിയിരുന്നത്. കര്‍ണാടകത്തില്‍ നിന്ന് ഡികെ ശിവകുമാറും ഈ നിരയിലുള്ള നേതാവായിരുന്നു. അഹമ്മദ് പട്ടേലിന്റെ വിയോഗത്തെ കോണ്‍ഗ്രസ് കുറച്ച് പ്രതിസന്ധിയിലായിരുന്നു. സച്ചിന്‍ പൈലറ്റിന്റെ പ്രശ്‌നം അടക്കം വഷളായിരുന്നു. എന്നാല്‍ ഈ സമയത്താണ് പ്രിയങ്കയെ ട്രബിള്‍ ഷൂട്ടറായി നിയമിക്കുന്നത്.

യുപിക്കൊപ്പം ആ റോളും പ്രിയങ്ക ഏറ്റെടുത്തു. കോണ്‍ഗ്രസിലെ എല്ലാ പരാതികളും പ്രിയങ്കയുടെ അടുത്തേക്കാണ് വന്നത്. കഴിഞ്ഞ ദിവസം ഹരീഷ് റാവത്ത് ഗാന്ധി കുടുംബത്തിനെതിരെ രംഗത്ത് വന്നപ്പോള്‍ പ്രിയങ്ക ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിംഗിനെ പഞ്ചാബില്‍ നിന്ന് മാറ്റിയതിന് എല്ലാ കാര്യങ്ങളും ചെയ്തത് പ്രിയങ്കയാണ്. നവജ്യോത് സിംഗ് സിദ്ദു ഉയര്‍ന്ന് വരാന്‍ കാരണവും പ്രിയങ്കയാണ്. അത് മാത്രമല്ല രാജസ്ഥാനിലെ പ്രശ്‌നങ്ങളും പ്രിയങ്ക പരിഹരിച്ചു.

അശോക് ഗെലോട്ടിനെ നിയന്ത്രിച്ച് സച്ചിന്‍ പൈലറ്റ് പക്ഷത്തെ നേതാക്കളെ മന്ത്രിമാരാക്കുകയും ചെയ്തു. പ്രിയങ്കയുടെ ടീമിനാണ് ജനങ്ങളുമായി കൂടുതല്‍ ബന്ധമുള്ളതെന്ന് കോണ്‍ഗ്രസിലെ നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നുണ്ട്. ഇതാണ് കൂടുതല്‍ വലിയ റോള്‍ പ്രിയങ്ക ഏറ്റെടുക്കാന്‍ പോകുന്നതിന്റെ പ്രധാന കാരണം. അതേസമയം കോണ്‍ഗ്രസിനുള്ളില്‍ ഇത് സച്ചിന്‍ പൈലറ്റിനും ഭൂപേഷ് ബാഗലിനും വലിയ അധികാരങ്ങള്‍ നല്‍കാനും ഇടവരുത്തും. യുപി തിരഞ്ഞെടുപ്പിന് ശേഷമാണ് പ്രിയങ്കയ്ക്ക് പുതിയ റോള്‍ ലഭിക്കുക.

ഇത് നല്‍കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരായതാണ്.രാഹുലിനെ തുറന്ന് എതിര്‍ക്കുകയാണ് മമതയും പവാറും എല്ലാം. എന്നാല്‍ പ്രിയങ്കയോട് അവര്‍ക്ക് എതിര്‍പ്പ് കുറവാണ്. രാഹുലിന് കമ്മ്യൂണിക്കേഷന്റെ നല്ലൊരു പ്രശ്‌നം ഉണ്ട്. എന്നാല്‍ പ്രിയങ്കയ്ക്ക് അതില്ല. ഒപ്പം ജി23 നേതാക്കളുമായി വിശദമായ ചര്‍ച്ചകള്‍ പ്രിയങ്ക നടത്തും. 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇവരുടെ പിന്തുണ പ്രിയങ്ക ആവശ്യപ്പെട്ടു. നേരത്തെ ലഖിംപൂര്‍ ഖേരി സംഭവമുണ്ടായപ്പോള്‍ പ്രിയങ്ക നയിച്ച പോരാട്ടങ്ങളെ ജി23 നേതാക്കള്‍ പരസ്യമായി അഭിനന്ദിച്ചിരുന്നു.

കര്‍ഷക സമരത്തിന്റെ സമയത്ത് രാഹുലിനേക്കാള്‍ കളത്തിലുണ്ടായിരുന്നത് പ്രിയങ്കയാണ്. രാഹുലിന്റെ ഇടപെടലിനെ സംബന്ധിച്ച് അന്നേ വിമര്‍ശനമുയര്‍ന്നിരുന്നു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി പ്രിയങ്കയെ ഉയര്‍ത്താനാണ് സാധ്യത. ആചാര്യ പ്രമോദ് കൃഷ്ണമിനെ പോലുള്ള പ്രിയങ്ക അധ്യക്ഷയാവണമെന്നാണ് പറയുന്നത്. മറ്റുള്ളവര്‍ പ്രിയങ്ക ഉപാധ്യക്ഷ പദവിയോ അധ്യക്ഷയോ ആവണമെന്ന് ആവശ്യപ്പെടുന്നുണ്ട്. അതേസമയം ഉത്തരേന്ത്യയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്ന പോസ്റ്റും പരിഗണനയിലുണ്ട്.

നിലവില്‍ വൈസ് പ്രസിഡന്റ് കോണ്‍ഗ്രസില്‍ ഇല്ല. മുമ്പ് ഈ പദവി ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ തവണ മുതല്‍ ആരെയും നിയമിച്ചിട്ടില്ല. അര്‍ജുന്‍ സിംഗ്, രാഹുല്‍ ഗാന്ധി, ജിതേന്ദ്ര പ്രസാദ എന്നിവര്‍ വൈസ് പ്രസിഡന്റ് ആയിട്ടുണ്ട്. അതേസമയം രാഹുലിനെ അപേക്ഷിച്ച് പ്രിയങ്കയുടെ വര്‍ക്കിംഗ് സ്റ്റൈല്‍ വളരെ മികച്ചതാണെന്ന അഭിപ്രായം കോണ്‍ഗ്രസിലുണ്ട്. ഏത് നേതാവ് പറയുന്നതും ഏത് നിമിഷവും കേള്‍ക്കാന്‍ പ്രിയങ്ക സന്നദ്ധയാണ്. പ്രിയങ്ക വന്നാല്‍ സച്ചിനും കോണ്‍ഗ്രസില്‍ നിര്‍ണായക റോളുണ്ടാവും. 

സച്ചിനെ ദേശീയ തലത്തിലേക്ക് എത്തിക്കും. നേതൃത്വത്തിന് പിന്നാലെ പലരും പുറത്തേക്ക് പോകേണ്ടി വരുമെന്നാണ് സൂചന. നേതാക്കളുടെ കൊഴിഞ്ഞുപോക്ക് വലിയ പ്രശ്‌നമായി രാജസ്ഥാന്‍ കാണാറുണ്ട്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നും നേതാക്കളും, ജനപ്രതിനിധികളും ബിജെപിയിലേക്കും, തൃണമൂലിലിലേക്കും പോകുന്ന സാഹചര്യത്തില്‍ പ്രിയങ്ക അതിനെ എങ്ങനെ നേരിടുമെന്നു രാഷട്രീയ വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നു.

Eng­lish Sum­ma­ry: con­gress to make Priyan­ka Gand­hi in the leadership

You may also like this video

Exit mobile version