Site icon Janayugom Online

സച്ചിന്‍ പൈലറ്റ് പാര്‍ട്ടിക്ക് പുറത്തേക്കെന്ന് സൂചന ; ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം

പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനമാണെന്ന്‌ ഹൈക്കമാന്‍ഡ് വ്യക്തമാക്കിയ സ്ഥിതിക്ക്‌ നിരാഹാരസമരവുമായി സച്ചിന്‍ പൈ­ലറ്റ് മുന്നോട്ടുപോകുമ്പോള്‍, അദ്ദേഹം വഴിതുറക്കുന്നത് പാര്‍ട്ടിക്ക് പുറത്തേക്കുള്ള വാതിലാണോയെന്നാ­ണ് അഭ്യൂഹം. എട്ടുമാസങ്ങള്‍ക്കപ്പുറം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ പൈലറ്റിന്റെ സമ്മര്‍ദതന്ത്രങ്ങള്‍ക്ക് വഴിപ്പെടേണ്ടെന്നാണ് എഐസിസി നേതൃത്വത്തിന്റെ തീരുമാനം. പഞ്ചാബിലേതുപോലെ അവസാനനിമിഷം അ­ധികാരക്കൈമാറ്റം നടത്തി പരീക്ഷണത്തിനില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിനുള്ളത്. മുന്‍ ബിജെപി സര്‍ക്കാരിനെതിരേയുള്ള അഴിമതി ആരോപണങ്ങളില്‍ അന്വേഷണമാവശ്യപ്പെട്ടാണ് പൈലറ്റ് നിരാഹാരമിരുന്നത്. നിരാഹാര സമരത്തിനുശേഷം ഇന്നലെ ഡൽഹിയിലെത്തിയ സച്ചിന്‍ കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയേക്കും.

നേതൃത്വവുമായുള്ള സച്ചിൻ പൈലറ്റിന്റെ കൂടിക്കാഴ്ച പാർട്ടി വൃത്തങ്ങൾ തള്ളിക്കളഞ്ഞിട്ടില്ല. സച്ചിൻ പൈ­ലറ്റ് പാർട്ടി വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സന്ദർശനം. അഴിമതി ആരോപണ കേ­സുകൾ അന്വേഷിക്കുന്നതിൽ ​ഗെ­ലോട്ട് സർക്കാർ പരാജയപ്പെട്ടുവെന്നാണ് സച്ചിൻ പ­റഞ്ഞിരുന്നത്. ഗെലോട്ടിനെതിരായ സമരം പാര്‍ട്ടി വിരുദ്ധമാണെന്ന് പറഞ്ഞ് രാജസ്ഥാന്റെ എഐസിസി ചുമതലയുള്ള സുഖ്‌വീന്ദര്‍ സി­ങ് രംഗത്തെത്തിയിരുന്നു. പാ­ര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്ക് അകത്ത് തന്നെ ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തന്റെ സര്‍ക്കാര്‍ അഴിമതിയോട് സന്ധി ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. അഴിമതിക്കാര്‍ക്കെതി­രെ നിരവധി റെയ്ഡുകള്‍ നടത്തിയിട്ടുണ്ടെന്നും ഗെലോട്ട് പറഞ്ഞു. മുന്‍ ബിജെപി സര്‍ക്കാരിനെതിരായ അഴിമതിയാരോപണം അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ആ­രോപിച്ച് സച്ചിന്‍ പൈലറ്റ് നടത്തിയ ഉപവാസ സമരത്തെ കുറിച്ച് ആദ്യമായാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതികരിച്ചത്.

സച്ചിനെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഗെലോട്ട്. രാജസ്ഥാനിലേത് മികച്ച ഭരണമാണെന്നും ജനം തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും ഗെലോട്ടിനെ പിന്തുണച്ച് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു. രാജസ്ഥാന്‍ പ്ര­തിസന്ധി തീര്‍ക്കാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും. 2018ല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കി എന്ന് ഉറപ്പാക്കേണ്ടതുണ്ട് എന്നാണ് നിരാഹാരമിരിക്കാനുള്ള കാരണമായി സച്ചിന്‍ പൈലറ്റ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍, പൈലറ്റിന്റെ വാദം തെറ്റാണെന്നും സഞ്ജീവനി കുംഭകോണത്തില്‍ മുതിര്‍ന്ന ബിജെപി നേതാവ് ഗജേന്ദ്ര ഷെഖാവത്തിനെതിരെ അന്വേഷണം നടക്കുകയാണെന്നും കോ­ണ്‍ഗ്രസ് വക്താവ് പവന്‍ ഖേര വ്യക്തമാക്കിയിരുന്നു. ഗൂഢാലോചന നടത്തിയതിനും എംഎല്‍എമാരെ വിലയ്ക്കുവാങ്ങാന്‍ ശ്രമിച്ചതിനും കേസുണ്ട്. അന്വേഷണം നടക്കുന്നില്ലെന്ന് പറയുന്നത് ത­െ­റ്റാണെന്നും ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ അത് എഐസിസി നിരീക്ഷകന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും ഖേര പറഞ്ഞു.

Eng­lish Sum­ma­ry: Con­gress To Meet Over Ashok Gehlot-Sachin Pilot Issue Today
You may also like this video

Exit mobile version