Site iconSite icon Janayugom Online

ഫാന്‍സുകള്‍; മുതിര്‍ന്ന നേതാക്കള്‍ക്കുനേരെ ഒളിയമ്പുമായി വി ഡി സതീശന്‍

സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍, സംസ്ഥാന കോണ്‍ഗ്രസില്‍ പുനസംഘടന പാടില്ലെന്ന നിലപാടിലാണ് ഗ്രൂപ്പുകള്‍, എന്നാല്‍ പുനസംഘടനയുമായി മുന്നോട്ട് പോകുവാനാണ് കെ. സുധാകരന്‍റെ നേതൃത്വത്തിലുള്ള കെപിസിസിയും. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിഅംഗം കൂടിയായ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗന്ധിയെ കണ്ടിരുന്നു. എന്നാല്‍ കെപിസിസിയുടെ തീരുമനത്തിന് പച്ചക്കൊടി കാണിക്കുക മാത്രമാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ ചെയ്തത്. ഇത്തരമൊരു സാഹചര്യത്തില്‍ ഗ്രൂപ്പുകള്‍ ഏറെ ആശങ്കയിലാണ്. സംസ്ഥാനത്ത് പുനസംഘടനയില്‍ തങ്ങളുടെ ആളുകളെ കെപിസിസി സെക്രട്ടറിമാരായി നിയമിക്കാനുള്ള തയ്യാറെടുപ്പിലാണ് സുധാകരനും. ഇതിനിടയില്‍ പാര്‍ട്ടി സംഘടനയ്ക്കെതിരായി ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തു വന്നു കഴിഞ്ഞു. തനിക്കെതിരെ ചിലകേന്ദ്രങ്ങളില്‍ നിന്നുണ്ടാകുന്ന അഭിപ്രായപ്രകടനങ്ങള്‍ക്ക് പിന്നിലെ ശക്തികള്‍ക്കെതിരേയും പ്രതികരിച്ചു. അതു ചില നേതാക്കള്‍ക്കുള്ള മുന്നറിയിപ്പുമാണ്. . കോണ്‍ഗ്രസ് ഒരു ദേശീയ കക്ഷിയാണ്. പുനഃസംഘടന വേണോ, വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. കേരളത്തിലെ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പുനഃസംഘടന അനിവാര്യമാണ്. 

രഷ്ട്രീയകാര്യസമിതിയും കെ പി സി സി നിര്‍വാകസമിതിയും തീരുമാനിച്ചതുമാണ്. സംഘടന തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകണമെങ്കില്‍ ഒന്നരവര്‍ഷത്തോളം സമയമെടുക്കും. തിരഞ്ഞെടുപ്പ് തുടങ്ങുന്ന സമയത്ത് പുതിയ നിയമനങ്ങൾ എഐസിസി വിലക്കാറുണ്ട്. അത് അംഗത്വവിതരണം പൂര്‍ത്തിയാക്കുമ്പോള്‍ മാത്രമാണെന്നും വിഡി സതീശന്‍ വ്യക്തമാക്കുന്നു.കേരളത്തിലെ നേതാക്കള്‍ക്കും ഇക്കാര്യങ്ങള്‍ അറിയാം. മറ്റ് സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന ആളുകളാണ് അവര്‍. വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന അഴിച്ച് പണി സംബന്ധിച്ച് എ ഐ സി സി സംഘടന ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്ഥിരമായി അറിയിക്കാറുണ്ടെന്നും. അപ്പോള്‍ കേരളത്തില്‍ മാത്രമായി അത് പാടില്ലെന്ന് പറയുന്നതിലെ യുക്തി എന്താണെന്നും സതീശന്‍ ചോദിക്കുന്നു. ഒന്നരക്കൊല്ലം പുനഃസംഘടനയില്ലാതെ മുന്നോട്ട് പോയാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കും. 14 ഡി സി സി പ്രസിഡന്റുമാരും പുനഃസംഘടനയ്ക്ക് അനുകൂലമാണ്. 100–125 പേരുള്ള ജംബോ കമ്മിറ്റിയെ മാറ്റി ചെറിയ ടീം വേണം എന്നതാണ് മുഴുവന്‍ ഡി സി സി പ്രസിഡന്റുമാരുടെയും ഒന്നാമത്തെ ആവശ്യം. പാർട്ടി അനങ്ങാൻ പാടില്ലെന്നു പറഞ്ഞാൽ എങ്ങനെ അംഗീകരിക്കാനാകും. പുനഃസംഘടനയ്ക്ക് ഒരു തടസ്സവുമില്ലെന്ന നിര്‍ദേശമാണ് ഹൈക്കമാന്‍ഡില്‍ നിന്നും ലഭിച്ചത്. പുനഃസംഘടനയിലൂടെ പുതിയ നേതൃത്വത്തിന്റെ ഒരു ടീമിനെ താഴെ സജ്ജമാക്കുകയാണെന്ന ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. പാർട്ടിയിൽ അഴിച്ചുപണി വേണമെന്ന കാര്യം എല്ലാവരും ഒരുമിച്ചു തീരുമാനിച്ചതാണ്. ഞങ്ങളുടെ മാത്രം തീരുമാനമല്ലെന്ന് വ്യക്തമെന്നും അദ്ദേഹം പറഞ്ഞു. പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. പാര്‍ട്ടി പോലും ഇല്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ചെറുപ്പക്കാരായ നല്ല സ്ഥാനാർഥികളെ നിർത്തിയിട്ടും ജയിക്കാതെ പോയത് എന്തു കൊണ്ടാണ്?. തിരഞ്ഞെടുപ്പ് മെഷീനറി തന്നെ ഇല്ലായിരുന്നു. ഉദാഹരണത്തിന് കൊല്ലം ജില്ലയില്‍ നിന്ന് മാത്രം 30 കെ പി സി സി ഭാരവാഹികള്‍ ഉണ്ടായിരുന്നു. അതില്‍ എത്രപേര്‍ പ്രവര്‍ത്തിച്ചു, എത്രപേര്‍ എതിരായി പ്രവര്‍ത്തിച്ചു. ഈ കുറവ് പരിഹരിക്കാതെ പാർലമെന്റ് തിരഞ്ഞെടുപ്പിനു പോയിട്ടു കാര്യമില്ല.എല്‍ ഡി എഫ് മാറി യു ഡി എഫ് വരും എന്ന പഴയ രീതി മാറി. അധികാരത്തില്‍ തിരിച്ച് വരണമെങ്കില്‍ കാര്യമായ പണിയെടുക്കണം. അതിന് വേണ്ട രീതിയില്‍ പാര്‍ട്ടിയെ സജ്ജമാക്കണം. ആ ജോലിയാണ് ഞങ്ങളെ ഏൽപിച്ചിരിക്കുന്നത്. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു. പക്ഷേ ഈ ദൗത്യം ഏറ്റെടുത്തിട്ടു ചുമ്മാ ഇരിക്കാൻ കഴിയില്ല. അങ്ങനെയിരുന്നാല്‍ കോണ്‍ഗ്രസിന്റെ ചരിത്രം നാളെ ഞങ്ങളെ കുറ്റപ്പെടുത്തുമെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ചാണ്ടിയേയും, രമേശ് ചെന്നിത്തലയേയും ഒഴിവാക്കിയും, ഗ്രൂപ്പുകളെ ഇല്ലായ്മചെയതും മുന്നോട്ട് പോകുവാനാണ് സുധാകരന്‍-സതീശന്‍ വിഭാഗത്തിന്‍റെ തീരുമാനം. 

പുതിയ നേതൃത്വം വന്നതിന് ശേഷം പാര്‍ട്ടിയിലെ പ്രവര്‍ത്തനങ്ങള്‍ സുഖകരമായ രീതിയിലല്ല നടക്കുന്നതെന്ന വാര്‍ത്തകളും വിഡി സതീശന്‍ തള്ളിയിരിക്കുകയാണ്. ആര്‍ക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉള്ളതായി അറിയില്ല. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ നന്നായി തന്നെ മുന്നോട്ട് പോവുന്നുണ്ട്. നേതൃമാറ്റം വരുമ്പോള്‍ എവിടെയായാലും സ്വാഭാവികമായ അസ്വസ്ഥതകള്‍ ഉണ്ടാവും, എന്നാല്‍ അതുപോലും പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തില്‍ ഇല്ല.ഡി സി സി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചപ്പോഴാണ് ചില മുതിര്‍ന്ന നേതാക്കള്‍ അസംതൃപ്തിയുമായി രംഗത്ത് എത്തിയത്. അവരെ നേരില്‍ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. പിന്നീട് കെ പി സി സി ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോള്‍ പരാതികള്‍ ഉണ്ടായിരുന്നില്ല. സംഘടനാപരമായി പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറയുന്നു. എല്ലാ കാലത്തും കോണ്‍ഗ്രസില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഇത്തവണത്തെ മാറ്റത്തിന് കാരണം രണ്ട് തവണ തുടര്‍ച്ചയായി നേരിടേണ്ടി വന്ന നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയാണ്. കഴിഞ്ഞ തവണ രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി ഉമ്മന്‍ചാണ്ടി സ്വയം സന്നദ്ധനായി മാറുകയായിരുന്നു. അതുകൊണ്ട് അന്ന് അതൊരു ചര്‍ച്ചയായില്ല. ഇത്തവണ മാറ്റം വേണമെന്നും വേണ്ടെന്നുമുള്ള രണ്ട് അഭിപ്രായങ്ങളാണ് പാര്‍ട്ടിയിലുണ്ടായിരുന്നത്. അതില്‍ തന്നെ ഏറ്റവും മുന്‍തൂക്കം മാറ്റത്തിന് വേണ്ടി വാദിച്ചവര്‍ക്കായിരുന്നു. അതോടെ മാറ്റം ഉണ്ടായി. അല്ലാതെ രമേശ് ചെന്നിത്തല മാറി ഞാൻ വരണമെന്നോ മുല്ലപ്പള്ളി രാമചന്ദ്രൻ മാറി കെ. സുധാകരൻ വരണമെന്നോ ഉള്ള ചര്‍ച്ച മാത്രമല്ല നടന്നത്. കെ കരുണാകരനും, എകെ ആന്റണിയും സജീവമായി നേതൃത്വത്തില്‍ തുടരുമ്പോള്‍ തന്നെയാണ് രമേശ് ചെന്നിത്തലും ഉമ്മന്‍ചാണ്ടിയും നേതൃത്വത്തില്‍ വന്നത്. അതുകൊണ്ട് കെ. കരുണാകരന്റയും ആന്റണിയുടെയും രാഷ്ട്രീയ പ്രവർത്തനം അവസാനിച്ചോയെന്നും സതീശൻ് പറയുന്നുകോണ്‍ഗ്രസിലെ ഗ്രൂപ്പുകളെ ആര് വിചാരിച്ചാലും ഇല്ലാതാക്കാനാകില്ല. 

പാര്‍ട്ടിയിലെ എല്ലാ നേതാക്കളും ഒരിക്കല്‍ അല്ലെങ്കില്‍ മറ്റൊരിക്കല്‍ ഗ്രൂപ്പുകളുടെ ഭാഗമായി പ്രവര്‍ത്തിച്ചവരാണ്. എന്നാല്‍ ഗ്രൂപ്പുകള്‍ പാര്‍ട്ടിയെ വിഴുങ്ങുന്ന ഒരു അവസ്ഥ വന്നാല്‍ എന്ത് ചെയ്യും. അങ്ങനെ ഒരു അവസ്ഥയിലേക്ക് കോണ്‍ഗ്രസെത്തി. അതോടെയാണ് ഗ്രൂപ്പുകളുടെ അതിപ്രസരം നിയന്ത്രിക്കണമെന്ന ആവശ്യം താഴെത്തട്ടില്‍ നിന്ന് തന്നെ ഉയര്‍ന്ന് വരാന്‍ തുടങ്ങിയത്. നേതൃത്വത്തിലും ഈ ആവശ്യം ശക്തമായിരുന്നു. സ്ഥാനമാനങ്ങള്‍ ഗ്രൂപ്പുകള്‍ വീതം വെച്ചെടുക്കലായിരുന്നു പാര്‍ട്ടിയിലെ രീതി. അര്‍ഹമായ പലരും അവഗണിക്കപ്പെട്ടു. ഈ രീതി മാറണമെന്ന് എ ഐ സി സിയും കേരളത്തിലെ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരും ആഗ്രഹിച്ചത്. മുതിര്‍ന്ന എല്ലാ നേതാക്കളുമായി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഗ്രൂപ്പുകളുടെ ആവശ്യങ്ങള്‍ അതേപടി ചെയ്തുകൊടുക്കാന്‍ സാധിക്കില്ല. ഗ്രൂപ്പുകള്‍ക്ക് പോലും ഇപ്പോള്‍ മാറ്റങ്ങള്‍ വരികയാണല്ലോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസിലെ എല്ലാ നേതാക്കന്മാരുമായി ബന്ധപ്പെട്ട് ഫാൻസ് അസോസിയേഷനുകളുണ്ട്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോഴും രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവ് ആയിരുന്നപ്പോഴും അതുണ്ടായിട്ടുണ്ട്. എനിക്ക് ഫാൻസ് അസോസിയേഷനില്ല, ആരാധകർ അങ്ങനെ ഉള്ള നേതാവല്ല ഞാൻ. അതിന്റെ കുറവുണ്ടെങ്കിലും ആരാധനയെ പ്രോല്‍സാഹിപ്പിക്കുന്നയാളല്ല ഞാന്‍. 

കണ്ണൂരില്‍ കെ സുധാകരന്‍ ഒരു വികാരമാണ്. അദ്ദേഹത്തിന്റെ ശൈലി വ്യത്യസ്തമാണ്. ഒരു പ്രതിഷേധ യോഗത്തിൽ നമ്മളെല്ലാം പറയുന്നതിന്റെ പത്തിരിട്ടി കട്ടിയിൽ അദ്ദേഹം പറയും. കെ സുധാകരന്‍ പ്രസിഡന്റാവാന്‍ അദ്ദേഹത്തിന്റെ അനുയായികള്‍ വലിയ പ്രചരണം നടത്തി. ഇപ്പോള്‍ അവര്‍ സജീവമാണെന്ന് കരുതുന്നില്ല. അദ്ദേഹത്തിന് ആരാധകർ ഉള്ളത് കോൺഗ്രസിനു നല്ലതല്ലേ. വേറെ ആരെയെങ്കിലും അവർ അപമാനിക്കുന്നതായി എന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും വിഡി സതീശന്‍ പറയുന്നു. ആരെങ്കിലും ഏതെങ്കിലും നേതാക്കളെ അപമാനിച്ചാല്‍ കെപിസിസി പ്രസിഡന്റിന്റെ ശ്രദ്ധയിൽ പെടുത്തിയാൽ നടപടിയുണ്ടാകും.പാർട്ടി പ്രവർത്തകർ നേതാക്കളെ അപകീർത്തിപ്പെടുത്തുന്നതിനെതിരെ രാഷ്ട്രീയകാര്യസമിതി യോഗങ്ങളില്‍ ഞാന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. രമേശ് ചെന്നിത്തല ഇങ്ങനെ അവഹേളിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ സ്ഥിരമായി എനിക്കെതിരേയും ഈ പരിപാടി നടക്കുകയാണ്. സോഷ്യൽ മീഡിയയിൽ കൂടി വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയുള്ള പ്രചാരണമാണ് നടക്കുന്നത്. ചില നേതാക്കന്മാരുമായി ബന്ധപ്പെട്ട ആളുകളാണ് അതിനു പിന്നിൽ എന്നു മനസ്സിലാക്കിയപ്പോൾ, അവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇത് വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്നും വിഡി സതീശന്‍ പറയുന്നു.

ENGLISH SUMMARY:CONGRESS V D SATHEESHAN

Exit mobile version