അവസരം വരുമ്പോൾ കോൺഗ്രസ് ബിജെപിക്ക് വേണ്ടി കണ്ണടയ്ക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചേലക്കര എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയും ആർഎസ്എസുമായി കൈകോർത്താണ് കോൺഗ്രസ് നിൽക്കുന്നത്. അന്ധമായ എൽഡിഎഫ് വിരോധത്താൽ ജനങ്ങളെ വഞ്ചിച്ച് വോട്ട് മറിക്കാനുള്ള പരിശ്രമങ്ങളിലാണ് യുഡിഎഫ്. അതിന് ഉദാഹരണമാണ് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് യുഡിഎഫ് സമ്മാനിച്ച വിജയം. 87,000 കോൺഗ്രസ് വോട്ടാണ് ബിജെപിക്ക് തൃശൂരിൽ ഒരു എംപിയെ ഉണ്ടാക്കിയത്. ആ കോൺഗ്രസാണ് ഹരിയാനയിലും ബിജെപിക്ക് അധികാരം താലത്തിൽ വച്ചുകൊടുത്തത്.
മഹാത്മാഗാന്ധിയെ മറക്കുന്ന കോൺഗ്രസാണ് ഇപ്പോൾ ഇന്ത്യയിലുള്ളത്. ചേലക്കരയിൽ വലിയ അങ്കത്തിന് ഒരുങ്ങുമ്പോൾ നാം ഉയർത്തിപ്പിടിക്കുന്ന ആശയങ്ങളുടെ പ്രതീകമായ യു ആർ പ്രദീപിനെ വിജയിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.