Site icon Janayugom Online

ബിജെപിക്ക് ഹിന്ദുത്വയും ഏക സിവില്‍കോഡും, 50 ശതമാനം സ്ത്രീ സംവരണവുമായി കോണ്‍ഗ്രസ്

തീവ്ര ഹിന്ദുത്വമെന്ന തങ്ങളുടെ അജണ്ടയുമായി സംസ്ഥാന ഭരണം നിലനിര്‍ത്താന്‍ വോട്ട് തേടുന്ന ബിജെപി ഗുജറാത്തിലും ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തു. രണ്ടര പതിറ്റാണ്ടിനു ശേഷം ഭരണം തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസാകട്ടെ അധികാരത്തിലെത്തിയാല്‍ 10 ലക്ഷം യുവാക്കൾക്ക് സർക്കാർ ജോലിയും സ്ത്രീകൾക്ക് 50 ശതമാനം സംവരണവും നൽകുമെന്നാണ് വാഗ്ദാനം നല്‍കുന്നത്. ഗുജറാത്ത് ഏകീകൃത സിവിൽ കോഡ് കമ്മിറ്റിയുടെ ശുപാർശകൾ പൂർണമായി നടപ്പാക്കുമെന്നാണ് ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിലുള്ളത്. തീവ്രവാദ സംഘടനകളുടെയും ഇന്ത്യാ വിരുദ്ധ ശക്തികളുടെയും ഭീഷണികളും സ്ലീപ്പർ സെല്ലുകളെയും കണ്ടെത്തി ഇല്ലാതാക്കാൻ ഒരു ആന്റി റാഡിക്കലൈസേഷൻ സെൽ രൂപീകരിക്കുമെന്നും പത്രികയിലുണ്ട്. 500 കോടി രൂപ നൽകി ഗോശാലകളെ ശക്തിപ്പെടുത്തുമെന്നും 1000 മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ കൂടി സ്ഥാപിക്കുമെന്നും വാഗ്ദാനമുണ്ട്.

2002 ലെ ഗുജറാത്ത് കലാപം അടിച്ചമര്‍ത്തിയതോടെ സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു എന്ന കേന്ദ്ര മന്ത്രി അമിത്ഷായുടെ വിചിത്രമായ ന്യായീകരണത്തെ സാധൂകരിക്കുന്നതായി പാര്‍ട്ടിയുടെ പ്രകടനപത്രിക. ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, സംസ്ഥാന അധ്യക്ഷൻ സിആർ പാട്ടീൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പത്രിക പുറത്തിറക്കിയത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടാണ് കോൺഗ്രസിന്റെ പ്രകടനപത്രിക ‘ജൻ ജനശാൻ പത്ര 2022’ പുറത്തിറക്കിയത്. ഓരോ ഗുജറാത്തിക്കും സൗജന്യ ചികിത്സയും 10 ലക്ഷം രൂപ വരെ സൗജന്യ മരുന്നുകളും കൂടാതെ 300 യൂണിറ്റ് സൗജന്യ വൈദ്യുതിയും കുടിശികയുള്ള വൈദ്യുതി ബില്ലുകൾ എഴുതിത്തള്ളലും വാഗ്ദാനം ചെയ്തിട്ടുണ്ട്. അധികാരത്തിലെത്തിയാൽ നരേന്ദ്രമോഡി സ്റ്റേഡിയത്തിന്റെ പേര് സർദാർ പട്ടേൽ സ്റ്റേഡിയം എന്നാക്കി മാറ്റുമെന്നും കോൺഗ്രസ് പറയുന്നു. സർക്കാർ ജോലികളിലെ കരാർ, ഔട്ട്സോഴ്സിങ് സമ്പ്രദായം അവസാനിപ്പിക്കും. തൊഴില്‍രഹിതര്‍ക്ക് പ്രതിമാസം 3000 രൂപ തൊഴിലില്ലായ്മ വേതനം നൽകും. 10 ലക്ഷം യുവാക്കൾക്ക് സർക്കാർ ജോലിയും സ്ത്രീകൾക്ക് 50 ശതമാനം സംവരണവും പ്രകടനപത്രികയിലുണ്ട്.

Eng­lish Sum­ma­ry: Con­gress with 50 per­cent reser­va­tion for women
You may also like this video

Exit mobile version