കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കോൺഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ സ്ക്രീനിങ് കമ്മിറ്റിയിൽ ധാരണയായി. സ്ഥാനാർത്ഥികളെ നിശ്ചയിച്ചുകൊണ്ടുള്ള പട്ടിക അന്തിമ തീരുമാനത്തിനായി ഹൈക്കമാന്‍ഡിന് അയയ്ക്കുകയാണെന്ന് സംസ്ഥാന അധ്യക്ഷൻ ഡി കെ ശിവകുമാർ പറഞ്ഞു.
സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്ന് ശിവകുമാർ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷൻ തിയ്യതി പ്രഖ്യാപിച്ചാലുടൻ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ക്രീനിങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത സംസ്ഥാനത്ത് 150 സീറ്റെങ്കിലും പിടിക്കാൻ കഴിയുമെന്ന് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും കർണാടകയുടെ ചുമതലയുമുള്ള രൺദീപ് സിങ് സുർജേവാല പറഞ്ഞു. സ്ഥാനാർത്ഥി നിർണയത്തിൽ ഐക്യകണ്ഠേനയാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം സൂചിപ്പിച്ചു. അതിനിടെ കര്‍ണാടകയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക എഎന്‍ഐ ANI പുറത്തുവിട്ടു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തോടൊപ്പം തെരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ കാര്യത്തിലും കര്‍ണാടകയിലെ കോണ്‍ഗ്രസ് തീരുമാനമെടുത്തു. ബിപിഎൽ കുടുംബങ്ങളിലെ ഓരോ അംഗങ്ങൾക്കും പത്ത് കിലോ വീതം അരി സൗജന്യമായി നൽകുമെന്ന പ്രഖ്യാപനമാണ് ഏറ്റവും പുതിയത്. കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറും സിദ്ധരാമയ്യയും ചേർന്നാണ് ഇതുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് വാഗ്ദാനം പ്രഖ്യാപിച്ചത്.
കോൺഗ്രസ് ഭരിച്ചിരുന്നപ്പോൾ നൽകിയിരുന്ന ഏഴ് കിലോ അരി അഞ്ചാക്കി കുറച്ച ബിജെപി സർക്കാരിനോട് ജനങ്ങൾക്ക് ദേഷ്യമുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നടത്തുന്ന മൂന്നാമത്തെ വൻ വാഗ്ദാനമാണിത്. ഓരോ കുടുംബത്തിനും ആദ്യത്തെ 200 യൂണിറ്റ് സൗജന്യ വൈദ്യുതി, തൊഴിൽ രഹിതരായ എല്ലാ കുടുംബ നാഥമാർക്കും 2,000 രൂപ വീതം ഓണറേറിയം എന്നിവയായിരുന്നു കോൺഗ്രസിന്റെ മുൻ പ്രഖ്യാപനങ്ങൾ. വാഗ്ദാനങ്ങളെക്കുറിച്ചുള്ള ‘ഗ്യാരന്റി കാർഡുകൾ’ വീടുകളിൽ എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ കോൺഗ്രസ് ആരംഭിച്ചിരിക്കുന്നത്. നേരത്തെ നടത്തിയ പ്രജധ്വനി യാത്രയിൽ ജനങ്ങൾ ഉന്നയിച്ച ആവശ്യങ്ങളാണ് ഇപ്പോള്‍ പ്രഖ്യാപനങ്ങളായി മുന്നോട്ടുവയ്ക്കുന്നതെന്നും ശിവകുമാർ പറഞ്ഞു.
ഒന്നര മാസത്തോളം ബാക്കിനില്‍ക്കെയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് മുന്നൊരുക്കങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്.
English Summary: congress with news promises in K’taka