അധ്യക്ഷ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ കോൺഗ്രസിൽ പ്രവർത്തക സമിതി തെരഞ്ഞെടുപ്പ് ചർച്ചകൾ ചൂട് പിടിക്കുന്നു. 25 വർഷം മുൻപാണ് കോൺഗ്രസിൽ ഏറ്റവും അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്.
പുതിയ അധ്യക്ഷൻ തെരഞ്ഞെടുക്കപ്പെട്ടതോടെ മൂന്നു മാസത്തിനകം എഐസിസിയുടെ പ്ലീനറി സമ്മേളനം ചേർന്ന് പ്രവർത്തക സമിതി അംഗങ്ങളെ നിശ്ചയിക്കണമെന്നതാണ് പാർട്ടിയുടെ ചട്ടം. ഇതോടെ ശശി തരൂർ അടക്കമുള്ള നേതാക്കൾ ചരടുവലി ആരംഭിച്ച് കഴിഞ്ഞു. ശശി തരൂരിനെ ഏതുവിധേനയും ഒഴിവാക്കാൻ കേരളത്തിൽ നിന്നുള്ള നേതാക്കൾ ശ്രമം തുടങ്ങി. എന്നാൽ പരാജയപ്പെട്ടാലും കൈവിടില്ലെന്നും പ്രവർത്തക സമിതിയിലേക്ക് പരിഗണിക്കുമെന്നും സോണിയാ ഗാന്ധി ശശി തരൂരിന് ഉറപ്പ് നൽകിയതായി നേരത്തേ പാർട്ടി വൃത്തങ്ങൾ വെളിപ്പെടുത്തിയത് നേതാക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്.
1997 ലാണ് ഏറ്റവും ഒടുവിലായി കോൺഗ്രസിൽ പ്രവർത്തക സമിതി തെരഞ്ഞെടുപ്പ് നടന്നത്. അന്ന് മുതൽ ഇതുവരെ പ്രവർത്തക സമിതിയിലെ അംഗങ്ങളെ എല്ലാവരേയും അധ്യക്ഷൻ നാമനിർദ്ദേശം ചെയ്യുന്നതായിരുന്നു കോൺഗ്രസിലെ രീതി. എന്നാൽ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ തെരഞ്ഞെടുപ്പിലൂടെ അധ്യക്ഷനായതോടെയാണ് ഇപ്പോൾ പ്രവർത്തക സമിതിയിലും തെരഞ്ഞെടുപ്പ് നടത്താനുള്ള ചർച്ചകൾ ഉയർന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടത്തണമെന്ന് ശശി തരൂർ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.
മത്സരം നടന്നാൽ പാർട്ടിയിൽ വലിയ പൊട്ടിത്തെറിക്ക് കാരണമായേക്കുമെന്നാണ് നേതൃത്വത്തിന്റേയും നിലപാട്. എന്നാൽ ഹൈക്കമാന്‍ഡിന് അടുപ്പമുള്ളവരെ നിയമിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന രഹസ്യ പ്രചരണവും ഉയരുന്നുണ്ട്. അതേസമയം പാർട്ടിയിലെ ഉന്നതാധികാര സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നാൽ പല അപ്രതീക്ഷിത സ്ഥാനാർത്ഥികളും എത്തിയേക്കുമെന്നാണ് കരുതപ്പെടുന്നത്. കേരള നേതാക്കളായ ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, രമേശ് ചെന്നിത്തല, കെ മുരളീധരൻ എന്നിവരാണ് സമിതി അംഗത്വത്തിനായി മുൻ നിരയിൽ ഉള്ള ചിലർ.
അതേസമയം ദേശീയ നേതൃത്വവുമായുള്ള ബന്ധം തനിക്ക് അനുകൂലമാകുമെന്നാണ് ചെന്നിത്തലയുടെ പ്രതീക്ഷ. കൊടിക്കുന്നിലും ഇതേ ആഗ്രഹത്തിലാണ്. നിലവിൽ കേരളത്തിൽ നിന്നും എ കെ ആന്റണി, ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ എന്നിവരാണ് സമിതിയിലെ മലയാളികൾ. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി എ കെ ആന്റണിയും ഉമ്മൻചാണ്ടിയും ഒഴിഞ്ഞേക്കും. അങ്ങനെയെങ്കിൽ ഇവരെ സ്ഥിരം ക്ഷണിതാക്കളാക്കാനാണ് സാധ്യത. തെരഞ്ഞെടുപ്പിൽ നേതാക്കൾ തുനിഞ്ഞ് ഇറങ്ങിയാൽ അത് വാശിയേറിയ മത്സരത്തിന് ഇടയാക്കുമെന്നും ഇതേ തുടർന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടാവുമെന്നും ഹൈക്കമാൻഡിനെ അറിയിച്ചു തങ്ങൾക്കുള്ള സ്ഥാനം ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് ചില നേതാക്കൾ.
English Summary: Congress Working Committee Election: Struggle to secure position
You may like this video also