Site iconSite icon Janayugom Online

കോണ്‍ഗ്രസിന്റെ ഗതിപറയുന്ന പഞ്ചാബ് തെരഞ്ഞെടുപ്പ്

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കുന്ന അഞ്ചിടങ്ങള്‍ കോണ്‍ഗ്രസിന് പേടിസ്വപ്നമാണ്. സംസ്ഥാനത്ത് ഭരണം നിര്‍വഹിക്കുന്നുണ്ടെങ്കിലും ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥയിലാണ് പഞ്ചാബിലെ കോണ്‍ഗ്രസ്. പഞ്ചാബിനൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ്, മണിപ്പുര്‍, ഉത്തരാഖണ്ഡ്, ഗോവ എന്നീ നാല് സംസ്ഥാനങ്ങളില്‍ ബിജെപിയാണ് ഭരിക്കുന്നത്. നിലവിലെ സ്ഥിതിഗതികളനുസരിച്ച് തെരഞ്ഞെടുപ്പ് കഴിയുന്നതോടെ മിക്കയിടങ്ങളിലും കുതിരക്കച്ചവടത്തിനും വിലപേശലിനുമാണ് സാധ്യത. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളില്‍ ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നിയമസഭാ സീറ്റുകളുള്ള സംസ്ഥാനമാണ് പഞ്ചാബ്. 117 അംഗ സഭയില്‍ നിലവില്‍ 77 സീറ്റുകളുള്ള കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 20 സീറ്റുള്ള ആം ആദ്മി രണ്ടാം കക്ഷിയും. ശിരോമണി അകാലിദളിന് 15 സീറ്റുകളും ബിജെപിക്ക് മൂന്ന് അംഗങ്ങളുമാണ്. വിഖ്യാതമായ കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് എന്‍ഡിഎ വിട്ട കക്ഷിയാണ് ശിരോമണി അകാലിദള്‍. രണ്ട് അംഗങ്ങളുള്ള എല്‍ഐപിയുടെയും സാന്നിധ്യം നിയമസഭയിലുണ്ട്. ഭരണത്തുടര്‍ച്ച എന്നത് കോണ്‍ഗ്രസിന് അസാധ്യമായിരിക്കും എന്നാണ് ടൈംസ് നൗ ഉള്‍പ്പെടെ നടത്തിയ സര്‍വേകള്‍ പോലും പറയുന്നത്. ഇടക്കാലം വരെ കോണ്‍‍ഗ്രസ് ടിക്കറ്റില്‍ മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിങ് പുതിയ പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎയില്‍ ചേര്‍ന്നതോടെ ബിജെപിയുടെ സ്ഥിതിയും പരുങ്ങലിലാണ്. ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റവും കോണ്‍ഗ്രസിനെയും ബിജെപിയെയും ബാധിച്ചിട്ടുമുണ്ട്. ടൈംസ് സര്‍വേ പ്രകാരം ആം ആദ്മി പഞ്ചാബ് നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ആകുമെന്നാണ്. നേരത്തെ നടന്ന പഞ്ചാബ് സിവില്‍ തെരഞ്ഞെടുപ്പുകളിലെ അവരുടെ മുന്നേറ്റമാകാം സര്‍വേ ഫലത്തെ ഏറെ സ്വാധീനിച്ചുകാണുക. ഛണ്ഡിഗഢില്‍ ഉള്‍പ്പെടെ വലിയ കക്ഷിയായി ആം ആദ്മി പാര്‍ട്ടി വിജയിച്ചിരുന്നു. സംസ്ഥാനത്ത് നടന്ന ഗ്രാമ‑നഗര തെരഞ്ഞെടുപ്പുകളിലെല്ലാം അകാലികളും ബിജെപിയും ബഹുദൂരം പിന്നിലാണ്. മിക്കയിടങ്ങളിലും കോണ്‍ഗ്രസ് നിലമെച്ചപ്പെടുത്തുകയും നിലനില്പിനുതകും വിധം മുന്നേറുകയും ചെയ്തിട്ടുണ്ട്. പഞ്ചാബില്‍ കോണ്‍ഗ്രസിനുള്ള വേരോട്ടം പ്രതീക്ഷകള്‍ പകരുന്നതാണെങ്കിലും പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് വിനയായി മാറുക. ഇക്കുറി പഞ്ചാബ് നഷ്ടപ്പെട്ടാല്‍ അത് കോണ്‍ഗ്രസിന്റെ ദേശീയ പതനത്തിനുപോലും കാരണമാകും. അടുത്തിടെ പഞ്ചാബിൽ പ്രമുഖ നേതാവടക്കം രണ്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേര്‍ന്നിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവായ പ്രതാപ് ബജ്‍വ എംപിയുടെ സഹോദരനും ഖാഡിയനിൽ നിന്നുള്ള നിയമസഭാംഗവുമായ ഫതെഹ് ജുങ് സിങ് ബജ്‍വ, ഹർഗോബിന്ദ്പുരിൽ നിന്നുള്ള എംഎൽഎ ബാൽവിന്ദർ സിങ് ലഡ്ഡി എന്നിവരാണ് ബിജെപിയിലേക്ക് ചേക്കേറിയത്. ഇതില്‍ ലഡ്ഡി അടുത്തദിവസം തന്നെ തിരിച്ച് കോണ്‍ഗ്രസിലേക്ക് മടങ്ങുകയും ചെയ്തു. കഴിഞ്ഞയാഴ്ച മറ്റൊരു കോൺഗ്രസ് എംഎൽഎയായ റാണ ഗുർമീത് സോധിയും ബിജെപിയിൽ ചേർന്നിരുന്നു. ഈ മൂന്ന് പേരും പഞ്ചാബ് മുൻ കോൺഗ്രസ് നേതാവ് അമരീന്ദർ സിങ്ങിന്റെ വിശ്വസ്തരായിരുന്നു. എന്നാൽ മൂന്ന് പേരും അമരീന്ദർ രൂപീകരിച്ച പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പാർട്ടിയിൽ ചേരാതെ ബിജെപിയിൽ ചേർന്നതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്.


ഇതുകൂടി വായിക്കാം; കോൺഗ്രസ് പതനത്തിന്റെ പാതാളത്തിലേക്ക്


നേതാക്കളുള്‍പ്പെടെ കോൺഗ്രസിൽ നിന്ന് കൊഴിഞ്ഞുപോകുന്നത് ദേശീയ നേതൃത്വത്തിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. അമരീന്ദറിന് ശേഷവും പ്രദേശ് കോണ്‍ഗ്രസില്‍ രണ്ട് പക്ഷം നിലനില്‍ക്കുന്നുവെന്നതും പ്രതിസന്ധിയുണ്ടാക്കുന്നു. രാഹുല്‍ ഗാന്ധിയുള്‍പ്പെടെ നേതൃത്വം ഇടപെട്ടിട്ടും പരിഹരിക്കാനാവാത്ത സംഘടനാ പ്രശ്നങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ ഏതുവിധം ബാധിക്കുമെന്നതാണ് നേ­തൃത്വത്തെ ആശങ്കപ്പെടുത്തുന്നത്. പഞ്ചാബിലെ ഗ്രൂപ്പ് പോര് തെരുവിലെത്താതിരിക്കാന്‍ പുതിയ അടവ് പ്രയോഗിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആരെയും മുന്‍കൂട്ടി പ്രഖ്യാപിക്കില്ലെന്ന കേന്ദ്രത്തിന്റെ പുതിയ നിലപാട് സംസ്ഥാന കോണ്‍ഗ്രസി­ല്‍ എന്ത് ചലനമാണ് ഉണ്ടാക്കുക എന്നതും കണ്ടിരുന്നുകാണണം. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണ സമിതി ചെയര്‍മാനും മുതിര്‍ന്ന നേതാവുമായ സുനില്‍ ജാക്കറാണ് നിലവില്‍ ഹൈക്കമാന്‍ഡിന്റെ നിര്‍ദേശങ്ങള്‍ കൈമാറുന്നത്. പഞ്ചാബിലെ തെരഞ്ഞെടുപ്പ് യോജിച്ച സമിതിയുടെ മേല്‍നോട്ടത്തിലായിരിക്കുമെന്നാണ് സുനില്‍ ജാക്കര്‍ അവസാനം പറഞ്ഞിരിക്കുന്നത്. കേന്ദ്ര നേതൃത്വത്തിന്റെ ഈ തീരുമാനത്തോട് പിസിസി അധ്യക്ഷനായ നവ്ജ്യോത് സിദ്ദു ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി മുന്‍‍കൂട്ടി നിശ്ചയിക്കണമെന്നാണ് സിദ്ദുവിന്റെ ആവശ്യം. കഴി‍ഞ്ഞദിവസവും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. സിദ്ദുവിനുള്ള തിരിച്ചടിയാണിതെന്ന നിലയിലാണ് രാഷ്ട്രീയ നിരീക്ഷണങ്ങള്‍. അതേസമയം, നേരത്തെക്കൂട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാല്‍ പഞ്ചാബിലെ കോണ്‍ഗ്രസില്‍ ജാതീയമായ പ്രതിസന്ധികള്‍ സജീവമാകുമെന്നാണ് ഹൈക്കമാന്‍ഡുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. തെരഞ്ഞെടുപ്പ് വരെ പാര്‍ട്ടിക്കകത്തെ ജാതി സമവാക്യങ്ങളെ സന്തുലിതമായി നിലനിര്‍ത്താനും ഉള്‍പ്പോര് ഒഴിവാക്കാനുമാണ് ഈ തീരുമാനമെന്നും ഇവര്‍ പറയുന്നു. പഞ്ചാബിലെ മുതിര്‍ന്ന നേതാക്കളെല്ലാം വിവിധങ്ങളായ സാമുദായിക മേഖലകളില്‍ ശക്തമായ സ്വാധീനമുള്ളവരാണ്. മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി ദളിത് വിഭാഗത്തില്‍ നിന്നും പാര്‍ട്ടി അധ്യക്ഷന്‍ സിദ്ദു ജാട്ട് വിഭാഗത്തില്‍ നിന്നുമുള്ളവരാണ്. ആഭ്യന്തര കലാപങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസിനെ അലട്ടുക, സംസ്ഥാനത്തെ കര്‍ഷകരുടെ നിലപാടുകളാകും. അത് കോണ്‍ഗ്രസിനെ മാത്രമല്ല, ബിജെപിയെയും സാരമായി ബാധിക്കും. ഇടതുപാര്‍ട്ടികളോടൊപ്പം വലിയ മുന്നേറ്റമാണ് സംസ്ഥാനത്തെ കര്‍ഷകര്‍ നടത്തുന്നത്. കഴ‍ിഞ്ഞ ദിവസം നടന്ന പ്രക്ഷോഭത്തിനിടയിലേക്കാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹമെത്തിയതും വഴിയില്‍ തടയപ്പെട്ടതും. ഒരുവര്‍ഷത്തോളം ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ പഞ്ചാബിലെ കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭം സാധാരണ വോട്ടര്‍മാര്‍ക്കിടയില്‍ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. അതിന്റെ അലയൊലികള്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കും.

Exit mobile version