കോവിഡ് തെല്ലൊന്നൊതുങ്ങി ജീവിതം സാധാരണ ഗതിയിലായി തുടങ്ങി എങ്കിലും അടുത്തിടെ കാലാവസ്ഥയില്‍ ഉണ്ടായ മാറ്റങ്ങള്‍ പലതരം അണുബാധകള്‍ക്ക് കാരണമാകുന്നുണ്ട്. കഠിനമായ ചൂടോടു കൂടിയ പനിയേക്കാള്‍ ജലദോഷം , തുമ്മല്‍ , മൂക്കടപ്പ് എന്നീ ലക്ഷണങ്ങള്‍ ഉള്ള വൈറല്‍ പനിയും അതോടൊപ്പം ചെങ്കണ്ണും ഇപ്പോള്‍ വളരെ കൂടുതലായി കണ്ടു വരുന്നു. കണ്ണിന്റെ നേര്‍ത്ത പാളിയായ കണ്‍ജക്ടീവയില്‍ ഉണ്ടാകുന്ന അണുബാധയാണ് ചെങ്കണ്ണ് അഥവാ (conjunctivitis). ഇതൊരു സാംക്രമിക രോഗമാണ്. വൈറസോ, ബാക്ടീരിയയോ ഇതിനു കാരണമാകാം എങ്കിലും ഇപ്പോള്‍ കൂടുതലായി കണ്ടുവരുന്നത് വൈറസ് അണുബാധമൂലമുള്ള ചെങ്കണ്ണാണ്.
രോഗലക്ഷണങ്ങള്‍
കണ്ണില്‍ ചുവപ്പു നിറം, കണ്ണുനീരൊലിപ്പ്, ചൊറിച്ചില്‍, മണല്‍വാരിയിട്ട പോലുള്ള അസ്വസ്ഥത, പോളവീക്കം എന്നിവയാണ് സാധാരണ കാണുന്ന രോഗലക്ഷണങ്ങള്‍. ഇതിനു പുറമേ , കണ്‍പോള തുറക്കാനാകാത്ത വിധം പീള കെട്ടുക , പ്രകാശത്തിലേക്ക് നോക്കുമ്പോള്‍ അസ്വസ്ഥത എന്നിവയും ഉണ്ടാകാം. വൈറല്‍ ചെങ്കണ്ണ് ബാധിച്ച വ്യക്തികളില്‍ ജലദോഷം , ചെറിയ പനി, കഴല വീക്കം , എന്നിവയും കണ്ടുവരുന്നു.
90 % ചെങ്കണ്ണും വൈറസ് അണുബാധ മൂലമാണെന്ന് സൂചിപ്പിച്ചല്ലോ. വളരെ പെട്ടന്നാണ് പടരുക. 48 മണിക്കൂറിനകം അടുത്ത വ്യക്തിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങാം. സമ്പര്‍ക്കം വഴിയാണ് ഇത് പടരുക എന്നതിനാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഒരു കുടുംബത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും പെട്ടന്ന് രോഗം ബാധിക്കാം . സാധാരണഗതിയില്‍ ഇത് കാഴ്ചയെ സാരമായി ബാധിക്കാറില്ല. എങ്കിലുംചെറിയ ശതമാനം ആളുകളില്‍ കണ്ണിന്റെ കൃഷ്ണമണിയെ(CORNEA) ബാധിച്ചാല്‍ കെരാടൈറ്റിസ് (Keratitis) എന്ന അവസ്ഥയുണ്ടാകാം. അപ്പോള്‍ കോര്‍ണിയയില്‍ കലകള്‍ വീഴുകയും അത് ഭാവിയില്‍ കാഴ്ചയെ ബാധിക്കുകയും ചെയ്യാം . ബാക്റ്റീരിയല്‍ ചെങ്കണ്ണ് ഇരുകണ്ണിനേയും ഒരേ സമയം ബാധിക്കാം . കണ്ണ് തുറക്കാന്‍ പറ്റാത്ത വിധം കട്ടിയായി പീള കെട്ടുകയും കണ്ണുനീരൊലിപ്പും അസ്വസ്ഥതയും ഉണ്ടാകാം .
ചികിത്സ
സ്വയം ചികിത്സ ഒഴിവാക്കുക . ചെങ്കണ്ണിന്റെ ലക്ഷണങ്ങള്‍ കണ്ടാലുടന്‍ നേത്രരോഗ വിദഗ്ധനെ കണ്ട് ചികിത്സ ആരംഭിക്കുക .കണ്ണില്‍ ഒഴിക്കാനുള്ള തുള്ളി മരുന്നുകളും ഓയിന്‍മെന്റും കൃത്യമായി ഉപയോഗിക്കുക . വൈറല്‍ അണുബാധയ്ക്ക് പ്രധാനമായും supportive treatment അതായത് decongestants, artificialtears എന്നീ മരുന്നുകളാണ് ഉപയോഗിക്കുന്നത്. ഇവ രോഗാവസ്ഥ പെട്ടന്ന് സുഖപ്പെടുത്തുന്നതിനു സഹായകമാവും .
എങ്ങനെ പ്രതിരോധിക്കാം
വീട്ടില്‍ ഒരാള്‍ക്ക് ചെങ്കണ്ണ് ബാധിച്ചാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വളരെ പെട്ടന്ന് മറ്റുള്ളവരിലേക്കും ഇന്‍ഫെക്ഷന്‍ പടരാം.
· ഏറ്റവും പ്രധാനം വ്യക്തി ശുചിത്വമാണ്.
· അണുബാധയുള്ള വ്യക്തി മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക
രോഗിയുപയോഗിക്കുന്ന സ്വകാര്യ വസ്തുക്കള്‍(ടവല്‍ , സോപ്പ് , തലയിണ)എന്നിവ മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കുക. ഇവ അണുവിമുക്തമാക്കുക .
· കണ്ണുതുടയ്ക്കാന്‍ ടിഷ്യു പേപ്പര്‍ അല്ലെങ്കില്‍ കോട്ടണ്‍ സ്വാബ് ഉപയോഗിക്കുകയും അത് സൂക്ഷിച്ചു ഡിസ്‌പോസ് ചെയ്യുകയും വേണം .
· അണുബാധയുള്ളപ്പോള്‍ പൊതു സ്ഥലങ്ങള്‍ സന്ദര്‍ശിക്കരുത് . കഴിയുന്നതും ആള്‍ക്കാരുമായി സമ്പര്‍ക്കം ഒഴിവാക്കുക നീന്തല്‍കുളങ്ങള്‍ , സിനിമാതീയേറ്ററില്‍ ഉപയോഗിക്കുന്ന 3D കണ്ണടകള്‍ എന്നിവ അണുബാധയുടെ സ്രോതസുകളാണെന്നറിയുക.
· കോണ്‍ടാക്റ്റ് ലെന്‍സ് ധരിക്കുന്ന ആളുകള്‍ അണുബാധയുള്ളപ്പോള്‍ അത് മാറ്റി പകരം കണ്ണാടി ഉപയോഗിക്കണം .
· കണ്ണ് തിരുമ്മുന്നത് ഒഴിവാക്കുകയും ശുദ്ധ ജലത്തില്‍ കണ്ണ് ഇടയ്ക്കിടെ കഴുകുകയും ചെയ്യാം .
· വേണ്ടത്ര ശുചിത്വമില്ലാത്ത സ്രോതസ്സില്‍ നിന്നെടുത്താല്‍ പൂര്‍ണമായി അണുവിമുക്തമായിരിക്കില്ല .
· ഇളനീര്‍കുഴമ്പ്, മല്ലി വെള്ളം എന്നിവയൊന്നും ചെങ്കണ്ണിന്റെ മരുന്നുകളല്ല
സാധാരണയായി മൂന്ന് മുതല്‍ അഞ്ച് ദിവസം കൊണ്ട് അണുബാധ കുറയും. കണ്ണിന്റെ ചുവപ്പ് മാറി വെള്ളയാകുകയും പീള കുറഞ്ഞ് കണ്ണ് തെളിയുകയും ചെയ്താല്‍ ഇന്‍ഫെക്ഷന്‍ മാറി എന്ന് കരുതാം. കൊച്ചുകുട്ടികളില്‍ വളരെ പെട്ടന്ന് പടരുന്നത് കൊണ്ട് പൂര്‍ണമായി ഭേദമാകാതെ അവരെ സ്‌കൂളിലേക്ക് വിടാതിരിക്കുക. അതുപോലെ മുതിര്‍ന്നവര്‍ തിരികെ ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ഡോക്ടറെ കണ്ട് രോഗം മാറി എന്ന് ഉറപ്പ് വരുത്തുക. ചെങ്കണ്ണ് വളരെ പെട്ടന്ന് പടരുന്ന ഒരു സാംക്രമിക രോഗമാണ്. എന്നാല്‍ കൃത്യമായ വ്യക്തി ശുചിത്വത്തിലൂടെയും ശരിയായ ചികിത്സയിലൂടെയും ഇത് പടരുന്നത് നമുക്ക് തടയാം .
ഡോ. അഞ്ചു ഹാരിഷ്
കണ്‍സള്‍ട്ടന്റ് ഓഫ്താല്‍മോളജിസറ്റ്
എസ്. യു . ടി ഹോസ്പിറ്റല്‍ , പട്ടം