Site iconSite icon Janayugom Online

പ്രത്യാഘാതം ഗുരുതരമായിരിക്കും; യുഎസിനുള്ള മുന്നറിയിപ്പ് ആവര്‍ത്തിച്ച് ഇറാന്‍

രാജ്യത്തിനു നേരെ സെെനിക ആക്രമണമുണ്ടായാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പ് ആവര്‍ത്തിച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്‍. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള ഭീഷണികള്‍ക്കിടെയാണ് പെസഷ്കിയാന്റെ പ്രതികരണം. ജനങ്ങളുടെ സുരക്ഷയാണ് മുന്‍ഗണനയെന്നും കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്തി പ്രതിരോധം തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ പക്ഷം ചര്‍ച്ചകളും നയതന്ത്രവും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പ്രകോപനപരവും സംഘര്‍ഷം വര്‍ധിപ്പിക്കാനിടയാക്കുന്നതുമായ നടപടികള്‍ ഉപേക്ഷിച്ച് പ്രായോഗികമായ സംഭാഷണങ്ങളോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കണമെന്നും പെസഷ്കിയാന്‍ ആവശ്യപ്പെട്ടു. 

വിലയക്കയറ്റത്തിനെതിരെ ഇറാനില്‍ നടന്ന പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ സെെനികമായി ഇടപെടുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നെങ്കിലും പ്രാദേശിക സഖ്യകക്ഷികളുടെ സമ്മര്‍ദം മൂലം നിലപാട് മയപ്പെടുത്തിയിരുന്നു. എന്നാല്‍ ആണവായുധ കരാര്‍ സംബന്ധിച്ച് അമേരിക്കന്‍ വ്യവസ്ഥകള്‍ പരിഗണിച്ചില്ലെങ്കില്‍ സെെനിക നടപടിയുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി ട്രംപ് വീണ്ടും രംഗത്തെത്തി. യുഎസ്എസ് എബ്രഹാം ലിങ്കണിന്റെ നേതൃത്വത്തില്‍ വിപുലമായ സെെനിക സന്നാഹമാണ് പശ്ചിമേഷ്യന്‍ മേഖലയില്‍ വിന്യസിച്ചിട്ടുള്ളത്. ആണവായുധങ്ങൾ കൈവശം വയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും നിലവിലെ ആണവ പദ്ധതി സമാധാനപരമായ സിവിലിയൻ ആവശ്യങ്ങൾക്ക് മാത്രമാണെന്നും ഇറാന്‍ ആവര്‍ത്തിച്ച് വിശദീകരിച്ചിട്ടുണ്ട്. വിഷയത്തിൽ സംഭാഷണത്തിനുള്ള സന്നദ്ധതയും ഇറാന്‍ പ്രകടിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങൾ, പരസ്പര ബഹുമാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള നയതന്ത്രത്തിൽ ഇറാന്‍ വിശ്വസിക്കുന്നുവെന്ന് പെസഷ്കിയാനും ആവര്‍ത്തിച്ചു.

നിലവിലെ സാഹചര്യം കൂടുതല്‍ വഷളാകാതിരിക്കാന്‍ മേഖലയിലെ മറ്റ് കക്ഷികളുമായി ഇറാന്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. പാകിസ്ഥാൻ വിദേശകാര്യ മന്ത്രി, ഖത്തര്‍ അമീര്‍ എന്നിവരുമായി കഴിഞ്ഞ ദിവസം പെസഷ്കിയാന്‍ ചര്‍ച്ച നടത്തിയിരുന്നു. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി തുർക്കി, ഈജിപ്ത് എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി സംഭാഷണങ്ങള്‍ നടത്തി. ഈ രാജ്യങ്ങളില്‍ പലതിലും യുഎസിന് സെെനികത്താവളങ്ങളുണ്ട്. യുഎസ് സെെനികമായി ആക്രമിച്ചാല്‍ ഈ താവളങ്ങൾ പ്രതികാര നടപടിയുടെ നിയമാനുസൃത ലക്ഷ്യങ്ങളായി മാറുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ വിശാലമായ യുദ്ധം ഒഴിവാക്കാനാണ് മേഖലയിലെ മറ്റ് രാജ്യങ്ങളും ശ്രമിക്കുന്നത്. സൗദി അറേബ്യ, യുഎഇ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ ഇറാനെതിരായ സൈനിക ആക്രമണത്തിന് തങ്ങളുടെ പ്രദേശങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാനെതിരായ യുഎസ് സൈനിക ആക്രമണത്തെ തുർക്കി ഉൾപ്പെടെയുള്ള മേഖലയിലെ മിക്ക രാജ്യങ്ങളും എതിർത്തിരുന്നു. 

Exit mobile version