നെയ്യാറ്റിൻകര അരങ്കമുകളിൽ ഒൻപതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു. അച്ഛന്റെ ഉപദ്രവത്തിൽ മനംനൊന്താണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് പെൺകുട്ടി പറഞ്ഞു. അരങ്കമുകൾ സ്വദേശിയായ 14‑കാരി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.സ്ഥിരം മദ്യപാനിയായ പിതാവ് നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചതായി പെൺകുട്ടി പറഞ്ഞു. പൊതുവഴിയിൽ വെച്ച് മർദ്ദിക്കാൻ ശ്രമിക്കാറുണ്ടെന്നും ഇതിൽ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും പെൺകുട്ടി പറഞ്ഞു.
സോപ്പുലായനി കുടിച്ചാണ് കഴിഞ്ഞ ദിവസം പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സ്വകാര്യ സ്കൂളിലെ ജീവനക്കാരിയാണ് കുട്ടിയുടെ മാതാവ്. വീട്ടിലെ അവസ്ഥകൾ കാണിച്ച് യുവതി മുഖ്യമന്ത്രിക്കും എസ്പിക്കും വനിതാ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കുട്ടിയെ പിതാവ് മർദ്ദിക്കാൻ ശ്രമിച്ചത് സംബന്ധിച്ച് നെയ്യാറ്റിൻകര പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
“എപ്പോഴും അച്ഛൻ പറയും, നീ പോയി ചാവണം. എന്നാലേ എന്റെ ജീവിതം നന്നാകൂ എന്ന്. എന്നാൽ, അത് കാര്യമായി എടുത്തില്ല. ഇപ്പോൾ പറഞ്ഞപ്പോൾ അത് പെട്ടെന്ന് ഉൾക്കൊള്ളാനായില്ല. അതുകൊണ്ടാണ് അമ്മയെ പോലും നോക്കാതെ ഇങ്ങനെ ചെയ്തത്”, പെൺകുട്ടി പറഞ്ഞു. രാത്രി ഒരു മണിക്കൊക്കെ വീട്ടിൽനിന്ന് അടിച്ചിറക്കുമെന്നും റോഡരികിൽ കിടന്നുറങ്ങേണ്ടിവന്നിട്ടുണ്ടെന്നും പെൺകുട്ടി പറഞ്ഞു

