Site iconSite icon Janayugom Online

ഭരണഘടനാ ദിനം: പഞ്ചായത്തുകളിൽ ആമുഖം വായിക്കണം

26‑ന് ഭരണഘടനാ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഭരണഘടനയുടെ ആമുഖം പ്രാദേശിക ഭാഷയിൽ വായിക്കണമെന്ന് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം. ഇന്ത്യൻ ഭരണഘടനയുടെ പ്രാധാന്യവും മൂല്യങ്ങളും ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

രാജ്യത്തെ 2.63 ലക്ഷം ഗ്രാമപഞ്ചായത്തുകളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഭരണഘടനയുടെ ആമുഖം വായിക്കുന്നതിനൊപ്പം ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ, സെമിനാറുകൾ, ക്വിസ് മത്സരങ്ങൾ, വെബിനാറുകൾ എന്നിവയും സംഘടിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. 

രാവിലെ 10 മണി മുതൽ വൈകിട്ട് 6.45 വരെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശത്തിനും 15 മിനിറ്റ് വീതം സമയം അനുവദിച്ചിട്ടുണ്ട്. ഈ സമയത്തിനുള്ളിൽ അതത് പ്രദേശങ്ങളിലെ പഞ്ചായത്തുകൾ ഭരണഘടനാ ആമുഖം വായിക്കുകയും പ്രതിജ്ഞയെടുക്കുകയും വേണം. ഈ പരിപാടികൾ പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ തത്സമയം സംപ്രേഷണം ചെയ്യും.

Exit mobile version