Site iconSite icon Janayugom Online

സെറ്റിലെ പരിമിതികൾ ഉൾക്കൊള്ളുമായിരുന്നു; കാരവൻ സ്‌ക്രിപ്റ്റിന്റെ കാമ്പ് കളയുന്ന സാധനമെന്നും നടി ശോഭന

സിനിമ സെറ്റിലെ പരിമിതികൾ തനിക്കു ഉൾക്കൊള്ളുവാൻ കഴിയുമായിരുന്നെന്ന് നടി ശോഭന. കാരവൻ സ്‌ക്രിപ്റ്റിന്റെ കാമ്പ് കളയുന്ന സാധനമാണെന്നും തന്റെ തലമുറയിൽ പെട്ട ഖുശ്ബു, സുഹാസിനി, രാധിക തുടങ്ങിയവരെല്ലാം പരിമിതികൾ അറിഞ്ഞാണ് മുന്നോട്ട് പോയതെന്നും നടി പറഞ്ഞു. കാരവനിൽ കയറിയിരുന്നാൽ ശ്രദ്ധയും ചിന്തയും ആകെ മാറും. ഒരു തറവാട്ടിലാണ് ഷൂട്ടിങ് എങ്കിൽ അവിടെ സെറ്റിൽ തന്നെ ഇരിക്കുമ്പോൾ അവിടവുമായി ചേർന്നുപോകും. മറ്റ് ആർടിസ്റ്റുകൾ അഭിനയിക്കുന്നത് കാണാവാനും അങ്ങനെ ആ സ്ക്രിപ്റ്റിനെ ഉൾക്കൊള്ളാനും കഴിയും. 

കാരവാൻ വന്നപ്പോൾ ഇത്തരം കാര്യങ്ങൾ ഇല്ലാതായി, സോഷ്യൽ മീഡിയ പോലെ വേറെ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കും. സെറ്റുമായും സിനിമയുമായുള്ള ബന്ധം കാരവൻ നഷ്ടപ്പെടുത്തുന്ന പോലെയാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും കാലാവസ്ഥ നല്ലതാണെങ്കിൽ കാരവാൻ താൻ വേണ്ടെന്നു പറയാറുണ്ടെന്നും താരം വെളിപ്പെടുത്തി.ബിഹൈൻഡ്‍വുഡ്സ് ടിവി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശോഭന. 

താൽപര്യം ഇല്ലാത്തതിനാൽ വേണ്ടെന്ന് പറഞ്ഞാലും കാരവനിൽ കയറുവാൻ എന്നെ നിർബന്ധിക്കാറുണ്ടായിരുന്നു . പണ്ട് കാരവൻ ഇല്ലാത്തതുകൊണ്ട് വളരെ വേഗത്തിൽ കോസ്റ്റ്യൂം മാറി വരും. സെറ്റിൽ ചെന്നാൽ ആദ്യം നോക്കുക കോസ്റ്റ്യൂം മാറാൻ വല്ല മരമോ മറയോ ഉണ്ടോ എന്നാണ്. കോസ്റ്റ്യൂം ചേഞ്ച് ഒരു വീട്ടിലാണെന്നു പറഞ്ഞാൽ വണ്ടി കയറി അങ്ങോട്ടു പോയി തിരിച്ചു വരുന്ന സമയം ലാഭിക്കാൻ സെറ്റിൽ തന്നെ വസ്ത്രം മാറ്റി ബാക്കിയുള്ള സമയം ഇരുന്ന് ഉറങ്ങാൻ നോക്കും. എല്ലാം ഒരു അഡ്ജസ്റ്റ്മെന്റിലാണ് പോയിക്കൊണ്ടിരുന്നതെന്നും അവർ പറഞ്ഞു. 

Exit mobile version