Site iconSite icon Janayugom Online

എരുമേലി ക്ഷേത്രത്തിൽ ഭക്തർക്ക് വിശ്രമ കേന്ദ്ര നിർമാണം പുരോഗമിക്കുന്നു

ശബരിമല സീസൺ ആരംഭിക്കാൻ ഒരു മാസം മാത്രം അവശേഷിക്കെ ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന എരുമേലിയിലെ വലിയമ്പലത്തിൽ വിശ്രമ കേന്ദ്ര നിർമാണത്തിന്റെ ജോലികൾ പുരോഗമിക്കുന്നു. വിശ്രമ കേന്ദ്രത്തിലെ രണ്ട് നിലകളിൽ ദിവസവും ആയിരം ഭക്തർക്ക് വിശ്രമിക്കാനുള്ള സൗകര്യമെങ്കിലും ഇത്തവണ ഒരുക്കണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നിർദേശം നൽകിയിട്ടുള്ളത്. ഇതോടൊപ്പം ദേവസ്വം വക സ്കൂൾ ഭാഗത്തെ പാർക്കിംഗ് ഗ്രൗണ്ടിൽ വിരി വെയ്ക്കാൻ കഴിഞ്ഞ സീസണിൽ താൽക്കാലിക സൗകര്യം ഒരുക്കിയത് ഇത്തവണയും തുടരാനാണ് തീരുമാനം. 

ഇത്തവണ തീർത്ഥാടക തിരക്ക് വർധിക്കുമെന്നാണ് കരുതുന്നത്. വിഐപി റസ്റ്റ് ഹൗസ് വലിയമ്പലത്തിന്റെ എതിർവശത്ത് ആലമ്പള്ളി ഗ്രൗണ്ടിൽ നിർമിക്കാൻ നിർദേശം നൽകിയിരിക്കുകയാണ്. നേരത്തെ ഉള്ള പ്ലാൻ മാറ്റി ആണ് ഇവിടെ വിഐപി റസ്റ്റ് ഹൗസ് നിർമിക്കാൻ തീരുമാനമായിരിക്കുന്നത്. പഴയ പ്ലാൻ പ്രകാരം ഭക്തർക്കുള്ള വിശ്രമ കേന്ദ്രത്തിൽ റസ്റ്റ് ഹൗസ് നിർമിച്ചാൽ വിഐപികൾക്ക് എത്താൻ ഭക്തരുടെ തിരക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും സമീപത്തുള്ള വലിയ തോട്ടിൽ വെള്ളപ്പൊക്കം ഉണ്ടായാൽ റസ്റ്റ് ഹൗസിൽ വെള്ളം കയറാൻ സാധ്യത കൂടുതലാണെന്നും വിലയിരുത്തി ആണ് പ്ലാൻ മാറ്റിയത്.

നേരത്തെ ഇവിടെ ഉണ്ടായിരുന്ന ഷെൽട്ടറുകളിലായിരുന്നു ഭക്തർ വിരി വെച്ച് വിശ്രമിച്ചിരുന്നത്. ഇത് പൊളിച്ചു മാറ്റിയാണ് വിശ്രമ കേന്ദ്രത്തിന്റെ നിർമാണം തുടങ്ങിയത്. മൂന്ന് വർഷം മുമ്പ് 15 കോടി രൂപ അനുവദിച്ച കെട്ടിട സമുച്ചയത്തിന്റെ ആദ്യ ഘട്ട നിർമാണം ആണ് ഇപ്പോൾ ദ്രുതഗതിയിൽ നടക്കുന്നത്. ഓഡിറ്റോറിയം, ഡോർമെറ്ററികൾ, ശൗചാലയങ്ങൾ, ഹാൾ, മെസ്, 16 മുറികൾ, പാർക്കിംഗ് സൗകര്യം എന്നിവയ്ക്കായാണ് 15 കോടിയുടെ പദ്ധതി. ഭക്തർ വിശ്രമിക്കുന്ന ഷെൽട്ടറുകൾ, വിഐപികൾ ഉൾപ്പടെ ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയാണ് നിർമാണം. ഒപ്പം താൽക്കാലിക സൗകര്യം ഒരുക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്. കൂടാതെ സമീപത്ത് സ്കൂൾ വളപ്പിൽ താൽക്കാലിക ആശുപത്രികളും ഫയർ ഫോഴ്സും പ്രവർത്തിക്കുമെന്ന് ദേവസ്വം അധികൃതർ പറഞ്ഞു.

Exit mobile version