Site iconSite icon Janayugom Online

12,313 വീടുകൾക്ക് കൂടി നിർമ്മാണ അനുമതി; ലൈഫ് പദ്ധതി വഴി ഉടൻ 82,000 ലധികം വീടുകൾ

പിഎംഎവൈ (നഗരം) ലൈഫ് പദ്ധതിയുടെ ഭാഗമായി 12,313 വീടുകൾ കൂടി നിർമ്മിക്കാൻ‍ അനുമതി ലഭിച്ചതായി തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് അറിയിച്ചു. വീടുകൾ നിർമ്മിക്കാനുള്ള 492.52 കോടിയിൽ 307.83 കോടി സംസ്ഥാന വിഹിതവും 184.69 കോടി കേന്ദ്രവിഹിതവുമാണ്. ഇതോടെ‍ ലൈഫ് 2020 ഗുണഭോക്തൃ പട്ടികയിൽ നിന്ന് ഉടനടി വീട് ലഭിക്കുന്നവരുടെ എണ്ണം 82,000 ത്തിലധികമാകും.

2017ലെ ലൈഫ് പട്ടികയിലെ ഗുണഭോക്താക്കളും 2019ലെ അഡീഷണൽ പട്ടികയിലെ ഗുണഭോക്താക്കളുമായ 27,833 പേർ ഈ സാമ്പത്തിക വർഷം കരാറിലേർപ്പെട്ട് വീട് നിർമ്മാണം ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. ഇതിന് പുറമേ 2017, 2019 പട്ടികയിലുൾപ്പെട്ട ഗുണഭോക്താക്കളുടെ 29,189 വീടുകൾ നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. പുതിയതായി 82,000 ത്തിലധികം ഗുണഭോക്താക്കൾ കൂടി കരാറിലേർപ്പെട്ട് വീട് നിർമ്മാണം ആരംഭിക്കുന്നതോടെ, ഈ വർഷം സർക്കാർ ലക്ഷ്യംവച്ച 1,06,000 വീട് എന്നതും മറികടന്ന് ലൈഫ് പദ്ധതി മുന്നോട്ടുകുതിക്കും. ലൈഫ് ഭവന പദ്ധതിയിലൂടെ ഇതിനകം സംസ്ഥാനത്ത് 3,14,425 വീടുകളുടെ നിർമ്മാണമാണ് പൂർത്തിയായത്. ഭൂരഹിതരായ ഭവനരഹിതരുടെ വിഷയം മനസോടിത്തിരി മണ്ണ് പദ്ധതിയിലൂടെ പരിഹരിക്കാനും ഊർജിത ശ്രമം തുടരുകയാണെന്ന് മന്ത്രി പറഞ്ഞു. 

ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി 1500 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കെയുആർഡിഎഫ്‌സി മുഖേന സംസ്ഥാന സർക്കാർ ലഭ്യമാക്കിയിരുന്നു. ഇതുവഴി പുതിയ പട്ടികയിലെ 70,000 ത്തോളം വീടുകളുടെ നിർമ്മാണം പൂർത്തിയാക്കാനാകും. ഇതിന് പുറമേ 2017ലെ ലൈഫ് പട്ടികയിലെ ഭൂമിയുള്ള ഭവനരഹിതർക്കും, 2019ലെ പട്ടികജാതി/ പട്ടികവർഗ/ ഫിഷറിസ് അഡീഷണൽ ലിസ്റ്റിലെയും അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും വീട് നൽകിക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ, ഈ വർഷം ഭവനപദ്ധതിക്കായി വകയിരുത്തിയ‍ വികസനഫണ്ടും ത്രിതല പഞ്ചായത്ത് വിഹിതമായി ലഭിക്കാൻ സാധ്യതയുള്ളതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വകയിരുത്താൻ സാധിക്കുന്നതുമായ പരമാവധി തുകകളും വിനിയോഗിച്ച്, ഭൂമിയും വീടും നൽകാനുള്ള പദ്ധതി ലൈഫ് 2020 പട്ടിക പ്രകാരം ഏറ്റെടുക്കാനും അനുമതി നൽകിയിട്ടുണ്ട്. എല്ലാവർക്കും അടച്ചുറപ്പുള്ള വീട് ഉറപ്പാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് നീങ്ങുകയാണെന്നും മന്ത്രി അറിയിച്ചു. 

Eng­lish Sum­ma­ry: Con­struc­tion per­mis­sion for 12,313 more hous­es; More than 82,000 hous­es soon through LIFE scheme

You may also like this video

Exit mobile version