കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ സ്ലീപ്പർ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തെത്തുടർന്ന് ബസിന് തീപിടിച്ച് 17 യാത്രക്കാർ മരിച്ചതായാണ് പ്രാഥമിക വിവരം. പുലർച്ചെ രണ്ട് മണിയോടെ ഹിരിയൂരിലെ ദേശീയപാത 48ലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ബംഗളൂരുവിൽ നിന്ന് ഗോകർണത്തേക്ക് പോവുകയായിരുന്നു ബസ്. ലോറി നിയന്ത്രണം വിട്ട് ഡിവൈഡർ മുറിച്ചുകടന്ന് എതിർദിശയിൽ വന്ന ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന് ഉടൻ തീപിടിച്ചു. സ്ലീപ്പർ കോച്ചിനുള്ളിൽ കുടുങ്ങിപ്പോയ യാത്രക്കാരാണ് മരിച്ചവരിലധികവും. ബസിലുണ്ടായിരുന്ന ഏഴ് പേർ സാഹസികമായി ജനലിലൂടെ ചാടി രക്ഷപ്പെട്ടു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമാണ്.
ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. തീപിടുത്തത്തിൽ ബസ് പൂർണ്ണമായും കത്തിനശിച്ച നിലയിലാണ്. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനും മരണസംഖ്യ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്. ചിത്രദുർഗ പൊലീസ് സൂപ്രണ്ട് രഞ്ജിത്ത് കുമാർ സ്ഥലം സന്ദർശിച്ചു. ഹിരിയൂർ റൂറൽ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

