ചേമ്പളത്തിനും വട്ടപ്പാറയ്ക്കും ഇടയില്‍ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നെടുങ്കണ്ടത്തേക്ക് ടൈലുമായി എത്തിയ ലോറിയാണ് രാവിലെ എട്ടരയോടെ അപകടത്തില്‍ പെട്ടത്. ലോറിയില്‍ നിന്നും വേര്‍പെട്ട കണ്ടെയ്‌നര്‍ സമീപത്തുള്ള പുത്തന്‍കാലായില്‍ അജേഷിന്റെ വീടിന് മുകളിലേക്ക് പതിക്കാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ലോറിയില്‍ സഹായിയായി ഉണ്ടായിരുന്ന വരാപ്പുഴ പള്ളിപ്പറമ്പില്‍ ഷിനു(32)വിനാണ് പരുക്കേറ്റത്. മറിഞ്ഞ ലോറിയുടെ കാബിനില്‍ കുടുങ്ങിപ്പോയ ഡ്രൈവറേയും സഹായിയേയും ലോറിയുടെ ഗ്ലാസ് തകര്‍ത്താണ് നാട്ടുകാര്‍ പുറത്തെത്തിച്ചത്. ഡ്രൈവര്‍ക്ക് സാരമായ പരിക്കുകളില്ല. നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷിനുവിനെ പരുക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് എറണാകുളത്തേക്ക് കൊണ്ടുപോയി. ചേമ്പളം സെന്റ് മേരീസ് എല്‍.പി സ്‌കൂളിന് സമീപത്തെ കൊടുംവളവിലാണ് ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. ഈ സമയം കുട്ടികളെ സ്‌കൂള്‍ വാഹനത്തില്‍ കയറ്റിവിടുന്നതിനായി അജേഷ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. ഇവര്‍ നിന്നതിന് തൊട്ടടുത്തായാണ് ലോറി മറിഞ്ഞത്.
നെടുങ്കണ്ടത്തെ പാട്ടത്തില്‍ മരിയന്‍ എന്റര്‍പ്രൈസസിലേക്ക് ടൈല്‍സുമായെത്തിയ ലോറിയാണ് അപകടത്തില്‍ പെട്ടത്. ഗുജറാത്തില്‍ നിന്നും എത്തിയ കണ്ടെയ്‌നര്‍ കൊച്ചിയില്‍ നിന്നുമാണ് ലോറിയില്‍ ഘടിപ്പിച്ചത്. 1000 ബോക്‌സ് ടൈലുകളാണ് കണ്ടെയ്‌നറില്‍ ഉണ്ടായിരുന്നത്. ഇത് പൂര്‍ണമായും നശിച്ചു. ഏകദേശം ഏഴ് ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
വട്ടപ്പാറ മുതല്‍ ചേമ്പളം വരെ കുത്തിറക്കവും കൊടും വളവുകളുമാണുള്ളത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പും ഇവിടെ ലോറി അപകടത്തില്‍ പെട്ടിരുന്നു. ദിശാബോര്‍ഡുകളും ക്രാഷ് കാരിയറുകളോ ഇല്ലാത്തതാണ് ഈ പ്രദേശത്ത് തുടര്‍ച്ചയയായുള്ള അപകടങ്ങള്‍ക്ക് കാരണമാകുന്നത്.
English Summary: Container lorry overturns at Vattapara; one injured seriously
You may like this video also