Site iconSite icon Janayugom Online

ഗുജറാത്തിലെ സൗരാഷ്ട്രയിൽ തുടർച്ചയായ ഭൂചലനങ്ങൾ; ജനങ്ങൾ പരിഭ്രാന്തിയിൽ

ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിൽ വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച ഉച്ചവരെ തുടർച്ചയായ ഭൂചലനങ്ങൾ അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 2.6 മുതൽ 3.8 വരെ തീവ്രത രേഖപ്പെടുത്തിയ പന്ത്രണ്ടോളം ഭൂചലനങ്ങളാണ് ഉണ്ടായത്. രാജ്കോട്ട് ജില്ലയിലെ ഉപ്ലേറ്റ, ധോരാജി, ജേത്പൂർ താലൂക്കുകളിലെ ജനങ്ങൾ ഇതോടെ കടുത്ത പരിഭ്രാന്തിയിലായി. മുൻകരുതൽ നടപടിയായി പലരും വീടുകൾ ഉപേക്ഷിച്ച് തുറസ്സായ പാടങ്ങളിൽ അഭയം തേടി. നിലവിൽ ജീവഹാനിയോ വലിയ തോതിലുള്ള നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഭൂചലനങ്ങളുടെ തുടക്കം വ്യാഴാഴ്ച രാത്രി 8.43നാണ് ആദ്യ ചലനം അനുഭവപ്പെട്ടത്. ഇതിന് 3.3 തീവ്രതയുണ്ടായിരുന്നു. ഉപ്ലേറ്റ നഗരത്തിന് സമീപമായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. ഗാന്ധിനഗർ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കൽ റിസർച്ച് രേഖപ്പെടുത്തിയതനുസരിച്ച്, ഉപ്ലേറ്റയ്ക്ക് 27 മുതൽ 30 കിലോമീറ്റർ കിഴക്ക്-വടക്കുകിഴക്കായി കേന്ദ്രീകരിച്ചാണ് തുടർച്ചയായ ചലനങ്ങൾ ഉണ്ടായത്.

ഭൂചലനത്തെത്തുടർന്ന് അപകടാവസ്ഥയിലുള്ള പഴയ കെട്ടിടങ്ങളിൽ താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ കളക്ടർ നിർദ്ദേശിച്ചു. പഴയ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അംഗൻവാടികൾക്കും ഒരു ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ അധ്യാപകർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. 

Exit mobile version