Site iconSite icon Janayugom Online

തുടർച്ചയായ മഴ കെഎസ്ഇബിക്ക് നേട്ടം

സംസ്ഥാനത്ത് ചക്രവാത ചുഴിയുടെയും ന്യൂനമർദ്ദ പാത്തിയുടെയും ഫലമായി തുടർച്ചയായി മഴ ലഭിച്ചതോടെ കെഎസ്ഇബിക്ക് നേട്ടം.
ഈ മാസം ആകെ 136 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ ജലം ഡാമുകളിലെല്ലാമായി ഒഴുകിയെത്തുമെന്ന പ്രതീക്ഷിച്ച സ്ഥാനത്ത് ഇന്നലെ വരെ മാത്രം ലഭിച്ചത് 194.471 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കാവശ്യമായ ജലമാണ്.

ഇന്നലെ വരെ 78.968 ദശലക്ഷം യൂണിറ്റിന് ആവശ്യമായ ജലം ഒഴുകിയെത്തുമെന്നായിരുന്നു കെഎസ്ഇബിയുടെ കണക്കുകൂട്ടൽ. എന്നാൽ പ്രതീക്ഷിച്ചതിന്റെ രണ്ടര ഇരട്ടിയോളം ജലമാണ് ഇന്നലെ വരെ ഡാമുകളിലെല്ലാമായി ഒഴുകിയെത്തിയത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആകെ ജലശേഖരത്തിൽ ഇത്തവണ 100. 589 ദശലക്ഷം യൂണിറ്റിന്റെ കുറവുണ്ടെങ്കിലും വരും ദിവസങ്ങളിലും മഴ തുടരുമെന്ന കാലാവസ്ഥ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ ഈ കുറവ് മറികടക്കാമാകുമെന്ന വിലയിരുത്തലിലാണ് കെഎസ്ഇബി അധികൃതർ.

അതേസമയം 90 ദശലക്ഷം യൂണിറ്റ് വരെ ഉയർന്നു നിന്ന സംസ്ഥാനത്തെ പ്രതിദിന വൈദ്യുതോപയോഗം ഇന്നലെ 70. 4112 ദശലക്ഷം യൂണിറ്റായി താഴ്ന്നതും കെഎസ്ഇബിക്ക് ഇരട്ടി ആശ്വാസമായി.

സംസ്ഥാനത്ത് മഴ ആരംഭിച്ചതോടെ വൈദ്യുതി ഉപയോഗത്തിൽ വലിയ കുറവുണ്ടായി. പ്രതിദിനം ശരാശരി ഉപയോഗം 77.7165 ദശലക്ഷം യൂണിറ്റായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം 92.8819 ദശലക്ഷം യൂണിറ്റിന്റെ ഉപയോഗം രേഖപ്പെടുത്തി പ്രതിദിന ഉപയോഗത്തിൽ സർവ്വകാല റെക്കോർഡിട്ടിരുന്നു.

ഈ മാസം 85.4476 ദശലക്ഷം യൂണിറ്റ് രേഖപ്പെടുത്തിയതാണ് ഉയർന്ന ഉപയോഗം. വൈദ്യുത ഉപയോഗം ക്രമാതീതമായി വർധിച്ചത് കെഎസ്ഇബിക്ക് തലവേദനയായിരുന്നു.

നിലവിൽ സംസ്ഥാനത്തെ ഡാമുകളിലെല്ലാമായി 33 ശതമാനമാണ് ജലശേഖരം. 1351.96 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കാവശ്യമായ ജലം സംഭരണികളിലെല്ലാമായുണ്ട്. ഇടുക്കി ഡാമിൽ ജല ശേഖരം ഇന്നലെ ഒരടി കൂടി ഉയർന്ന് 2340 അടിയായി. ഇന്നലെ ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് 31.6 മില്ലിമീറ്റർ മഴ ലഭിച്ചു.

Eng­lish summary;Continuous rains ben­e­fit KSEB

You may also like this video;

Exit mobile version