Site icon Janayugom Online

സൈനികസേവനത്തിലും കരാര്‍ കാലം

Defence

ഇനി കരാര്‍ അടിസ്ഥാനത്തില്‍ സൈനിക സേവനം. വികസിത രാജ്യങ്ങളിലെ യുവാക്കളുടെ നിര്‍ബന്ധിത സൈനിക സേവനത്തിന്റെ ചുവടു പിടിച്ച് അഗ്നിപഥ് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്. പദ്ധതി വിജയിച്ചാല്‍ പ്രതിരോധ വാര്‍ഷിക ബജറ്റില്‍ നിന്ന് 5.2 ലക്ഷം കോടി ലാഭിക്കാം.
നാലു വര്‍ഷം നീളുന്ന കരാര്‍ അടിസ്ഥാനത്തില്‍ സൈനിക സേവനം അതാണ് കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിയുടെ ആകെത്തുക. കര‑നാവിക‑വ്യോമ സേനകളില്‍ യുവതയെ തുച്ഛമായ വേതനത്തില്‍ നിയമിച്ച് ചെലവുചുരുക്കുകയെന്ന നയമാണ് തീരുമാനത്തിന് പിന്നില്‍. സായുധ സേനയ്ക്ക് യുവത്വം നല്‍കാനാണ് നടപടിയെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സേനാമേധാവികള്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഓഫീസര്‍ റാങ്കിലുള്ള നിയമനങ്ങളല്ല ഉണ്ടാകുകയെന്ന് വ്യക്തമായിട്ടുണ്ട്. പത്താം ക്ലാസാണ് ജോലിക്കുള്ള പ്രാഥമിക വിദ്യാഭ്യാസ യോഗ്യത. രാജ്യത്തെ യുവതയുടെ അധ്വാനം സൗജന്യ നിരക്കില്‍ ഉപയോഗിക്കാനുള്ള സര്‍ക്കാര്‍ നീക്കമായി പരിഷ്കാരം വിലയിരുത്തപ്പെടുന്നു. നാലുവര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്നവര്‍ക്ക് മറ്റ് മേഖലകളിൽ ജോലി ലഭിക്കാനുള്ള അവസരങ്ങളും ചോദ്യചിഹ്നമാകുന്നു.
സാധാരണ നിലയില്‍ എല്ലാ സൈനികര്‍ക്കും വിവിധ വിഭാഗങ്ങളില്‍ ഒന്നരവര്‍ഷത്തെ പരിശീലനം ലഭിക്കാറുണ്ട്. നാലു വര്‍ഷത്തെ സേവനകാലാവധി മുന്നേ നിശ്ചയിക്കപ്പെട്ട സാഹചര്യത്തില്‍ നിലവിലെ പരിശീലനരീതിയില്‍ പോലും മാറ്റങ്ങള്‍ വരുത്തേണ്ടി വരും. ഇത് സൈന്യത്തിന്റെ ക്രിയാശേഷിയെ പ്രതികൂലമായി ബാധിച്ചേക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ദേശസ്‌നേഹം വളര്‍ത്തല്‍, കൂട്ടായ പ്രവര്‍ത്തനങ്ങള്‍, ശാരീരിക ക്ഷമത വര്‍ധിപ്പിക്കല്‍, രാജ്യത്തോടുള്ള വിശ്വസ്തത, ബാഹ്യ‑ആഭ്യന്തര ഭീഷണികളുടെയും പ്രകൃതി ദുരന്തങ്ങളുടെയും വേളയില്‍ ദേശീയ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ ലഭ്യത തുടങ്ങിയവ പദ്ധതിയുടെ നേട്ടങ്ങളായിമാറുമെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്.

45,000 ‘അഗ്നിവീര്‍’

പതിനേഴര വയസിനും 21 വയസിനും ഇടയില്‍ പ്രായമുള്ളവരെയാണ് സൈന്യത്തിലേക്ക് എടുക്കുക. ഇത്തരത്തില്‍ 45,000 പേരെയാണ് സേനയിലേക്ക് നിയമിക്കുക. ‘അ​ഗ്നിവീര്‍’ എന്നായിരിക്കും ഈ സൈനികര്‍ അറിയപ്പെടുക.
ആറ് മാസത്തെ പരിശീലനത്തിന് ശേഷമായിരിക്കും നിയമനം. 30,000- 40,000ത്തിന് ഇടയിലായിരിക്കും ശമ്പളം. ഇതിനൊപ്പം പ്രത്യേക അലവന്‍സുകളും അനുവദിക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും ഇവര്‍ക്കുണ്ടാകും.
നാല് വര്‍ഷം കഴിഞ്ഞാല്‍ ഇവരില്‍ 25 ശതമാനം പേരെ മാത്രം നിലനിര്‍ത്തും. ഇവര്‍ക്ക് സാധാരണ സൈനികരായി ഓഫീസര്‍ റാങ്കില്ലാതെ 15 വര്‍ഷം കൂടി സേനയില്‍ തുടരാം. 11–12 ലക്ഷം രൂപയുടെ പാക്കേജുമായി ഇവര്‍ക്ക് സൈന്യത്തില്‍ നിന്ന് വിരമിക്കാം. പിന്നീട് യാതൊരു പെന്‍ഷന്‍ ആനുകൂല്യങ്ങളും ഇവര്‍ക്ക് ഉണ്ടാകില്ല. പ്രതിരോധ വാര്‍ഷിക ബജറ്റില്‍ നിന്ന് ലാഭിക്കുന്ന 5.2 ലക്ഷം കോടി ആയുധങ്ങള്‍ വാങ്ങുന്നതിന് വിനിയോഗിക്കാനാകും.

Eng­lish Sum­ma­ry: Con­tract peri­od in mil­i­tary service

You may like this video also

Exit mobile version