കർണാടകയിലെ സർക്കാർ എയ്ഡഡ് സ്കൂളുകൾ, പൊതു മൈതാനങ്ങൾ, സംസ്ഥാന സർക്കാരിന്റെ മറ്റ് ഭൂമികൾ എന്നിവയുടെ പരിസരത്ത് ആർ എസ് എസ് ശാഖാ യോഗങ്ങൾ നടത്തരുതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശിച്ചു. ഐ ടി മന്ത്രി പ്രിയങ്ക് ഖാർഗെയുടെ അഭ്യർത്ഥനയെ തുടർന്നാണ് ഈ സുപ്രധാന തീരുമാനം. ഒക്ടോബർ 4ന് ഖാർഗെ എഴുതിയ കത്തും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടുകൊണ്ട് സിദ്ധരാമയ്യ എഴുതിയ കുറിപ്പും മുഖ്യമന്ത്രിയുടെ ഓഫീസ് ഞായറാഴ്ച പുറത്തുവിട്ടു.
സർക്കാർ നിയന്ത്രണത്തിലുള്ള സ്‌കൂളുകളിൽ പോലും ആർ എസ് എസ് ശാഖ നടത്തുന്നത് ചൂണ്ടിക്കാട്ടിയാണ് ഖാർഗെ നടപടി ആവശ്യപ്പെട്ടത്. കുട്ടികളുടെയും യുവാക്കളുടെയും മനസ്സിൽ ആർ എസ് എസ് വിഷം കുത്തിവെക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ശിക്ഷാ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് സ്‌കൂളുകളിൽ ശാഖ നടത്തുന്നത്. വടികളും മറ്റും ഉപയോഗിച്ച് ആക്രമണോത്സുകമായ പ്രകടനങ്ങൾ നടത്തുന്നതിന് പൊലീസിൻ്റെ അനുമതിയില്ലെന്നും ഇത്തരം ചെയ്തികൾ കുട്ടികളിൽ ദോഷകരമായ മാനസിക ആഘാതം ഉണ്ടാക്കുമെന്നും മന്ത്രി പ്രതികരിച്ചു. ആർ എസ് എസ് ആദർശങ്ങൾ ഇന്ത്യയുടെ മതേതര ചട്ടക്കൂടിന് വിരുദ്ധമാണെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. നിലവിൽ സംഘിക്, ബൈഠക് എന്നീ പേരുകളിൽ ആർ എസ് എസ് നടത്തുന്ന മുഴുവൻ പ്രവർത്തനങ്ങളും നിരോധിക്കണമെന്നാണ് ഖാർഗെയുടെ ആവശ്യം. ആർ എസ് എസ് പശ്ചാത്തലവും പ്രവർത്തനങ്ങളും അറിയാത്തവർക്ക് മാത്രമേ ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കാൻ കഴിയൂ എന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് ബി വൈ വിജയേന്ദ്ര തിരിച്ചടിച്ചു. “ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന പ്രിയങ്ക് ഖാർഗെയുടെ ഈ കത്ത് അദ്ദേഹത്തിൻ്റെ മണ്ടത്തരമാണ് കാണിക്കുന്നത്,” വിജയേന്ദ്ര പരിഹസിച്ചു. കോൺഗ്രസ് ഇതിനുമുമ്പും ആർ എസ് എസിനെ നിരോധിച്ചിരുന്നു, എന്നാൽ പിന്നീട് നിരോധനങ്ങൾ പിൻവലിക്കുകയാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

