Site iconSite icon Janayugom Online

സഹകരണ മേഖലയ്ക്ക് നിയന്ത്രണം; സർക്കാർ സുപ്രീം കോടതിയിലേക്ക്

സഹകരണ മേഖലയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന റിസർവ് ബാങ്ക് സർക്കുലറിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. ഒപ്പം ആർബിഐക്ക് നിവേദനം നൽകുവാനും സർക്കാർ തീരുമാനിച്ചതായി മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നിക്ഷേപകർ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി തന്നെ നേരത്തെ ഉറപ്പ് നൽകിയിട്ടുള്ളതാണ്. 2020 ലെ പിആർ ആക്ട് ഭേദഗതിയുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് വീണ്ടും സർക്കുലർ പരസ്യപ്പെടുത്തി. സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് ഡെപ്പോസിറ്റ് ഇൻഷുറൻസ് ആന്റ് ക്രെഡിറ്റ് ഗ്യാരന്റി കോർപറേഷന്റെ (ഡിഐസിജിസി) ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്നാണ് പ്രധാനമായും സർക്കുലറിൽ പ്രതിപാദിക്കുന്നത്.
ഇതുവരെ സഹകരണ മേഖലയിൽ നിക്ഷേപകർക്ക് ഇപ്രകാരമുള്ള ഇൻഷുറൻസ് പരിരക്ഷ ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഈ തീരുമാനം സംസ്ഥാനത്തെ സഹകരണ മേഖലയ്ക്ക് ബാധകമല്ല. ഇല്ലാത്ത ഒരു കാര്യം ഉണ്ട് എന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് റിസർവ് ബാങ്ക് ചെയ്യുന്നത്. 

അതേസമയം സംസ്ഥാന സഹകരണ വകുപ്പ് കോർപറേറ്റീവ് സെക്ഷൻ നിക്ഷേപക ഗ്യാരണ്ടി സ്കീം നടപ്പിലാക്കിയിട്ടുണ്ട്. രണ്ടുലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന സ്കീം വഴി പരമാവധി ഒരു ലക്ഷം രൂപവരെയാണ് ലഭിക്കുക. സഹകരണ ബാങ്കുകളിലെ നിക്ഷേപകരെ എ, ബി, സി ക്ലാസുകളായി തരംതിരിക്കണമെന്നും ആർബിഐ നിർദ്ദേശിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ നേരത്തെ തന്നെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ച് നിക്ഷേപകരെ തരംതിരിക്കുവാനുള്ള നടപടികൾ റദ്ദാക്കുന്നതിനുള്ള അനുമതി നേടിയ സാഹചര്യത്തിൽ ഇത് വിലപ്പോകില്ല. 

സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ ‘ബാങ്ക്’, ‘ബാങ്കർ’ ബാങ്കിങ് പേരുകൾ ഉപയോഗിക്കരുതെന്ന നിർദ്ദേശവും സർക്കാർ തള്ളി. സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ ആര്‍ബിഐ ലൈസൻസ് പ്രകാരമല്ല പ്രവർത്തിക്കുന്നത്. അർബൻ ബാങ്കുകളാണ് സംസ്ഥാന സർക്കാരിന് കീഴിൽ ആര്‍ബിഐ ലൈസൻസുകൾക്ക് വിധേയമായി പ്രവർത്തിക്കുന്നത്.
സഹകരണ മേഖലയിലേക്ക് കടന്നുകയറുവാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കങ്ങളുടെ ഭാഗമായാണ് ആർബിഐ ഇടപെടൽ. രാജ്യത്തെ ഫെഡറൽ സമ്പ്രദായത്തെ അട്ടിമറിക്കുന്ന നീക്കമാണ് ഇത്. രാഷ്ട്രീയ ഭേദമന്യേ സംസ്ഥാനത്തെ സഹകാരി സംഘടനകൾ തിങ്കളാഴ്ച തിരുവനന്തപുരത്ത് യോഗം ചേർന്ന് കേന്ദ്രസർക്കാരിന്റെ സഹകരണമേഖലയിലേക്കുള്ള കടന്നുകയറ്റത്തെക്കുറിച്ച് ചർച്ച ചെയ്യും. മറ്റ് സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങളുമായി വിഷയം ചർച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
ENGLISH SUMMARY;Control of the co-oper­a­tive sec­tor; Gov­ern­ment to the Supreme Court
YOU MAY ALSO LIKE THIS VIDEO;

Exit mobile version