ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് വിവാദങ്ങൾ ഉയർന്നപ്പോൾ ആളനക്കമില്ലാതെ തിയേറ്ററുകൾ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവന്ന ഷൂട്ടിങ്ങുകളും ഒരാഴ്ചയായി മുടങ്ങി. സൂപ്പർ താരങ്ങളടക്കമുള്ള മുൻനിര നടൻമാർ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതി കയറാൻ തുടങ്ങിയതോടെ ചിത്രീകരണം മാറ്റിവെയ്ക്കേണ്ട നിലയിലാണ് പ്രൊഡക്ഷൻ കൺട്രോളര്‍മാർ. തൊടുപുഴ, കാഞ്ഞാർ പ്രദേശങ്ങളിൽ നടന്നുവന്ന ഒരു മെഗാസ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിങ്ങും മുടങ്ങിയവയിൽപെടുന്നു. വയനാട് ദുരന്തത്തെ തുടർന്ന് മലബാർ മേഖലയിലെ തിയേറ്ററുകൾ ആഴ്ചകളായി ഉറങ്ങികിടക്കുകയാണ്. കൂനിൻമേൽ കുരു എന്ന പോലെയാണ് അതിനിടയിൽ സിനിമാ പീഡന വിവാദവും ഉയർന്നുവന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തീർത്ത് സെൻസറിങ് വരെ പൂർത്തിയായ ഓണം റിലീസ് സിനിമകളുടെ നിർമ്മാതാക്കളും വിതരണക്കാരും ഇതോടെ ആശങ്കയിലായി.
ഈ വർഷം തുടക്കത്തിൽ പുറത്തിറങ്ങിയ ആട് ജീവിതം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ്, ഭ്രമയുഗം, ആവേശം തുടങ്ങിയ ചിത്രങ്ങൾ പണം വാരിക്കൂട്ടിയെങ്കിലും സ്ഥിതി കീഴ്മേൽ മറിഞ്ഞു. സിനിമാ വിവാദം വരും ദിവസങ്ങളിൽ ഏത് തലത്തിൽ എത്തും എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങൾ. മമ്മൂട്ടി നായകനാകുന്ന ബസൂക്ക, മോഹൻലാൽ ചിത്രം ബറോസ്, രജനികാന്ത്, ഫഹദ് ഫാസിൽ, മഞ്ജുവാര്യർ എന്നിവർ മുഖ്യ വേഷത്തിൽ എത്തുന്ന തമിഴ് ചിത്രം വേട്ടയാൻ, ദുൽഖർ സൽമാന്റെ ലക്കി ബസാർ, ടോവിനോ തോമസ് ഡബിൾ റോളിലെത്തുന്ന ത്രീഡി ചിത്രം അജന്റെ രണ്ടാം മോഷണം, വിജയ് നായകനായ ദി ഗോട്ട്, കലൂർ ഡെന്നിസിന്റെ മക്കളായ ഡിനുവും ഡിനോയിയും അണിയിച്ചൊരുക്കുന്ന എന്നിട്ടും തുടങ്ങിയവയാണ് ഓണം റിലീസിന് ഒരുങ്ങിയിരിക്കുന്നത്. ഈ വർഷാരംഭം പുറത്തിറങ്ങിയ പല മലയാള ചിത്രങ്ങളും തമിഴ്‌നാട്ടിലെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. പ്രേമലു, ആന്ധ്രയ്ക്ക് പുറമെ തമിഴ്‌നാട്ടിലും ഉജ്ജ്വല വിജയം കരസ്ഥമാക്കി. പിന്നാലെ വന്ന മഞ്ഞുമ്മൽ ബോയ്സും തമിഴ്‌നാട്ടിൽ റെക്കോഡ് കളക്ഷൻ നേടി. ഒരു മലയാള സിനിമ തമിഴ്‌നാട്ടിൽ നേടിയ ഏറ്റവും വലിയ കളക്ഷനായ 60 കോടി ക്ലബ്ബിലാണ് ഈ സിനിമ എത്തിച്ചേർന്നത്. വർഷാരംഭം മലയാള സിനിമയ്ക്ക് ബ്ലോക്ക് ബസ്റ്റർ സീസണായപ്പോൾ ഒരു സിനിമ 200 കോടി ക്ലബ്ബിലും നാല് ചിത്രങ്ങൾ 100 കോടി ക്ലബ്ബിലും മറ്റ് നാല് ചിത്രങ്ങൾ 50 കോടി ക്ലബ്ബിലുമെത്തി. ആദ്യ ആറ് മാസത്തിനുള്ളിൽ ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ ബോക്സോഫിസ് ഹിറ്റുകൾ വാരിക്കൂട്ടുവാൻ മലയാള സിനിമയ്ക്ക് കഴിഞ്ഞിരുന്നു. ഇന്ത്യയിൽ ആദ്യത്തെ ആറ് മാസം 4000 കോടിയോളം ബോക്സോഫിസ് കളക്ഷൻ ലഭിച്ചപ്പോൾ 25 ശതമാനം സംഭാവന ചെയ്തത് മലയാള സിനിമയായിരുന്നു. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായി മാറി.
വിവാദങ്ങൾ സിനിമാവ്യവസായത്തെ പിന്നോട്ടടിച്ചപ്പോൾ ആളെ കുത്തിനിറച്ച തിയേറ്ററുകൾ കാലിയായി. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പുറത്തിറങ്ങിയ പല ചിത്രങ്ങളും ഒരാഴ്ചപോലും തികയ്ക്കാതെ തിയേറ്റർ വിട്ടു. ആളില്ലാത്തതിനാൽ ഷോകളും മുടങ്ങി. പ്രതികൂല സാഹചര്യം കണക്കിലെടുത്ത് പല സിനിമകളുടെയും റിലീസും മാറ്റി. അപ്പോഴും തെലുങ്കിൽ നിന്ന് മൊഴിമാറ്റിയെത്തിയ കൽക്കിയും തമിഴ് ചിത്രം മഹാരാജയും കേരളത്തിലെ കളക്ഷൻ വാരിക്കൂട്ടുകയായിരുന്നു. ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ പുറത്തിറങ്ങിയ ഭൂരിഭാഗം ചിത്രങ്ങൾക്കും കാലിടറിയപ്പോൾ സിനിമാവ്യവസായത്തിന് കനത്ത തിരിച്ചടിയായി. ഷാജികൈലാസ് സംവിധാനം ചെയ്‌ത ഭാവന ചിത്രം ഹണ്ട്, മഞ്ജുവാര്യരുടെ ഫുൾട്ടേജ്, മീരാ ജാസ്‌മിന്റെ പാലും പഴവും തുടങ്ങിയവ തിയേറ്റർ വിട്ടു. ആദ്യത്തെ ആറ് മാസത്തിനുശേഷം ഒരു ഹിറ്റ് പോലും ഉണ്ടായില്ല. ജൂണിന് ശേഷം നാൽപ്പതോളം ചെറുതും വലുതുമായ ചിത്രങ്ങൾ പുറത്തിറങ്ങി. ഇതിൽ ഗോളം, നുണക്കുഴി, വാഴ എന്നീ മൂന്ന് ചിത്രങ്ങൾക്ക് മാത്രമാണ് മുടക്കുമുതൽ തിരിച്ചുപിടിക്കാനായത്.