Site iconSite icon Janayugom Online

കരിനിയമം പ്രാബല്യത്തില്‍; വിവാദ തൊഴില്‍ കോഡുകള്‍ വി‍ജ്ഞാപനം ചെയ്തു

ഏറെ വിവാദമായ നാല് തൊഴില്‍ ചട്ടങ്ങള്‍ പ്രാബല്യത്തിലാക്കി മോഡി സര്‍ക്കാര്‍. നിലവിലുണ്ടായിരുന്ന 29 തൊഴിൽ നിയമങ്ങളെ ക്രോഡീകരിച്ചാണ് വേജസ് കോഡ്, ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്, സോഷ്യൽ സെക്യൂരിറ്റി കോഡ്, ഒക്യുപേഷണൽ സേഫ്റ്റി കോഡ് എന്നിങ്ങനെ മാറ്റിയത്.

തൊഴിലാളി സംഘടനകള്‍ ഉയര്‍ത്തിയ കടുത്ത എതിര്‍പ്പ് മറികടന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. “തൊഴിൽ സൗഹൃദം” എന്ന പേരിൽ കോർപ്പറേറ്റുകളെ സഹായിക്കുന്ന നിയമങ്ങളാണിതെന്നും തൊഴിലാളികൾ വർഷങ്ങളായി പോരാടി നേടിയെടുത്ത അവകാശങ്ങൾ കവർന്നെടുക്കുന്നതാണെന്നും ട്രേഡ് യൂണിയനുകള്‍ ആരോപിക്കുന്നു.
തൊഴിലാളികളുടെ പിരിച്ചുവിടൽ എളുപ്പമാക്കുന്നുവെന്നതാണ് പ്രധാന വിമര്‍ശനം. ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് പ്രകാരം, 300ൽ താഴെ തൊഴിലാളികളുള്ള വ്യവസായ സ്ഥാപനങ്ങൾക്ക് സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ തന്നെ തൊഴിലാളികളെ പിരിച്ചുവിടാനോ സ്ഥാപനം പൂട്ടാനോ സാധിക്കും. നേരത്തെ 100 തൊഴിലാളികൾ എന്നതായിരുന്നു പരിധി. ഇത് തൊഴിൽ സുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്ന് യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു.

പുതിയ നിയമപ്രകാരം ഏതൊരു വ്യവസായ സ്ഥാപനത്തിലെയും തൊഴിലാളികൾക്ക് പണിമുടക്കണമെങ്കിൽ 14 ദിവസം മുമ്പ് നോട്ടീസ് നൽകണം. കൂടാതെ, ട്രിബ്യൂണലിലോ ലേബർ കോടതിയിലോ തർക്കപരിഹാര നടപടികൾ നടക്കുമ്പോഴും വിധി വന്ന ശേഷം ഏഴ് ദിവസത്തേക്കും പണിമുടക്കാൻ പാടില്ല. ഇത് പ്രായോഗികമായി പണിമുടക്കാനുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്ന് വിമർശിക്കപ്പെടുന്നു.

സ്ഥിരനിയമനത്തിന് പകരം നിശ്ചിത കാലയളവിലേക്കുള്ള കരാർ നിയമനങ്ങളെ പുതിയ കോഡുകൾ പ്രോത്സാഹിപ്പിക്കുന്നു. ഇതോടെ സ്ഥിരജോലി എന്ന സങ്കല്പം ഇല്ലാതാകും. തൊഴിലുടമയ്ക്ക് എപ്പോൾ വേണമെങ്കിലും കരാർ പുതുക്കാതിരിക്കാൻ സാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

തൊഴിൽ സമയം എട്ട് മണിക്കൂറിൽ നിന്ന് 12 മണിക്കൂർ വരെയാക്കാൻ കമ്പനികൾക്ക് അനുമതി നൽകുന്ന വ്യവസ്ഥകൾ കോഡിലുണ്ട്. ആഴ്ചയിൽ 48 മണിക്കൂർ ജോലി എന്ന പരിധി നിലനിർത്തുമ്പോഴും, ദിവസേനയുള്ള ജോലി സമയം വര്‍ധിക്കുന്നത് തൊഴിലാളികളുടെ ആരോഗ്യത്തെയും കുടുംബജീവിതത്തെയും ബാധിക്കും. യൂണിയനുകൾ രൂപീകരിക്കുന്നതിനും അവയ്ക്ക് അംഗീകാരം ലഭിക്കുന്നതിനും കടുത്ത നിബന്ധനകളും ഏർപ്പെടുത്തിയിട്ടുണ്ട്.

തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്ന ‘ലേബർ ഇൻസ്‌പെക്ടർ’ എന്ന തസ്തികയുടെ പേര് ‘ഫെസിലിറ്റേറ്റർ’ എന്നാക്കി മാറ്റി. മിന്നൽ പരിശോധനകൾ ഒഴിവാക്കി, വെബ് അധിഷ്ഠിത പരിശോധനകൾ കൊണ്ടുവരുന്നത് നിയമലംഘനങ്ങൾ തടയുന്നതിനുള്ള നടപടികളെ ദുര്‍ബലമാക്കും. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും ഗിഗ് വർക്കർമാർക്കും സാമൂഹ്യ സുരക്ഷാ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഇതിനാവശ്യമായ ഫണ്ട് എവിടെ നിന്ന് കണ്ടെത്തുമെന്നതിൽ വ്യക്തതയില്ല.

Exit mobile version