കൊച്ചി മേയറിനെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷം. എ, ഐ ഗ്രൂപ്പുകൾ കച്ചമുറക്കി രംഗത്തെത്തിയതോടെ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമായി. ഇവിടെ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ചചെയ്തിട്ട് കാര്യങ്ങള്‍ കരയ്ക്ക് അടുപ്പിക്കാനാവാത്ത അവസ്ഥയാണ്. മേയര്‍ ലത്തീന്‍ സമുദായത്തിന് നല്‍കണമെന്ന ആവശ്യം ശക്തമായി നിലനില്‍ക്കുന്നുണ്ട്. അതില്‍തന്നെ കൊച്ചിരൂപത വേണോ വരാപ്പുഴ അതിരൂപത വേണോ എന്ന ചര്‍ച്ചയും മുറുകിയിട്ടുണ്ട്.
ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ജയിച്ച ഷൈനി മാത്യുവിനായി എ ഗ്രൂപ്പ് ഒന്നിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വർഗീസിനും പാലാരിവട്ടം ഡിവിഷനില്‍ നിന്ന് ജയിച്ച മിനിമോൾക്കുമായി ഐ ഗ്രൂപ്പിൽ തർക്കമാണ്. ജയിച്ചുവന്നവരില്‍ പതിനെട്ടുപേര്‍ ലത്തീന്‍ സമുദായക്കാരാണെന്ന് നേതാക്കള്‍ പറയുന്നുണ്ട്. അതില്‍ മൂന്നുപേര്‍ കൊച്ചിക്കുകീഴിലും മറ്റുള്ളവര്‍ വരാപ്പുഴയ്ക്കുകീഴിലുമാണ് വരുന്നതെന്നാണ് നേതാക്കളുടെ കണക്കെടുപ്പില്‍ വ്യക്തമായിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തില്‍ മേയര്‍ വരാപ്പുഴയില്‍നിന്ന് വേണമെന്ന് വാദിക്കുന്ന നേതാക്കളുണ്ട്.

