Site iconSite icon Janayugom Online

മഴയും വന്നില്ല, മലിനീകരണവും കുറഞ്ഞില്ല; കൃത്രിമ മഴയെ ചൊല്ലി ഡല്‍ഹിയില്‍ വിവാദം

വായു മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ കൃത്രിമ മഴപെയ്യിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് പിന്നാലെ രാഷ്ട്രീയ വിവാദങ്ങളും കനക്കുന്നു. ചൊവ്വാഴ്ച നടത്തിയ ക്ലൗഡ് സീഡിങ് പരാജയപ്പെടുകയും ബുധനാഴ്ച നിശ്ചയിച്ച പരീക്ഷണങ്ങള്‍ മാറ്റിവച്ചതിന്റെയും പശ്ചാത്തലത്തിലാണ് വിവാദം. ഈ മാസം 22നും കഴിഞ്ഞ ചൊവ്വാഴ്ചയുമായി 3 തവണയാണ് ഡല്‍ഹിക്ക് മുകളില്‍ ക്ലൗഡ് സീഡിങ് നടത്തി കൃത്രിമ മഴ പെയ്യിക്കാന്‍ ശ്രമിച്ചത്. 3.21 കോടി രൂപ മുടക്കിയായിരുന്നു സര്‍ക്കാര്‍ ക്ലൗഡ് സീഡിങ് നടത്തിയത്. എന്നാല്‍ മേഘങ്ങളില്‍ ആവശ്യത്തിന് ഈര്‍പ്പമില്ലാത്ത സാഹചര്യമാണ് ദൗത്യം പ്രതീക്ഷിച്ച നേട്ടം കൈവരിക്കാതിരുന്നത് എന്നാണ് ഐഐടി കാണ്‍പുര്‍ നല്‍കുന്ന വിശദീകരണം. രാജ്യ തലസ്ഥാനത്തെ വായുമലിനീകരണം പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ട ബിജെപി സര്‍ക്കാര്‍ ജാള്യത മറയ്ക്കാന്‍ കോടികള്‍ ചെലവിട്ട് പരീക്ഷണം നടത്തുന്നു എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. ഡല്‍ഹി ക്ലൗഡ് സീഡിങ്ങിന് അനുയോജ്യമല്ലെന്ന് കാലാവസ്ഥ, അന്തരീക്ഷത്തിലെ രാസഘടകങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടി മൂന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പാര്‍ലമെന്റിനെ അറിയിച്ചതാണ്. എന്നിട്ടും കോടികള്‍ ചെലവിട്ട് പരീക്ഷണം നടത്തുന്നത് ജനങ്ങളെ പറ്റിക്കാനാണെന്നും എഎപി നേതാവ് സൗരഭ് ഭരദ്വാജ് കുറ്റപ്പെടുത്തി.

ക്ലൗഡ് സീഡിങ് പരീക്ഷണങ്ങള്‍ വിജയമാണെന്നാണ് ബിജെപിയുടെ വാദം. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടത്തിലുള്ള അസൂയയാണ് എഎപി നേതാക്കളുടെ പ്രതികരണത്തിന് പിന്നിലെന്നാണ് ഡല്‍ഹി പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിങ് സിര്‍സയുടെ നിലപാട്. എഎപി ക്ലൗഡ് സീഡിങ് നടത്തി പരാജയപ്പെട്ടിരുന്നു. അവിടെ ബിജെപി സര്‍ക്കാര്‍ വിജയിച്ചപ്പോള്‍ ആരോപണങ്ങള്‍ ഉന്നയിച്ച് വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു എന്നാണ് ബിജെപി നിലപാട്.ചൊവ്വാഴ്ച നടത്തിയ രണ്ട് ക്ലൗഡ് സീഡിങ് പരീക്ഷണങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ മഴ പെയ്തിരുന്നു. എന്നാല്‍ നോയിഡയിലും ഗ്രേറ്റര്‍ നോയിഡയിലും നേരിയ മഴ മാത്രമാണ് ലഭിച്ചത്. പരീക്ഷണം നടത്തിയ ബുറാഡി, നോര്‍ത്ത് കരോള്‍ ബാഗ്, മയൂര്‍ വിഹാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മലിനീകണത്തിന്റെ തോതില്‍ ആറ് മുതല്‍ പത്ത് ശതമാനം വരെ കുറവുണ്ടായെന്ന് ഐഐടി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൃത്രിമ മഴയെ സംബന്ധിച്ച് വിവാദങ്ങള്‍ തുടരുമ്പോഴും ഡല്‍ഹിയിലെ വായുഗുണനിലവാര സൂചിക (എക്യുഐ) അപകടാവസ്ഥയില്‍ തുടരുകയാണ്. ഡല്‍ഹിയില്‍ എക്യുഐ 300നു മുകളില്‍ ആണ് സൂചികയുള്ളത്.

Exit mobile version