Site iconSite icon Janayugom Online

പരസ്യത്തെച്ചൊല്ലിയുള്ള വിവാദം; കാനഡയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാകുന്നു, ച‍ര്‍ച്ചകള്‍ അവസാനിപ്പിക്കുകയാണെന്ന് ട്രംപ്

പരസ്യവുമായി ബന്ധപ്പെട്ട് പൊട്ടിപ്പുറപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ അമേരിക്കയും കാനഡയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നു. കാനഡയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ അവസാനിപ്പിക്കുകയാണെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് കാനഡ. കഴിഞ്ഞ ആഴ്ചയാണ് വിദേശ ഉത്പ്പന്നങ്ങള്‍ക്കെതിരായ തീരുവകളെ വിമര്‍ശിക്കുന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് റീഗന്‍റെ ഓഡിയോ ആധാരമാക്കിയുള്ള വീഡിയോ കാനഡ പുറത്തുവിട്ടത്. ഇത് ട്രംപിനെ പ്രകോപിപ്പിക്കുകയായിരുന്നു. 

പ്രസ്തുത പ്രസംഗത്തില്‍ തീരുവകള്‍ അമേരിക്കന്‍ തൊഴിലാളികളെയും ഉപഭോക്താക്കളെയും ദോഷകരമായി ബാധിക്കുമെന്നും ഇത് കടുത്ത വ്യാപാര യുദ്ധങ്ങള്‍ക്ക് കാരണമാകുമെന്നും റീഗന്‍ പറഞ്ഞിരുന്നു. ഈ ഓഡിയോയാണ് കാനഡ പരസ്യത്തില്‍ ഉപയോഗിച്ചത്. ഇതില്‍ പ്രകോപിതനായ ട്രംപ് റൊണാൾഡ് റീഗൻ തീരുവകളെക്കുറിച്ച് സംസാരിക്കുന്നത് കാനഡ വഞ്ചനാപരമായി ഉപയോഗിച്ചുവെന്നും അവരുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും അവസാനിപ്പിക്കുകയാണെന്നും പ്രഖ്യാപിക്കുകയായിരുന്നു. കാനഡ വളരെക്കാലമായി യുഎസിന്റെ പ്രധാന വ്യാപാര പങ്കാളിയാണ്. കഴിഞ്ഞ വർഷം യുഎസ് 411.9 ബില്യൺ ഡോളറിന്റെ സാധനങ്ങൾ കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നു. 

Exit mobile version