കെപിസിസി പുനഃസംഘടനയിലെ തർക്കം തീരുന്നില്ല. കെപിസിസി നേതൃത്വത്തിന് എതിരെ ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തിൽ കടുത്ത വിമർശനമാണ് നേതാക്കൾ ഉന്നയിച്ചത്. കൂടാതെ ഹൈക്കമാൻഡിന് മുന്നിലും പരസ്പരം തമ്മിലടി തുടരുകയാണ് നേതാക്കൾ. ചില നേതാക്കൾ തന്നെയാണ് പാർട്ടിയിൽ അനൈക്യം ഉണ്ടാക്കുന്നതെന്നും, ഇങ്ങനെ പോയാൽ പാർട്ടി വെള്ളത്തിൽ ആകുമെന്നും കെ സുധാകരൻ തുറന്നടിച്ചു. ഐക്യത്തോടെ മുന്നോട്ട് പോയെ പറ്റൂ എന്ന് എഐസിസി നിർദേശിച്ചു.
കേരളത്തിലെ നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ചർച്ചയിൽ കെപിസിസി അധ്യക്ഷന്റെ പ്രവർത്തന ശൈലിയിൽ നേതാക്കൾ അമർഷം രേഖപ്പെടുത്തി. പ്രസിഡന്റ് പാർട്ടിയിൽ വിഷയങ്ങൾ ഉണ്ടാകുമ്പോൾ കൂടിയാലോചന നടത്തുന്നില്ലെന്നും രാഷ്‌ട്രീയകാര്യ സമിതിയും കെപിസിസി യോഗങ്ങളും നടക്കുന്നില്ലെന്നുമാണ് വിമർശനം.
തെരഞ്ഞെടുപ്പ്കൾ പടിവാതിൽക്കൽ നിൽക്കെ കേരളത്തിലെ പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എഐസിസി അടിയന്തിര യോഗം വിളിച്ചത്. ഭാരവാഹി പട്ടികയിൽ തഴഞ്ഞതിൽ കടുത്ത അതൃപ്തി നേരത്തെ പരസ്യമാക്കിയ നേതാക്കളെ അടക്കം മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെസി വേണുഗോപാലും പ്രത്യേകം പ്രത്യേകം കണ്ടെങ്കിലും മഞ്ഞുരുകിയില്ല എന്നാണ് സൂചന.

