നെഹ്രുട്രോഫി ജലോത്സവത്തിന്റെ ഫലപ്രഖ്യാപനത്തെ ചൊല്ലി തർക്കം. കാരിച്ചാൽ ചുണ്ടനെ വിജയിയായി പ്രഖ്യാപിച്ചതിനെതിരെ വീയപുരം ചുണ്ടൻ തുഴഞ്ഞ കൈനകരി വിബിസി ബോട്ട് ക്ലബ് എൻ ടി ബി ആർ സൊസൈറ്റിക്ക് പരാതിനൽകി. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടനാണു ഒന്നാമതെത്തിയത്. 0.5 മൈക്രോസെക്കൻഡിന്റെ വ്യത്യാസത്തിലാണ് കാരിച്ചാൽ ഒന്നാമതെത്തിയത്. ഇലക്ട്രോണിക് സംവിധാനത്തിലാണു ജേതാക്കളെ നിശ്ചയിച്ചത്. കളക്ടറുടെ നേതൃത്വത്തിൽ പരാതി പരിശോധിച്ചു കാരിച്ചാലിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. വിജയി കാരിച്ചാലോ വീയപുരമോ എന്നത് ഡിജിറ്റൽ ഉപകരണങ്ങളുടെ സഹായത്താലാണ് കണ്ടെത്തിയതെന്നാണ് സംഘാടക സമിതി പറയുന്നത്. ഇക്കാര്യം തങ്ങൾക്ക് ബോധ്യപ്പെടണമെന്നും വിഡിയോ കാണണമെന്നും ആവശ്യപ്പെട്ട് വീയപുരം ചുണ്ടനിലെ തുഴച്ചിലുകാർ നെഹ്റു പവിലിയനിലേക്ക് എത്തി. തുഴച്ചിലുകാർ സംഘാടകരുമായി തർക്കിക്കവേ പവിലിയനിലെ ലൈറ്റുകൾ ഓഫ് ചെയ്തു. പ്രതിഷേധവുമായി രംഗത്തെത്തിയ വീയപുരം ചുണ്ടനിലെ തുഴച്ചിൽകാർക്കു നേരെ പൊലീസ് ലാത്തി വീശി . നിരവധി തുഴച്ചിൽകാർക്ക് പരിക്കേറ്റു. മൂന്നുപേർ ആശുപത്രിയിൽ ചികിത്സ തേടി. സന്ദീപ്, അനന്തു, എബിൻ വർഗീസ് എന്നിവരാണ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.