Site iconSite icon Janayugom Online

വിവാഹ സാരിയെ ചൊല്ലി തര്‍ക്കം; യുവതിയെ പ്രതിശ്രുത വരന്‍ ഇരുമ്പ് വടികൊണ്ട് അടിച്ച് കൊ ലപ്പെടുത്തി

വിവാഹത്തിന് ഒരു മണിക്കൂർ മാത്രം ശേഷിക്കെ പ്രതിശ്രുത വധുവിനെ യുവാവ് ഇരുമ്പ് വടികൊണ്ട് അടിച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രി ഗുജറാത്തിലെ ഭാവ്‌നഗറിലാണ് നാടിനെ നടുക്കിയ സംഭവം. കൊല്ലപ്പെട്ടത് സോണി ഹിമ്മത് റാത്തോഥ് എന്ന യുവതിയാണ്. സംഭവത്തിൽ പ്രതിയായ സാജൻ ബരായയെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹത്തിന് വാങ്ങിയ സാരിയെ ചൊല്ലിയും അതിനായി ചെലവഴിച്ച പണത്തെ ചൊല്ലിയുമുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 

വിവാഹച്ചടങ്ങുകൾ ഇതിനിടെ ആരംഭിച്ചിരുന്നു. തർക്കം മൂത്തതോടെ നിയന്ത്രണം വിട്ട സാജൻ കൈയിൽ കിട്ടിയ ഇരുമ്പ് വടികൊണ്ട് സോണിയുടെ തലയ്ക്ക് അടിക്കുകയും തുടർന്ന് തല പിടിച്ച് ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തു. സോണി മരിച്ചെന്ന് ഉറപ്പായതോടെ വിവാഹത്തിനായി ഒരുങ്ങിയ വേഷത്തിൽ സാജൻ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ പൊലീസ് സാജനെ പിന്തുടർന്ന് പിടികൂടുകയും കൊലക്കുറ്റം ചുമത്തി കേസെടുക്കുകയുമായിരുന്നു. ദീർഘനാളായി പ്രണയത്തിലായിരുന്ന സാജനും സോണിയും വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷമായി ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നും പൊലീസ് അറിയിച്ചു. 

Exit mobile version