സിപിഐ(എം) നേതാവ് കെ ജെ ഷൈനിനെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍, കെ എം ഷാജഹാനെതിരെ പോസ്റ്ററും ഫ്ലക്സ് ബോര്‍ഡുകളും. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വീടിന് സമീപമാണ് പോസ്റ്ററുകൾ ഒട്ടിച്ചിരിക്കുന്നത്. സ്ത്രീത്വത്തെ യൂട്യൂബിൽ വിറ്റു ജീവിക്കുന്ന വിവാദങ്ങളുടെ വിൽപനക്കാരനാണ് കെ എം ഷാജഹാനെന്നും വിഷം തുപ്പുന്ന അദ്ദേഹത്തിന്റെ നാവ് പിഴുതെറിയണമെന്നുമാണ് പോസ്റ്ററിൽ എഴുതിയിട്ടുള്ളത്. സ്ത്രീത്വത്തെ അപമാനിക്കുന്ന ഷാജഹാൻ സാമൂഹ്യ വിപത്ത് എന്നും എഴുതിയ പോസ്റ്ററുകളുണ്ട്. ചെറുവയ്ക്കൽ ജനകീയ സമിതിയുടെ പേരിലാണ് പോസ്റ്ററുകളും ഫ്ലക്‌സും പതിച്ചിരിക്കുന്നത്.
ഷൈനിനെതിരായ അപകീര്‍ത്തി പരാമര്‍ശവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി ഷാജഹാന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. റെയ്ഡിൽ ഷാജഹാന്റെ ഐഫോൺ പിടിച്ചെടുത്തിരുന്നു. എറണാകുളം റൂറല്‍ സൈബര്‍ ടീമും പറവൂര്‍ പൊലീസുമാണ് തിരുവനന്തപുരം ഉള്ളൂരിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി പരിശോധന നടത്തിയത്. ഷാജഹാന്‍ വീട്ടിലുള്ളസമയത്തായിരുന്നു പരിശോധന. രാത്രി ഒമ്പത് മണിയോടെയാണ് സംഘം വീട്ടിലെത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ സംഘം ഷാജഹാന് നോട്ടീസ് നൽകിയിരുന്നു.

