Site iconSite icon Janayugom Online

വിവാദം ആസൂത്രിതം: ഹിജാബിലൂടെ തീവ്ര ഹിന്ദുത്വം ആളിക്കത്തിക്കാന്‍ നീക്കം

ഉഡുപ്പിയില്‍ ആരംഭിച്ച ഹിജാബ് വിവാദം ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം ഉറപ്പുവരുത്താന്‍ തീവ്ര ഹിന്ദുത്വ ഉന്മാദം ആളിക്കത്തിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമെന്ന് നിരീക്ഷകര്‍.
പശ്ചിമ യുപിയിലെ ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാന്തരമായാണ് പൊടുന്നനെ ഉഡുപ്പിയിലെ ഹിജാബ് വിവാദം കൊഴുക്കുന്നത്. കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് ജാട്ട്-മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന ഐക്യവും എസ്‌പി-ആര്‍എല്‍ഡി സഖ്യവും തീവ്രഹിന്ദുത്വ രാഷ്ട്രീയത്തെ പിന്തള്ളി മുന്‍നിരയില്‍ സ്ഥാനംപിടിച്ചത് ബിജെപി സംഘപരിവാര്‍ വൃത്തങ്ങളെ തെല്ലൊന്നുമല്ല അമ്പരിപ്പിച്ചത്. അതിനോടുള്ള തീവ്രഹിന്ദുത്വ ശക്തികളുടെ പ്രതികരണമായാണ് പെട്ടെന്നുതന്നെ ദേശീയ മാനം കൈവരിക്കുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്നുപിടിക്കുകയും ചെയ്യുന്ന ഹിജാബ് വിവാദമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
തീവ്രഹിന്ദുത്വത്തിന്റെ ആസ്ഥാനമാണ് നാഗ്പുരെങ്കിലും രാജ്യത്ത് ആര്‍എസ്എസ് ശാഖകളുടെ സാന്ദ്രതയുടെ കാര്യത്തില്‍ ഉഡുപ്പി ഉള്‍പ്പെടുന്ന കര്‍ണാടക തീരദേശമാണ് ഒന്നാം സ്ഥാനത്ത്. ആര്‍എസ്എസ് മുന്നണി സംഘടനകളായ വിശ്വഹിന്ദുപരിഷത്, ബജ്‌രംഗ്‌ദള്‍ എന്നിവയ്ക്കും പ്രാദേശിക ഹിന്ദുത്വ സംഘടനയായ ശ്രീറാം സേനയ്ക്കും ആഴത്തില്‍ വേരോട്ടമുള്ള മേഖലയാണിത്. മംഗളുരു പബുകളില്‍ ശ്രീറാം സേന പെണ്‍കുട്ടികള്‍ക്ക് നേരെ നടത്തിയ ആക്രമണം, കല്‍ബുര്‍ഗി വധം തുടങ്ങി നിരവധി സദാചാര ഗുണ്ടായിസങ്ങള്‍ക്കും കൊലപാതകമടക്കം അക്രമങ്ങള്‍ക്കും മേഖല സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട്.
കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ഉടുപ്പി സംഭവത്തെ തുടര്‍ന്ന് അരങ്ങേറിയ ഒറ്റപ്പെട്ട സംഭവങ്ങളെ ഒറ്റ പാക്കേജായി അവതരിപ്പിച്ച് രാജ്യത്താകെ തീവ്ര ഹിന്ദുത്വം ആളിക്കത്തിക്കാന്‍ സംഘി മാധ്യമങ്ങള്‍ ആസൂത്രിതമായി രംഗത്ത് വന്നു. അവസരത്തെ മുതലെടുക്കാന്‍ ന്യൂനപക്ഷ തീവ്രവാദ സംഘടനകളും അണിനിരന്നതോടെ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സംസ്കാരവും വസ്ത്രധാരണമടക്കം ജീവിത രീതിയും നിരീക്ഷണത്തിലായി. ഈ അന്തരീക്ഷം മുതലെടുത്ത് ഏകീകൃത സിവില്‍കോഡ് അടക്കം ഹിന്ദുത്വ അജണ്ടകള്‍ രാഷ്ട്രീയ സംവാദത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കാനും ശ്രമം ശക്തമാണ്.

ഭരണഘടനാ വിരുദ്ധം

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഹിജാബ് വിഷയത്തില്‍ പ്രതികരിച്ച് നിയമ വിദഗ്ധര്‍. ഹിജാബിനെതിരെ നടക്കുന്ന പ്രതിഷേധം മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് മുതിര്‍ന്ന അഭിഭാഷക മീനാക്ഷി അറോറ പറഞ്ഞു. ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ ഇല്ലാതാക്കുമെന്നും അവര്‍ പറഞ്ഞു.
ഹിജാബ് ഉപയോഗിക്കുന്നതിനെയും കാവി ഷാള്‍ ധരിക്കുന്നതിനെയും ഒരുപോലെ കാണാന്‍ കഴിയില്ലെന്ന് അഡ്വ. വൃന്ദ ഗ്രോവര്‍ പറഞ്ഞു. പൊതു ഇടങ്ങളിൽ സ്ത്രീകളുടെ സുരക്ഷ അപകടത്തിലാക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം തടസപ്പെടുത്തുകയും ചെയ്യുന്ന രീതിയിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നുവന്നിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ഒരാള്‍ക്ക് ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കാനുള്ള അവകാശം എന്നത് മതപരമായ ആചാരമായി തോന്നുന്നത് സ്വീകരിക്കാനുള്ള അവകാശം കൂടി ഉറപ്പു നല്‍കുന്നതാണെന്ന് നല്‍സാര്‍ നിയമ യൂണിവേഴ്സിറ്റി പ്രൊഫ. ഫൈസാന്‍ മുസ്തഫ പറഞ്ഞു. മതപരമായ ആചാരങ്ങളുടെ പേരില്‍ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നഷ്ടമാകുന്നില്ലെന്ന് ഉറപ്പാക്കാൻ ഭരണകൂടം സംയമനം പാലിക്കുകയും ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുകയും വേണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ദാവെ പറഞ്ഞു. അഭിഭാഷകരായ ജെ സായ് ദീപക്, നിഖില്‍ മെഹ്റ, അമിന്‍ സോല്‍കര്‍, അഞ്ജന പ്രകാശ് തുടങ്ങിയവരും സമാന അഭിപ്രായം പങ്കുവച്ചു.

അപലപിച്ച് യുഎസ്: വിദേശ ഇടപെടല്‍ ആവശ്യമില്ലെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിവാദം മതസ്വാതന്ത്ര്യത്തിനെതിരാണെന്ന് യുഎസ്. എന്നാല്‍ ഹിജാബ് വിഷയം ആഭ്യന്തരവിഷയമാണെന്നും ഇതില്‍ വിദേശ ഇടപെടല്‍ ആവശ്യമില്ലെന്നും ഇന്ത്യ പ്രതികരിച്ചു.
കര്‍ണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. നമ്മുടെ ഭരണഘടനാ ചട്ടക്കൂടും സംവിധാനവും ജനാധിപത്യ ധർമ്മവും രാഷ്ട്രീയവുമാണ് ഇത്തരം സമയങ്ങളിൽ കണക്കിലെടുക്കേണ്ടതെന്ന് വിദേശ ഇടപെടലുകളെക്കുറിച്ച് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍ ചില താല്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രതികരണങ്ങള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്കൂളുകളിലെ ഹിജാബ് നിരോധനം മതസ്വാതന്ത്ര്യത്തെ ലംഘിക്കുകയും സ്ത്രീകളെയും പെൺകുട്ടികളെയും അപകീർത്തിപ്പെടുത്തുകയും പാർശ്വവത്കരിക്കുകയും ചെയ്യുന്നതാണെന്ന് യുഎസ് അംബാസഡർ റാഷിദ് ഹുസൈൻ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഹിജാബ് വിഷയത്തില്‍ ആദ്യമായി പരസ്യപ്രതികരണം നടത്തുന്ന അമേരിക്കന്‍ പ്രതിനിധിയാണ് ഹുസൈന്‍.
അതിനിടെ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പൊതുവായ ഡ്രസ് കോഡ് വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.

Eng­lish Sum­ma­ry: Con­tro­ver­sy planned: Move to light­en extreme Hin­dut­va through hijab

You may like this video also

Exit mobile version