Site iconSite icon Janayugom Online

കര്‍ണാടകയില്‍ തര്‍‌ക്കം രൂക്ഷം; സമ്മര്‍ദ തന്ത്രം ഫലിച്ചില്ല, സിദ്ധരാമയ്യ തുടര്‍ന്നേക്കും

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ഡി കെ ശിവകുമാര്‍-സിദ്ധരാമയ്യ തര്‍ക്കം രൂക്ഷമാകുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ നേതൃമാറ്റം എന്ന ആവശ്യം ശക്തമാക്കുകയാണ് ഡി കെ ശിവകുമാര്‍ പക്ഷം. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡില്‍ സമ്മര്‍ദം ശക്തമാക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ വീണ്ടും ഡല്‍ഹിയിലെത്തി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്നാമത്തെ എംഎല്‍എമാരുടെ സംഘമാണ് ഡല്‍ഹി സന്ദര്‍ശനത്തിന് മുതിര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രി പദവി ശിവകുമാറിന് കൈമാറണമെന്നാണ് ഞായറാഴ്ച ഡല്‍ഹിയിലെത്തിയ സംഘത്തിന്റെയും ആവശ്യം. ആറ് കോണ്‍ഗ്രസ് എംഎല്‍എമാരാണ് ഹൈക്കമാന്‍ഡുമായി അടിയന്തര കൂടിക്കാഴ്ച ആവശ്യപ്പെട്ട് തലസ്ഥാനത്ത് എത്തിയത്. കഴിഞ്ഞയാഴ്ച ശിവകുമാറിനെ പിന്തുണയ്ക്കുന്ന 10 എംഎൽഎമാർ ന്യൂഡൽഹിയിലെത്തി എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാർഗെയെ കണ്ടിരുന്നു.

അതേസമയം ഹൈക്കമാൻഡ് തീരുമാനിച്ചാൽ താന്‍ മുഖ്യമന്ത്രിയായി തുടരുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. എന്ത് തീരുമാനിച്ചാലും ഞാൻ അത് സ്വീകരിക്കും. ശിവകുമാറും സ്വീകരിക്കണമെന്ന് സിദ്ധരാമയ്യ പറഞ്ഞു. സിദ്ധരാമയ്യ നേരത്തെ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവില്‍ 80 ലധികം എംഎല്‍എമാര്‍ സിദ്ധരാമയ്യയെ പിന്തുണയ്ക്കുന്നവരുണ്ട്. ദളിത് വിഭാഗത്തിൽ നിന്നുള്ള ഒരാൾ മുഖ്യമന്ത്രിയാകണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ, ആഭ്യന്തരമന്ത്രിയും മുൻ കെപിസിസി പ്രസിഡന്റുമായ ജി പരമേശ്വരയും രംഗത്ത് വന്നിരുന്നു, നേതൃമാറ്റം സംബന്ധിച്ച വിഷയത്തില്‍ സംസ്ഥാനത്തും ചര്‍ച്ചകള്‍ സജീവമാണ്. ഡി കെ ശിവകുമാറും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ കെ ജെ ജോര്‍ജും നടത്തിയ കൂടിക്കാഴ്ച ഇതിന്റെ ഭാഗമായിരുന്നു. സിദ്ധരാമയ്യയോട് അടുപ്പമുള്ള നേതാവാണ് കെ ജെ ജോര്‍ജ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ബംഗളൂരുവിലുണ്ട്. ശിവകുമാറിനെ അനുകൂലിക്കുന്ന എച്ച് സി ബാലകൃഷ്ണ, കെ എം ഉദയ്, നയന മോട്ടമ്മ, ഇഖ്ബാൽ ഹുസൈൻ, ശരത് ബച്ചെ ഗൗഡ, ശിവഗംഗ ബസവരാജ് എന്നിവരാണ് ഡൽഹിയിലുള്ള എംഎൽഎമാർ. 

അധികാരം പങ്കുവയ്ക്കൽ കരാറിനെക്കുറിച്ചുള്ള വാഗ്ദാനം മാന്യമായി പാലിക്കണം എന്നാണ് ശിവകുമാർ പക്ഷം ഹൈക്കമാൻഡിനോട് ആവശ്യപ്പെടുന്നത്. എന്നാല്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരുമെന്ന സൂചനകളും ഇന്നലെ പുറത്തുവന്നു. കുറച്ചു കൂടി കാത്തിരിക്കാന്‍ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനോട് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. അനാവശ്യ പ്രതിസന്ധി ഉണ്ടാക്കരുതെന്ന് എംഎല്‍എമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version